അപ്സരസായി വേഷം ധരിച്ച് കംബോഡിയയിലെ ഇന്ത്യൻ അംബാസഡർ ദേവയാനി ഖോബ്രഗഡെ; കാരണമിത്...
കംബോഡിയയിലെ ഇന്ത്യൻ എംബസി ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
നോംപെൻ: അപ്സരസ്സായി വേഷം ധരിച്ച് കംബോഡിയയിലെ ഇന്ത്യൻ അംബാസഡർ ദേവയാനി ഖോബ്രഗഡെ. കംബോഡിയൻ പുതുവത്സര ദിനത്തിൽ ആശംസകള്‍ അറിയിക്കാനാണ് ദേവയാനി പരമ്പരാഗത വസ്ത്രം ധരിച്ചത്. കംബോഡിയയിലെ ഇന്ത്യൻ എംബസി ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
ഖമർ സംസ്‌കാരവും പാരമ്പര്യവും ഏറെ ഇഷ്ടമുള്ളയാളാണ് ദേവയാനിയെന്ന് ഇന്ത്യൻ എംബസി കുറിച്ചു. പുതുവർഷത്തിൽ ദേവയാനി ഖമർ അപ്‌സരയുടെ വേഷം ധരിച്ചു. എല്ലാ സുഹൃത്തുക്കൾക്കും സന്തോഷകരമായ പുതുവത്സരം ആശംസിക്കുന്നുവെന്നും ദേവയാനിയുടെ ചിത്രത്തോടൊപ്പം കുറിച്ചു. കംബോഡിയക്കാരെ സംബന്ധിച്ച് ഖമർ അപ്സര സ്നേഹത്തിന്‍റെയും നൃത്തത്തിന്‍റെയും ദേവതയാണ്.
മുൻപും ദേവയാനി വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. ഡോക്ടറായ ദേവയാനി 1999ലാണ് ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്നത്. ബെർലിൻ, ന്യൂയോർക്ക്, ഇസ്ലാമാബാദ്, റോം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. വിസ തട്ടിപ്പ് ആരോപിച്ച് 2013 ഡിസംബറിൽ ദേവയാനിയെ അമേരിക്കയിൽ അറസ്റ്റ് ചെയ്തിരുന്നു. വീട്ടുജോലിക്കാരിക്ക് നിർബന്ധിത മിനിമം വേതനത്തിൽ കുറഞ്ഞ വേതനം നൽകിയെന്ന ആരോപണവും ദേവയാനി യുഎസിൽ നേരിട്ടു. എന്നാൽ ആരോപണങ്ങൾ ദേവയാനി തള്ളിക്കളഞ്ഞു.
ഒടുവിൽ നയതന്ത്ര പരിരക്ഷ ചൂണ്ടിക്കാട്ടി യുഎസ് കോടതി ദേവയാനിക്കെതിരെ കുറ്റാരോപണങ്ങൾ തള്ളിക്കളഞ്ഞു. നയതന്ത്ര പരിരക്ഷ ഒഴിവാക്കാനുള്ള യുഎസിന്‍റെ അഭ്യർത്ഥന ഇന്ത്യ തള്ളിയിരുന്നു. തുടർന്ന് ദേവയാനി ഖോബ്രഗഡെ ഇന്ത്യയിലേക്ക് മടങ്ങി. ഇന്ത്യയും യുഎസും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയ സംഭവമായിരുന്നു ഇത്. 2020ലാണ് കംബോഡിയയിലെ ഇന്ത്യൻ പ്രതിനിധിയായി ദേവയാനി ഖോബ്രഗഡെയെ നിയമിച്ചത്.