വൈറല്‍ 'ബസ് സ്‌റ്റോപ്പ്' ചിത്രം; 'സത്യാവസ്ഥ ഇത്', മറുപടിയുമായി ജലീല്‍
ചിത്രം സത്യമാണോയെന്ന കമന്റ് ബോക്‌സിലെ ചോദ്യങ്ങള്‍ക്കാണ് ജലീലിന്റെ മറുപടി.
മലപ്പുറം: സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുന്ന 'ബസ് സ്‌റ്റോപ്പ്' ചിത്രത്തില്‍ മറുപടിയുമായി കെടി ജലീല്‍. ഫോട്ടോഷോപ്പ് ചെയ്ത് ഉണ്ടാക്കിയതാണ് ചിത്രമെന്ന് ജലീല്‍ പറഞ്ഞു. ചിത്രം സത്യമാണോയെന്ന കമന്റ് ബോക്‌സിലെ ചോദ്യങ്ങള്‍ക്കാണ് ജലീലിന്റെ മറുപടി.
ചിത്രം പങ്കുവച്ചുള്ള ചോദ്യങ്ങള്‍ക്ക് ജലീല്‍ നല്‍കിയ മറുപടി: ''പച്ചകള്ളം. ഫോട്ടോഷോപ്പ് ചെയ്ത് ഉണ്ടാക്കിയതാണ്. ഏത് സ്ഥലത്താണ് ഉണ്ടാക്കിയതെന്ന് ബോര്‍ഡില്‍ എഴുതാത്തത് നുണ പൊളിയും എന്നുള്ളത് കൊണ്ടാകണം. ഇങ്ങിനെ ഒരു ബസ് വെയിറ്റിംഗ് ഷെഡ് എന്റെ MLA ഫണ്ട് ഉപയോഗിച്ച് മണ്ഡലത്തില്‍ എവിടെയും ഉണ്ടാക്കിയിട്ടില്ല. ഏത് സ്ഥലത്തേതാണെന്ന് പറഞ്ഞാല്‍ എനിക്കും കാണാമായിരുന്നു.''
അതേസമയം, അനില്‍ ആന്റണിക്കെതിരെയും ജലീല്‍ രംഗത്തെത്തി. അനില്‍ ആന്റണി ബി.ജെ.പിയില്‍ ചേര്‍ന്നത് അദ്ദേഹത്തിന്റെ ഉള്ളില്‍ രൂഢമൂലമായ മുസ്ലിംവിരുദ്ധത കൊണ്ടാണെന്ന് ഇന്നലത്തെ അദ്ദേഹത്തിന്റെ പോസ്റ്റിലൂടെ മാലോകര്‍ക്ക് ബോധ്യമായിട്ടുണ്ടാകുമെന്ന് ജലീല്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ എ.കെ ആന്റണിയുടെ വീട്ടില്‍ വളര്‍ന്നിട്ടും എങ്ങിനെ അനില്‍ ആന്റെണിക്ക് കടുത്ത വര്‍ഗ്ഗീയവാദിയാകാന്‍ സാധിച്ചു എന്നത് ആരെയും ആശ്ചര്യപ്പെടുത്തുമെന്ന് തോന്നുന്നില്ല. എ.കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ നടത്തിയ ന്യൂനപക്ഷവിരുദ്ധ പ്രസ്താവന കേട്ടുവളര്‍ന്ന അനില്‍ ആന്റണി 'മുസ്ലിംവിരുദ്ധ'നായില്ലെങ്കിലല്ലേ അല്‍ഭുതമുള്ളൂ. വൈകാതെ ഒരു പ്രമുഖ കോണ്‍ഗ്രസ് കുടുംബം ഒന്നടങ്കം ബി.ജെ.പിയിലെത്തുമെന്ന സൂചനയാണ് എലിസബത്ത് ആന്റണിയുടെ വാക്കുകളില്‍ നിഴലിക്കുന്നതെന്നും ജലീല്‍ പറഞ്ഞു.
''ഇസ്ലാമോഫോബിക്കായ കൊല്ലത്തെ സൈനികന്‍ ഷൈന്‍ കുമാറും സുഹൃത്തും നടത്തിയ അത്യന്തം ഹീനമായ ചാപ്പനാടകം മുസ്ലിം വിരുദ്ധത മൂത്ത് മനോവൈകൃതം സംഭവിച്ച ഒരു പട്ടാളക്കാരന്റേതാണ്. അതു മനസ്സിലായിട്ടും തെറ്റു തിരുത്താനോ പോസ്റ്റ് പിന്‍വലിക്കാനോ ഖേദം പ്രകടിപ്പിക്കാനോ അനില്‍ ആന്റണി തയ്യാറാകാത്തത് അദ്ദേഹത്തില്‍ കത്തി നില്‍ക്കുന്ന മുസ്ലിംവിരുദ്ധ മനോഭാവത്തിന്റെ തെളിവല്ലാതെ മറ്റെന്താണെന്നും ജലീല്‍ ചോദിച്ചു. കേരളം ഇസ്ലാമിക ഭീകരതയുടെ താവളമാണെന്ന് സ്ഥാപിക്കാന്‍ സംഘ്പരിവാരങ്ങള്‍ നടത്തുന്ന നീചകൃത്യങ്ങള്‍ക്ക് ബലമേകാന്‍ തന്നെയാകും പട്ടാളക്കാരനായ ഷൈന്‍കുമാറിനെയും സുഹൃത്ത് ജോഷിയേയും ഉപയോഗിച്ച് ചാപ്പനാടകം എഴുന്നള്ളിച്ചത്. സമീപകാലത്ത് ഉത്തരേന്ത്യയില്‍ നിന്ന് ആളെ ഇറക്കി ട്രൈനിന് തീയ്യിടാന്‍ നടത്തിയ ഭീഭല്‍സ നീക്കം ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. കേരളത്തെ മറ്റൊരു ഗുജറാത്തും മണിപ്പൂരുമൊക്കെ ആക്കാനുള്ള മതഭ്രാന്തന്‍മാരുടെ യജ്ഞം ഇനിയും തുടരുമെന്നും ജലീല്‍ പറഞ്ഞു.
കൊച്ചിയിൽ വിവരാവകാശ പ്രവർത്തകന് നേരെ ആക്രമണം; നാലംഗ സംഘം കൈയും കാലും അടിച്ചൊടിച്ചു