വനിതാ മന്ത്രിയെ ചുംബിക്കാൻ ശ്രമം, ഒഴിഞ്ഞുമാറി മന്ത്രി; വിവാദമായപ്പോള്‍ ഊഷ്മളാഭിവാദ്യമെന്ന് വിശദീകരണം
ചുംബനം അനുവദനീയമായ ബന്ധങ്ങളിലേ പാടുള്ളൂ. അത്തരമൊരു ബന്ധം ഇരുവര്‍ക്കും ഇടയിലില്ലെന്ന് വിമര്‍ശനം
ബെര്‍ലിന്‍: ക്രൊയേഷ്യൻ വിദേശകാര്യ മന്ത്രി ഗോർഡൻ ഗ്രിലിക് റാഡ്മാൻ ജര്‍മന്‍ വിദേശകാര്യ മന്ത്രി അന്നാലീന ബെയർബോക്കിനെ ചുംബിക്കാന്‍ ശ്രമിച്ചത് വിവാദത്തില്‍. ബെർലിനിൽ ഗ്രൂപ്പ് ഫോട്ടോ സെഷനിടെയായിരുന്നു വിവാദ ചുംബനം. ദൃശ്യം ഓൺലൈനിൽ വൈറലായതോടെ വിവാദമായി.
65 കാരനായ റാഡ്മാൻ ആദ്യം ഹസ്തദാനത്തിന് വനിതാ മന്ത്രിയുടെ അരികിലേക്ക് എത്തി. അതിനുശേഷം കവിളിൽ ചുംബിക്കാൻ ശ്രമിച്ചു. പക്ഷെ വനിതാ മന്ത്രി ഒഴിഞ്ഞുമാറി. യൂറോപ്യൻ യൂണിയൻ കോൺഫറൻസിന് ശേഷം ഗ്രൂപ്പ് ഫോട്ടോ എടുക്കുമ്പോഴായിരുന്നു സംഭവം.
റാഡ്മാനെ വിമർശിച്ച് മുൻ ക്രൊയേഷ്യൻ പ്രധാനമന്ത്രി ജദ്രങ്ക കോസോർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തി. അക്രമാസക്തമായ ചുംബനത്തെ അക്രമം എന്നല്ലേ വിളിക്കുക എന്നാണ് ജദ്രങ്കയുടെ ചോദ്യം. പിന്നാലെ പ്രതികരിച്ച് റാഡ്മാൻ രംഗത്തെത്തി- “എന്താണ് പ്രശ്‌നമെന്ന് എനിക്കറിയില്ല. ഞങ്ങൾ എപ്പോഴും പരസ്പരം ഊഷ്മളമായി അഭിവാദ്യം ചെയ്യാറുണ്ട്. സഹപ്രവർത്തകരോടുള്ള ഊഷ്മളമായ മാനുഷികമായ സമീപനമാണ്. ആരെങ്കിലും അതിൽ മോശമായ എന്തെങ്കിലും കണ്ടെങ്കില്‍, ആ രീതിയിൽ കണ്ടവരോട് ക്ഷമ ചോദിക്കുന്നു".
ക്രൊയേഷ്യൻ വനിതാവകാശ പ്രവർത്തക റാഡ ബോറിക് മന്ത്രിയെ വിമര്‍ശിച്ചു. സംഭവം തികച്ചും അനുചിതമാണെന്നാണ് വിമര്‍ശനം. ചുംബനം അനുവദനീയമായ ബന്ധങ്ങളിലേ പാടുള്ളൂ. അത്തരമൊരു ബന്ധം ഇരുവര്‍ക്കും ഇടയിലില്ല. ജര്‍മന്‍ മന്ത്രി ആശ്ചര്യപ്പെട്ടെന്ന് വ്യക്തമാണെന്നും റാഡ ബോറിക് പ്രതികരിച്ചു.