ആരാദ്യം പറയും...; മൈക്കിന് പിടിവലിയുമായി സതീശനും സുധാകരനും, സോഷ്യൽമീഡിയയിൽ വിമർശനവും ട്രോളും

വാർത്താസമ്മേളനത്തിൽ വി ഡി സതീശനാണ് ആദ്യമെത്തിയത്. ഈ സമയം, സതീശന്റെ മുന്നിലായിരുന്നു മാധ്യമങ്ങളുടെ മൈക്കുകൾ.

K Sudhakaran and VD satheesan row over mike after puthuppally election social media viral prm

തിരുവനന്തപുരം: മൈക്കിന് പിടിവലികൂടുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെയും വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നു. സംഭവത്തിൽ ഇരുവരെയും ട്രോളി ഇടതു സൈബർ ഹാൻഡിലുകൾ രം​ഗത്തെത്തി. വിവിധ കോണുകളിൽ നിന്ന് ഇരുവർക്കുമെതിരെ വിമർശനവുമുയർന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ആരാദ്യം തുടങ്ങണമെന്ന സതീശന്റേയും സുധാകരന്റേയും തർക്കമുണ്ടായത്. ചാണ്ടി ഉമ്മന്റെ വിജയത്തിന് ശേഷം കോൺ​ഗ്രസ് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മിലുള്ള തർക്കമുണ്ടായത്. വാർത്താ സമ്മേളനം ആരാദ്യം തുടങ്ങുമെന്നതായിരുന്നു തർക്ക വിഷയം. ഈ മാസം എട്ടിനായിരുന്നു പുതുപ്പള്ളിയിലെ വോട്ടെണ്ണൽ. 

വാർത്താസമ്മേളനത്തിൽ വി ഡി സതീശനാണ് ആദ്യമെത്തിയത്. ഈ സമയം, സതീശന്റെ മുന്നിലായിരുന്നു മാധ്യമങ്ങളുടെ മൈക്കുകൾ. പിന്നീട് സുധാകരനെത്തി. അദ്ദേഹമെത്തിയപ്പോൾ വി ഡി സതീശൻ നീങ്ങി അപ്പുറത്തിരുന്നെങ്കിലും മൈക്കുകൾ തന്റെയടുത്തേക്ക് നീക്കി. ഇത് സുധാകരന് ഇഷ്ടമായില്ല. വാർത്താ സമ്മേളനം ഞാൻ തുടങ്ങുമെന്ന് സതീശൻ പറഞ്ഞപ്പോൾ, സുധാകരൻ സമ്മതിച്ചില്ല. കെപിസിസി പ്രസിഡന്റെന്ന് നിലയിൽ വാർത്താ സമ്മേളനം താൻ തുടങ്ങുമെന്നും പിന്നീട് നിങ്ങൾ പറഞ്ഞാൽ മതിയെന്നും എല്ലാവരും കേൾക്കെ സുധാകരൻ സതീശനോട് പറഞ്ഞു. തുടർന്ന് സതീശൻ മുന്നിലുള്ള മൈക്ക് സുധാകരന് നേരെ നീക്കിവെച്ചു. പ്രവർത്തകർ നൽകിയ പൊന്നാട സ്വീകരിക്കാനും സതീശൻ തയ്യാറായില്ല.  പിന്നീട് വാർത്താസമ്മേളനത്തിന്റെ അവസാനം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ നിന്നും സതീശൻ ഒഴിഞ്ഞുമാറി. എല്ലാം പ്രസിഡന്റ് എല്ലാം പറഞ്ഞിട്ടുണ്ടെന്നും തനിക്കൊന്നും പറയാനില്ലെന്നും സതീശൻ പറഞ്ഞു. ആവർത്തിച്ചുള്ള ചോദ്യത്തിൽ നിന്നും സതീശൻ നീരസത്തോടെ ഒഴിഞ്ഞു. 

വാർത്താ സമ്മേളനം തുടങ്ങുന്നതിന് മുമ്പുള്ള രണ്ടുപേരുടേയും തർക്കവീഡിയോ കഴിഞ്ഞ ദിവസങ്ങളിലാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചത്. നിരവധി പേർ വീഡിയോക്ക് ട്രോളുമായി എത്തിയപ്പോൾ കോൺ​ഗ്രസിന് വിമർശനവുമായും ആളുകൾ രം​ഗത്തെത്തി. 
 

Latest Videos
Follow Us:
Download App:
  • android
  • ios