ഡ്യൂട്ടിക്കിടെ ഉറക്കം, മുങ്ങൽ, കൈക്കൂലി കൊണ്ട് ആറാട്ട്; ചെക് പോസ്റ്റുകളിലെ വിജിലൻസ് പരിശോധനയിൽ കണ്ടത്

ചിലയിടങ്ങളിൽ രജിസ്റ്ററിൽ പേരുണ്ടെങ്കിലും ചെക് പോസ്റ്റിൽ ആരുമുണ്ടായിരുന്നില്ല. 

Kerala vigilance flash inspection at check posts details prm

തിരുവനന്തപുരം: സംസ്ഥാനത്തെ ചെക് പോസ്റ്റുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് ​ഗുരുതര ക്രമക്കേടുകൾ. ഓപ്പറേഷൻ ട്രഷർ ഹണ്ട് എന്നാണ് വിജിലൻസ് ഓപ്പറേഷന് നൽകിയ പേര്. സംസ്ഥാനത്തെ വിവിധ ചെക് പോസ്റ്റുകളിൽ റെയ്ഡ് നടത്തി. മിക്കയിടത്തും കൈക്കൂലിപ്പണം പിടികൂടുകയും ജോലിയിൽ ക്രമക്കേട് നടത്തുന്നതായും കണ്ടെത്തി. ചിലയിടങ്ങളിൽ വിജിലൻസ് ഓഫിസർമാർ എത്തുമ്പോൾ ജീവനക്കാർ ഉറങ്ങുകയായിരുന്നു. വിളിച്ചുണർത്തിയാണ് റെയ്ഡ് നടത്തിയത്. ചിലയിടങ്ങളിൽ രജിസ്റ്ററിൽ പേരുണ്ടെങ്കിലും ചെക് പോസ്റ്റിൽ ആരുമുണ്ടായിരുന്നില്ല. 

പാറശാല ചെക്പോസ്റ്റിൽ നിന്ന് 11,900 രൂപയാണ് വിജിലൻസ് പിടിച്ചെടുത്തത്. ആര്യങ്കാവിലും ഗോപാലപുരത്തും കൈക്കൂലിപ്പണം കൈയോടെ പിടിച്ചു. ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ നിന്ന് 6000 രൂപയും ഗോപാലപുരം ചെക്ക് പോസ്റ്റിൽ നിന്ന് 3950 രൂപയുമാണ് കണ്ടെത്തിയത്. പാലക്കാട്  വേലന്താവളം ചെക്ക്പോസ്റ്റിൽ കണക്കിൽ പെടാത്ത 5700 രൂപ വിജിലൻസ് പിടിച്ചെടുത്തു. വാളയാർ ചെക്പോസ്റ്റിൽനിന്ന് 85500 രൂപ പിഴ ഈടാക്കി. ആര്യങ്കാവ് ചെക്ക് പോസ്റ്റിന് സമീപം ഏജന്റിൽ നിന്ന് 11950 രൂപയും വിജിലൻസ് പിടികൂടി. മൃഗസംരക്ഷണ വകുപ്പ് ചെക്പോസ്റ്റുകളിലും വിജിലൻസ് പരിശോധന നടത്തി.  

വഴിക്കടവ് അതിർത്തി ചെക്ക് പോസ്റ്റുകളിൽ ഒരേ സമയമായിരുന്നു പരിശോധന. മോട്ടോർ വാഹന ചെക്ക് പോസ്റ്റ്, എക്സൈസ് ചെക്ക് പോസ്റ്റ്, മണിമൂളി മൃഗ സംരക്ഷണ വകുപ്പിന്‍റെ കാലി വസന്ത നിർമാർജന യൂനിറ്റ് ചെക്ക്പോസ്റ്റ് എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. മോട്ടോർ വാഹന ചെക്ക് പോസ്റ്റിൽ ക്രമക്കേട് കണ്ടെത്തി. അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ തന്‍റെ കൈവശം 4,000 രൂപ ബുക്കിൽ കാണിച്ചിരുന്നെങ്കിലും 2,650 രൂപയുടെ കുറവുണ്ടായിരുന്നു. പ‍്യൂണിന്റെ കൈവശവം രേഖപ്പെടുത്തിയതിൽ 610 രൂപയുടെ കുറവ് കണ്ടു. 

24 മണിക്കൂറും പ്രവർത്തിപ്പിക്കേണ്ട മണിമൂളിയിലെ കാലിവസന്ത നിർമാർജ്ജന ചെക്ക്പോസ്റ്റിൽ രാവിലെ 5.30 ഓടെ വിജിലൻസ് സംഘം എത്തിയപ്പോൾ ഓഫീസ് അടഞ്ഞു കിടക്കുന്നതാണ് കണ്ടത്. മുൻവാതിൽ തുറന്ന് കിടന്നിരുന്നെങ്കിലും ഓഫീസിൽ ജീവനക്കാരുമുണ്ടായിരുന്നില്ല. രാവിലെ 8.3ന് പ്യൂൺ എത്തിയെങ്കിലും ഡ‍്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെത്തിയില്ല.

Latest Videos
Follow Us:
Download App:
  • android
  • ios