അകക്കണ്ണിന്റെ വെളിച്ചം, തൊട്ടതെല്ലാം പൊന്നാക്കി, അധ്യാപന യാത്ര തുടങ്ങിയിട്ട് 16 വർഷം, പ്രചോദനമായി ശ്രീരേഖ
ചേർത്തല ഗവൺമെന്റ് ഗേൾസ് എച്ച്എസ്എസിലെ അഞ്ചാം ക്ലാസ് അധ്യാപികയായ ശ്രീരേഖയാണ് അധ്യാപനത്തിൽ മികവ് പുലർത്തി ശ്രദ്ധേയയാകുന്നത്
ചേർത്തല: വിധിക്കുമുന്നിൽ തോറ്റുകൊടുക്കാൻ നിൽക്കാതെ വെല്ലുവിളികളെ നിശ്ചയദാർഢ്യത്തോടെ നേരിട്ട് ഉൾക്കാഴ്ചയുമായി വിജയത്തിൻെറ പടവുകൾ കയറി ശ്രീരേഖ. ജന്മനാ കാഴ്ചവെല്ലുവിളി നേരിടുന്ന ശ്രീരേഖ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് അകകണ്ണിൻെറ കാഴ്ചയിൽ വിദ്യാർഥികൾക്ക് അറിവിൻെറ വെളിച്ചം പകർന്നു നൽകാൻ തുടങ്ങിയിട്ട് 16വർഷം പിന്നിടുന്നു. അധ്യാപക ദിനത്തിൽ ആർക്കും പ്രചോദനമാകുന്നതാണ് ചേർത്തല സ്വദേശിനിയായ ശ്രീരേഖയുടെ ജീവിതം. ചേർത്തല ഗവൺമെന്റ് ഗേൾസ് എച്ച്എസ്എസിലെ അഞ്ചാം ക്ലാസ് അധ്യാപികയായ ശ്രീരേഖ രാധാകൃഷ്ണ നായിക് ആണ് അധ്യാപനത്തിൽ മികവ് പുലർത്തി ശ്രദ്ധേയയാകുന്നത്.
കണ്ണിലെ ഞരമ്പിന്റെ തകരാറ് മൂലമാണ് ശ്രീരേഖക്ക് ജനിച്ച സമയത്ത് കാഴ്ചശക്തി നഷ്ടമായത്. കാഞ്ഞിരപ്പള്ളി സ്പെഷൽ സ്കൂളിൽ ഏഴു വരെ പഠിച്ച ശേഷം അവിടെത്തന്നെ സാധാരണ സ്കൂളിലാണ് പത്താം ക്ലാസും പൂർത്തിയാക്കിയത്. പത്താം ക്ലാസിലെ മാർക്ക് കുറവു മൂലം വിഷമിച്ച ശ്രീരേഖക്ക് ചേർത്തല സെന്റ് മൈക്കിൾസ് കോളജിലെ പ്രീഡിഗ്രി അധ്യാപിക വി എ മേരിക്കുട്ടിയാണ് പ്രചോദനമായത്. പഠനത്തിൽ മുന്നേറാൻ ശ്രീരേഖക്ക് മേരിക്കുട്ടി ടീച്ചര്‍ ഊർജ്ജമായി. അങ്ങനെ എനിക്കും നേടണം എന്ന വാശിയിൽ പഠിച്ച ശ്രീരേഖ പ്രീഡിഗ്രിയ്ക്ക് ഫസ്റ്റ് ക്ലാസ് നേടിയാണ് ജയിച്ചത്. എസ്എൻ കോളജിൽ ബിരുദത്തിനും ആര്യാട് കോളജിൽ ബിഎഡിനും മികച്ച വിജയമായിരുന്നു ശ്രീരേഖയെ കാത്തിരുന്നത്. ഈ നേട്ടമെല്ലാം തന്നെ സാധാരണ വിദ്യാർഥികൾക്കൊപ്പം തന്നെ പഠിച്ചായിരുന്നുവെന്നതാണ് ശ്രദ്ധേയം. നോട്ടുകളെല്ലാം ബ്രെയിൻലിപിയിൽ എഴുതിയും കൂട്ടുകാരും വീട്ടുകാരും വായിച്ചുകൊടുക്കുന്നത് കേട്ടു പഠിച്ചുമായിരുന്നു അക്ഷരങ്ങളെ ശ്രീരേഖ വരുതിയിലാക്കിയത്. കോളജുകളിലേക്കുള്ള യാത്രയ്ക്ക് രക്ഷിതാക്കളും സുഹൃത്തുക്കളും ഏറെ സഹായിച്ചു.
2007ൽ സർക്കാർ സർവീസിൽ കയറിയ ശ്രീരേഖ തണ്ണീർമുക്കം, വെള്ളിയാകുളം ഗവൺമെന്റ് സ്കൂളുകളിലും 2009 മുതൽ ചേർത്തല ഗവൺമെന്റ് ഗേൾസ് സ്കൂളിലും ജോലി ചെയ്തിട്ടുണ്ട്. സ്കൂളിലെ രണ്ടാം നിലയിലും മൂന്നാം നിലയിലുമുള്ള ക്ലാസുകളിലേക്ക് കയറണമെങ്കിൽ മറ്റ് ആരുടെയെങ്കിലും സഹായം ആവശ്യമാണ്. പാഠപുസ്തകങ്ങൾ ബ്രെയിൻ ലിപിയിലേക്കു മാറ്റിയാണ് ക്ലാസുകൾ എടുക്കുന്നതും നോട്സ് പറഞ്ഞു കൊടുക്കുന്നതും. കുട്ടികളുടെ ശബ്ദത്തിലൂടെ എല്ലാവരെയും മനസിലാക്കിയാണ് പഠിപ്പിക്കുന്നത്.
തൃപ്പൂണിത്തുറ എളമന കുറ്റിക്കാട്ട് രാധാകൃഷ്ണ നായിക് ആണ് ശ്രീരേഖയുടെ ഭർത്താവ്, മാതാപിതാക്കളായ ചേർത്തല രേഖാലയത്തിൽ രാമനാഥപൈയും ലളിതാഭായും മറ്റു കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം വെല്ലുവിളികളെ അതിജീവിച്ചുള്ള ശ്രീരേഖയുടെ വിജയത്തിൽ അഭിമാനിക്കുകയാണ്. മറ്റ് കുടുംബാംഗങ്ങളും വിദ്യാർഥികളും സഹപ്രവർത്തകരുമെല്ലാം വലിയ പിന്തുണയോടെ ശ്രീരേഖക്കൊപ്പം ഉണ്ട്. ഏകമകൻ ചേർത്തല ടൗൺ ഗവൺമെന്റ് എൽപിഎസിലെ അഞ്ചാം ക്ലാസ് വിദ്യാർഥി ആശ്രിത് കൃഷ്ണ ആർ നായ്ക്.