അഭിമാനം... ആവേശം! കോക്കല്ലൂർ വിദ്യാലയ മുറ്റത്ത് ഒരുങ്ങിയ വിസ്മയ ദൃശ്യരൂപം; 'സ്വാതന്ത്ര്യപ്പെരുമയിൽ ഒരുമയോടെ'
രാജ്യത്തിന്‍റെ 77-ാം സ്വാതന്ത്ര്യദിനത്തിന്‍റെ പ്രതീകമായി 77 എന്ന മാതൃകയിലും സ്നേഹത്തിന്റെ പ്രതീകമായി സ്നേഹ ചിഹ്നത്തിന്റെ രൂപത്തിലും ഹയർ സെക്കൻഡറിയിലെ മുഴുവൻ കുട്ടികളും മൈതാനത്ത് അണിനിരന്നു
കോഴിക്കോട്: രാജ്യം അഭിമാനത്തോടെ 77-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ വിദ്യാലയ മുറ്റത്ത് കുട്ടികളെ അണിനിരത്തി വിസ്മയ ദൃശ്യരൂപമൊരുക്കി കോക്കല്ലൂർ സർക്കാർ വിദ്യാലയം. 'സ്വാതന്ത്ര്യപ്പെരുമയിൽ ഒരുമയോടെ' എന്ന പേരിൽ നടത്തിയ പരിപാടി സംഘടിപ്പിച്ചത് കോക്കല്ലൂരിലെ ഹയർ സെക്കൻഡറി വിഭാഗം സ്കൗട്ട് ട്രൂപ്പാണ്.
രാജ്യത്തിന്‍റെ 77-ാം സ്വാതന്ത്ര്യദിനത്തിന്‍റെ പ്രതീകമായി 77 എന്ന മാതൃകയിലും സ്നേഹത്തിന്റെ പ്രതീകമായി സ്നേഹ ചിഹ്നത്തിന്റെ രൂപത്തിലും ഹയർ സെക്കൻഡറിയിലെ മുഴുവൻ കുട്ടികളും മൈതാനത്ത് അണിനിരന്നു. ജയ്ഹിന്ദ്, ഐ ലവ് മൈ ഇന്ത്യ എന്നീ മുദ്രാവാക്യങ്ങളും കുട്ടികള്‍ മുഴക്കി.
77 ദേശീയ പതാകകൾ കൈകളിലേന്തിയാണ് വിദ്യാര്‍ത്ഥികള്‍ അണിനിരന്നത്. പ്രിൻസിപ്പൽ നിഷ എൻ എം, സ്കൗട്ട് മാസ്റ്റർ മുഹമ്മദ് സി അച്ചിയത്ത്, സീനിയർ അസിസ്റ്റന്റ് രാമചന്ദ്രൻ കല്ലിടുക്കിൽ, ഷറഫുദ്ദീൻ ആരോത്ത്, പ്രകാശൻ, അശോകൻ, അഭിലാഷ്, ജിതേഷ് ജി പി, ശുഭ എ, ജയശ്രീ, ബിൻസി, സ്കൗട്ട് ട്രൂപ്പ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
അതേസമയം, കരസേനയുടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ പൊൻമുടിയിൽ സംഘടിപ്പിച്ചതും നാടിന് അഭിമാനമായി. തിരുവനന്തപുരത്തെ പാങ്ങോട് സൈനിക കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ കരസേനയിലെ ഒരു സംഘം പൊൻമുടി കുന്നിൽ സ്വാതന്ത്ര്യദിനം ആഘോഷമാക്കുകയായിരുന്നു. സംഘം കാൽ നടയാത്രയായി മലമുകളിലെത്തി ദേശീയ പതാക ഉയർത്തി പ്രതിജ്ഞയെടുത്തു. തുടർന്ന് വിവിധ സ്‌കൂളുകൾ സന്ദർശിക്കുകയും കരസേനയിലെ അഗ്നിപഥ് പദ്ധതിയെക്കുറിച്ച് വിദ്യാർത്ഥികളോട് സംവദിക്കുകയും ചെയ്തു.
അഗ്നിപഥിനെ കുറിച്ചുള്ള ലഘുലേഖകളും മധുരപലഹാരങ്ങളും വിതരണം ചെയ്യുകയും ചെയ്തു. 77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി രാജ്യത്തുടനീളം വിവിധ കോട്ടകളിലും കുന്നിൻ മുകളിലും സൈന്യം ദേശീയ പതാക ഉയർത്തി. അതേസമയം, തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തി. വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും സായുധരല്ലാത്ത മറ്റ് സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എന്‍ സി സി, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് എന്നിവരുടെയും പരേഡ് നടന്നു. മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം