'കേരളത്തിലെ ഒരു പൊലീസ് സ്റ്റേഷനിൽ ആദ്യമായി കയറി, അവർ ചെയ്ത കാര്യങ്ങൾ!' ഹൃദയം തൊടുന്ന കുറിപ്പ്
ഇക്കഴിഞ്ഞ ഒക്ടോബർ 26ന് കോട്ടയത്തെ ആശുപത്രിയിൽ ചികിത്സയിലുള്ള തന്‍റെ അമ്മയെയും കൊച്ചിയിലെത്തുന്ന സഹോദരിയെയും കാണാൻ അങ്കമാലിയിൽ എത്തിയതായിരുന്നു തോമസ്.
അപകടത്തിൽ പരിക്കേറ്റ് എത്തി പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴുള്ള അനുഭവങ്ങള്‍ വിശദീകരിച്ച് മംഗളൂരു മലയാളി എഴുതിയ കുറിപ്പ് വൈറലാകുന്നു. അങ്കമാലി പൊലീസിന്‍റെ കരുതലിന് നന്ദി പറഞ്ഞാണ് മംഗളുരു നിവാസിയും ഇക്കോലിങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെൽ ബീയിങിന്‍റെ എംഡിയുമായ തോമസ് താഴ ഫേസ്ബുക്കില്‍ അനുഭവം പങ്കുവെച്ചത്. അപകടത്തെത്തുടർന്ന് സഹായം തേടി പൊലീസ് സ്റ്റേഷനിൽ എത്തിയ തനിക്ക് പ്രാഥമിക ശുശ്രൂഷ നൽകി ആശുപത്രിയിലെത്തിച്ച പൊലീസിന്‍റെ നല്ല മനസിനെ കുറിച്ചാണ് അദ്ദേഹത്തിന്റെ കുറിപ്പ്.
ഇക്കഴിഞ്ഞ ഒക്ടോബർ 26ന് കോട്ടയത്തെ ആശുപത്രിയിൽ ചികിത്സയിലുള്ള തന്‍റെ അമ്മയെയും കൊച്ചിയിലെത്തുന്ന സഹോദരിയെയും കാണാൻ അങ്കമാലിയിൽ എത്തിയതായിരുന്നു തോമസ്. റോഡിലെ കല്ലിൽ തട്ടി മറിഞ്ഞുവീണാണ് അദ്ദേഹത്തിന് പരിക്കേറ്റത്. രക്തമൊലിച്ച നിലയിൽ സ്റ്റേഷനിലെത്തിയ തോമസിനെ കസേരയിൽ ഇരുത്തി പൊലീസ് ഉദ്യോഗസ്ഥർ വെള്ളം നൽകിയെങ്കിലും അദ്ദേഹം ബോധരഹിതനാകുകയായിരുന്നു.
ഉടൻ തന്നെ സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മുഹമ്മദ് റഷീദും എബി മാത്യുവും തോമസിനെ ആശുപത്രിയിലെത്തിക്കുകയും ചികിത്സയ്ക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. എന്താവശ്യമുണ്ടെങ്കിലും വിളിക്കാനായി ഫോൺ നമ്പറും നൽകി. അടിയന്തിരഘട്ടത്തിൽ പൊലീസിന്‍റെ ഭാഗത്തു നിന്നുണ്ടായ മനുഷ്യത്വം നിറഞ്ഞ സമീപനം താൻ ഒരിക്കലും മറക്കില്ലെന്ന് അദ്ദേഹം തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.
കേരള പൊലീസിനെ കുറിച്ചും സര്‍ക്കാര്‍ ആശുപത്രിയെ കുറിച്ചും ആളുകൾക്ക് വ്യത്യസ്ത അനുഭവങ്ങളുണ്ടാകാം. പൊലീസിന്‍റെ മനുഷ്യത്വം നിറഞ്ഞ പെരുമാറ്റും ശരിക്കും മനസിലാക്കാൻ സാധിച്ചു. ഒപ്പം വെറും 10 രൂപയ്ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ ലഭിച്ച മികച്ച സേവനത്തെ കുറിച്ചും അദ്ദേഹം പ്രശംസിക്കുന്നുണ്ട്. പൊലീസിനും താലൂക്ക് ആശുപത്രിക്കും നന്ദി പറഞ്ഞു കൊണ്ടാണ് തോമസ് താഴയുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം