വിവാഹമോചിതയായി തിരിച്ചെത്തുന്ന മകളെ സ്വീകരിക്കാൻ വൻ ആഘോഷം, ഘോഷയാത്ര; പിതാവിന്‍റെ വീഡിയോ വൈറൽ
പാട്ടിന്റെയും നൃത്തത്തിന്റെയും അകമ്പടിയോടെ അദ്ദേഹം മകളെ സ്വീകരിക്കുന്നതും വീഡിയോയിൽ കാണാം. മരുമക്കൾ എന്തെങ്കിലും തെറ്റ് ചെയ്യുമ്പോൾ മകളോട് മാന്യമായും ബഹുമാനത്തോടെയും പെരുമാറണമെന്ന് ഇദ്ദേഹം പറഞ്ഞു.
റാഞ്ചി: വിവാഹമോചിതയായി വീട്ടിലേക്കെത്തുന്ന മകളെ സ്വീകരിക്കാൻ വലിയ ആഘോഷം സംഘടിപ്പിച്ച് പിതാവ്. ജാര്‍ഖണ്ഡ് റാഞ്ചി സ്വദേശി പ്രേം ഗുപ്ത എന്നയാളാണ് മകളുടെ വിവാഹമോചനം കെങ്കേമമായി ആഘോഷിച്ചത്. ആഘോഷത്തിന്റെ വീഡിയോ അദ്ദേഹം ഫേസ്ബുക്കിൽ പങ്കിടുകയും ചെയ്തു. വിവാഹച്ചടങ്ങിൽ വരന്റെ ഘോഷയാത്രയായ ബാരത് സംഘടിപ്പിച്ചാണ് ഇദ്ദേഹം മകളെ വരവേറ്റത്. ഉത്തരേന്ത്യൻ വിവാഹങ്ങളിൽ വരൻ വധുവിന്റെ വീട്ടിലേക്ക് ഘോഷയാത്രയായി എത്തുന്നതാണ് ബാരത്. പാട്ടിന്റെയും നൃത്തത്തിന്റെയും അകമ്പടിയോടെ അദ്ദേഹം മകളെ സ്വീകരിക്കുന്നതും വീഡിയോയിൽ കാണാം. മരുമക്കൾ എന്തെങ്കിലും തെറ്റ് ചെയ്യുമ്പോൾ മകളോട് മാന്യമായും ബഹുമാനത്തോടെയും പെരുമാറണമെന്ന് ഇദ്ദേഹം പറഞ്ഞു. വിവാഹത്തിന് ശേഷവും മക്കൾക്ക് പിന്തുണ നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.
നമ്മുടെ മകളുടെ വിവാഹം വളരെ ആഡംബരത്തോടെയും ആർഭാടത്തോടെയും നടത്തുന്നു. എന്നാൽ അവരുടെ പങ്കാളിയോ കുടുംബമോ അവരോട് മോശമായി പെരുമാറുകയോ തെറ്റായ കാര്യങ്ങളോ ചെയ്താൽ മകളെ വീട്ടിലേക്ക് തിരികെ കൊണ്ടുവരണം. പെൺമക്കൾ വളരെ വിലപ്പെട്ടവരാണ്- പ്രേം ഗുപ്ത പറഞ്ഞു. യുവതിയുടെ കുടുംബാംഗങ്ങൾ അവളോടൊപ്പം ചേർന്ന് പടക്കം പൊട്ടിക്കുന്നത് കാണാം. വീട്ടിലേക്ക് എത്തുന്ന യുവതിയെ കെട്ടിപ്പിടിച്ചാണ് സ്വീകരിക്കുന്നത്. കടുംബം മുഴുവൻ യുവതിയുമായി തെരുവിലൂടെ ഘോഷയാത്ര നടത്തിയാണ് സ്വീകരണം നൽകിയത്.
ഒരു വർഷം മുമ്പാണ് മകൾ സാക്ഷി ഗുപ്തയുടെ വിവാഹം കഴിഞ്ഞത്. ജാർഖണ്ഡ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷനിലെ അസിസ്റ്റന്റ് എൻജിനീയർ സച്ചിൻ കുമാറായിരുന്നു വരൻ. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമാണ് സച്ചിൻ രണ്ട് തവണ വിവാഹം കഴിച്ചിട്ടുണ്ടെന്ന് സാക്ഷി അറിഞ്ഞത്. ഇതോടെ വിവാഹമോചിതയാകാൻ തീരുമാനിച്ചത്. മകളുടെ തീരുമാനത്തെ പിതാവ് സ്വാഗതം ചെയ്തു.
'ആ ഉപദേശത്തിന് പിന്നാലെ തീരുമാനം', വിവാഹം വേണ്ടെന്നുവെച്ച വിഎസിൻ്റെ ജീവിതത്തിലേക്ക് വസുമതി വന്ന കഥ!
വീഡിയോ 12,000-ത്തിലധികം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. നിരവധി പേർ ഷെയർ ചെയ്തു. നിരവധിയാളുകൾ പിതാവിന്റെ തീരുമാനത്തെ പ്രശംസിച്ച് രംഗത്തെത്തി. പിതാവിന് സല്യൂട്ട്. പുതിയ തുടക്കത്തിനായി മകൾക്ക് ആശംസകൾ നേരുന്നുവെന്ന് ആളുകൾ കമന്റ് ചെയ്തു. ഇത്തരമൊരു അച്ഛനെ കിട്ടിയതിൽ മകൾ അഭിമാനിക്കണമെന്നും കമന്റുകളിൽ നിറഞ്ഞു.