കടുവയ്ക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമം, 'ഇത് ചെയ്യരുത്' എന്ന് വീഡിയോ പങ്കുവച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥൻ
ഒരാൾ അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിക്കാതെ വന്യമൃഗത്തിനൊപ്പം സെൽഫിയെടുക്കാൻ ശ്രമിക്കുന്നതും കാണാം
ദില്ലി : കടുവയ്ക്കൊപ്പം നിന്ന് സെൽഫിയെടുക്കാൻ അടുത്തേക്ക് പോകുന്ന ചെറുപ്പക്കാരുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്എസ്) ഓഫീസർ സുശാന്ത നന്ദ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിൽ വനപാത മുറിച്ചുകടക്കാൻ ശ്രമിക്കുന്ന കടുവയെ ഒരു കൂട്ടം ആളുകൾ പിന്തുടരുന്നതായാണ് കാണിക്കുന്നത്. ഇവരിൽ ഒരാൾ അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിക്കാതെ വന്യമൃഗത്തിനൊപ്പം സെൽഫിയെടുക്കാൻ ശ്രമിക്കുന്നതും കാണാം. കടുവയുടെ ആക്രമണത്തെ ഭയക്കാതെ അടുത്തേക്ക് വരുന്ന വന്യമൃഗത്തിന്റെ അടുത്തേക്ക് നടക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാർ.
ഭാഗ്യവശാൽ, വന്യമൃഗം മനുഷ്യരുടെ കൂട്ടത്തെ അവഗണിച്ച് യാത്ര തുടരുന്നു. എന്നിരുന്നാലും, ഈ സംഭവം വളരെ തെറ്റായി രീതിയാണെന്ന കുറിപ്പോടെയാണ് നന്ദ വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. ഇത് 82,000-ലധികം കാഴ്ചക്കാരെ നേടി. 2,300-ലധികം ലൈക്കുകളും ലഭിച്ചു. ഇന്റർനെറ്റ് ഉപയോക്താക്കൾ IFS ഉദ്യോഗസ്ഥരോട് യോജിക്കുകയും നിരുത്തരവാദപരമായ പെരുമാറ്റത്തിന് യാത്രക്കാരെ ആക്ഷേപിക്കുകയും ചെയ്യുകയാണ്. ഈ ആൾക്കൂട്ടത്തിനെതിരെ കേസെടുക്കണമെന്നാണ് ആലുകൾ ആവശ്യപ്പെടുന്നത്.