ഗോറില്ലകള്‍ സെല്‍ഫിക്ക് പോസ് ചെയ്തപ്പോള്‍; ഇതിന് പിന്നിലെ കഥ
ഈ ഗോറില്ലകളെ കുഞ്ഞായിരിക്കുമ്പോള്‍ രക്ഷിച്ച് കൊണ്ടുവന്നത് മുതല്‍ മാത്യുവിനോട് ഇണങ്ങിയാണ് ഇവ വളരുന്നത് എന്നാണ് ബിബിസിയോട് ദേശീയ ഉദ്യാനത്തിന്‍റെ ഉപമേധാവി പറയുന്നത്.
വിരുങ്ക: തങ്ങളുടെ രക്ഷകന്‍റെ ഒപ്പം സെല്‍ഫിക്ക് പോസ് ചെയ്ത് ഗോറില്ലകള്‍. കുട്ടിയായിരിക്കുമ്പോള്‍ വേട്ടക്കാരുടെ കയ്യില്‍ നിന്നും തങ്ങളെ രക്ഷിച്ച ഫോറസ്റ്റ് റെയിഞ്ചര്‍ക്ക് ഒപ്പമാണ് ഗോറില്ലകള്‍ ഫോട്ടോ എടുത്തത്. കോംഗോയിലെ വിരുംഗ ദേശീയ ഉദ്യാനത്തിലാണ് സംഭവം. റെയിഞ്ചര്‍ മാത്യു ഷാമാവിന് ഒപ്പമാണ് ഗോറില്ലകള്‍ ചിത്രം പകര്‍ത്താറ്.
ഈ ഗോറില്ലകളെ കുഞ്ഞായിരിക്കുമ്പോള്‍ രക്ഷിച്ച് കൊണ്ടുവന്നത് മുതല്‍ മാത്യുവിനോട് ഇണങ്ങിയാണ് ഇവ വളരുന്നത് എന്നാണ് ബിബിസിയോട് ദേശീയ ഉദ്യാനത്തിന്‍റെ ഉപമേധാവി പറയുന്നത്. ഇവരുടെ രക്ഷിതാവിനെപ്പോലെ മാത്യു ഇവയെ പരിപാലിക്കുന്നതെന്നും. മാത്യുവിന്‍റെ ചലനങ്ങള്‍ ഇവ അനുകരിക്കാറുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
2007ലാണ് ഈ ഗോറില്ലകളെ അച്ഛനും അമ്മയും വേട്ടക്കാരാല്‍ കൊല്ലപ്പെട്ട രീതിയില്‍ കണ്ടെത്തുന്നത്. ആ സമയത്ത് ഇവയ്ക്ക് നാല് മാസമായിരുന്നു പ്രായം. മനുഷ്യന്‍റെ രീതികള്‍ പഠിക്കാന്‍ ഗോറില്ലകള്‍ അതീവ താല്‍പ്പര്യം കാണിക്കാറുണ്ടെന്ന് റെയ്ഞ്ചര്‍ പറയുന്നു.
എന്നാല്‍ ഗോറില്ലകള്‍ കാണിക്കുന്ന സ്നേഹം പോലും കോംഗോയിലെ വനപാലകര്‍ക്ക് കാട്ടില്‍ നിന്നും ലഭിക്കുന്നില്ല എന്നതാണ് സത്യം. 1996 ന് ശേഷം 130 വനപാലകരാണ് തീവ്രവാദികളാലും, വേട്ടക്കാരാലും വിരുംഗ ദേശീയ ഉദ്യാനത്തില്‍ കൊലചെയ്യപ്പെട്ടത്. കോംഗോ സര്‍ക്കാറുമായി നിരന്തരം ആഭ്യന്തര സംഘര്‍ഷത്തിലായ സായുധ സംഘങ്ങളുടെ പ്രധാന താവളമാണ് വിരുംഗ ദേശീയ ഉദ്യാനം.