അത്ഭുതം തോന്നാം, പക്ഷേ യാഥാർത്ഥ്യം! മുൻ എംഎൽഎ ജന്മദിനം തിരിച്ചറിഞ്ഞത് 47-ാം വയസിൽ, 'പള്ളി രേഖ സഹായമായി'
'അന്വേഷണങ്ങൾക്ക് ഒടുവിൽ കോതമംഗലം ചെറിയപള്ളി രേഖകളിൽ നിന്നാണ് ഓഗസ്റ്റ് 9 ആണ് ജന്മദിനം എന്ന് ബോധ്യപ്പെട്ടത്'
കൊച്ചി: സ്വന്തം ജന്മദിനം തിരിച്ചറിയാൻ 47 വയസ് തികയേണ്ടിവന്നു! കേൾക്കുമ്പോൾ അത്ഭുതം തോന്നിയേക്കാം. പക്ഷേ മൂവാറ്റുപുഴ മുന്‍ എം എൽ എ എൽദോ ജോസഫിന് പറയാനുള്ളത് കേട്ടാൽ അത്രയ്ക്ക് അത്ഭുതം തോന്നിയേക്കില്ല. സ്വന്തം ജന്മദിനം തിരിച്ചറിയാൻ 47 -ാം പിറന്നാൾ ദിനം വേണ്ടിവന്നു എന്നാണ് മൂവാറ്റുപുഴ മുന്‍ എം എൽ എ വ്യക്തമാക്കിയിരിക്കുന്നത്. സ്കൂൾ രേഖകളിലെ ജന്മദിന ദിവസം മെയ് മാസത്തിലെ ഒരു ദിവസമായിരിക്കുന്ന പഴയ സാഹചര്യമാണ് മുന്‍ എം എൽ എക്ക് സ്വന്തം ജന്മദിനം തിരിച്ചറിയാൻ ഇത്രയും കാലം വേണ്ടിവന്നത്. ഇക്കാര്യം എൽദോ തന്നെ ഫേസ്ബുക്കിലൂടെ വിശദമായി പറഞ്ഞിട്ടുണ്ട്. അന്വേഷണങ്ങൾക്ക് ഒടുവിൽ കോതമംഗലം ചെറിയപള്ളി രേഖകളിൽ നിന്നാണ് ഓഗസ്റ്റ് 9 ആണ് ജന്മദിനം എന്ന് ബോധ്യപ്പെട്ടതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വിവരിച്ചിട്ടുണ്ട്.
എൽദോ എബ്രഹാമിന്‍റെ ഫേസ്ബുക്ക് കുറിപ്പ്
ഇന്നലെ (Aug 9) 47 വയസ് പിന്നിട്ടു...
വാസ്തവത്തിൽ എന്‍റെ ജന്മദിനം എന്നാണ് എന്ന് കൃത്യമായി അറിഞ്ഞത് ജനനം കഴിഞ്ഞ് 40 വർഷം കഴിഞ്ഞിട്ടാണ് എന്ന് പറഞ്ഞാൽ വിശ്വസനീയമായി തോന്നുകയില്ല. ഇന്നിപ്പോൾ ജന്മദിന ആഘോഷങ്ങളുടെ കാലം ആണല്ലൊ. ആഘോഷത്തിന് ഒരു കാരണം മാത്രം മതി നാം അടിപൊളിയാക്കും.
കേരളത്തിലെ നല്ലൊരു ശതമാനം ആളുകളുടെയും സ്കൂൾ രേഖകളിലെ ജന്മദിന ദിവസം മെയ് മാസം അവസാനത്തെ ഏതെങ്കിലും ഒരു ദിവസം ആയിരിക്കും. കാരണം മറ്റൊന്നും അല്ല ജൂൺ 1 ന് സ്കൂൾ തുറക്കുമ്പോൾ 5 വയസ് പൂർത്തിയാകണം. നാലര വയസ് ഉള്ളവർക്കും 5 എന്ന് നിശ്ചയിക്കും. അഞ്ചര വയസ് ആയാൽ 6 മാസം കുറച്ച് 5 എന്ന് ക്രമപ്പെടുത്തും. സ്കൂളിലെ പ്രധാന അധ്യാപകന്‍റെ നിർദ്ദേശം അക്കാലത്ത് 1970-1980 കൾ അങ്ങനെ ആയിരുന്നു.
എന്‍റെ അമ്മ പറയും നിന്‍റെ ജനനം കർക്കിടകമാസത്തിൽ ആണെന്ന്. പക്ഷെ കൃത്യമായ ദിവസം അറിയില്ലായിരുന്നു.
പിന്നീട് ഒരന്വേഷണം കോതമംഗലം ചെറിയപള്ളി രേഖകളിൽ നിന്നാണ് Aug- 9 എന്ന് ബോധ്യമായത്.
കുടുംബത്തോട് ഒപ്പം മധുരം പങ്കിട്ട് ലളിതമായ ഒരു ചടങ്ങ്. സന്തോഷം, തികഞ്ഞ സംതൃപ്തി....
47 വർഷം ഒപ്പം നിന്ന, സ്നേഹിച്ച കുടുംബാംഗങ്ങൾക്ക് , പാർട്ടി സഖാക്കൾക്ക് , സുഹൃത്തുക്കൾക്ക്, എന്‍റെ സ്വന്തം മൂവാറ്റുപുഴക്കാർക്ക്..... ഹൃദയത്തോട് ചേർത്ത് നന്ദി....
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം