'മാസ്ക് പൊറോട്ട' ബോധവത്കരണവുമായി ഹോട്ടല്‍; സംഭവം ഹിറ്റ്
ടെംപിള്‍ സിറ്റി എന്ന ഹോട്ടല്‍ ശൃംഖലയുടെ ഉടമ കെഎല്‍ കുമാറാണ് 'മാസ്ക് പൊറോട്ട' എന്ന ആശയവുമായി രംഗത്ത് ഇറങ്ങിയിരിക്കുന്നത്.
മധുരെ: കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി മാസ്ക് ധരിക്കേണ്ട പ്രധാന്യം നാട്ടുകാര്‍ക്ക് വ്യക്തമാക്കി കൊടുക്കാന്‍ വ്യത്യസ്ത രീതിയുമായി ഒരു ഹോട്ടലുടമ. ടെംപിള്‍ സിറ്റി എന്ന ഹോട്ടല്‍ ശൃംഖലയുടെ ഉടമ കെഎല്‍ കുമാറാണ് 'മാസ്ക് പൊറോട്ട' എന്ന ആശയവുമായി രംഗത്ത് ഇറങ്ങിയിരിക്കുന്നത്.
ഏറ്റവും അധികം കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സംസ്ഥാനങ്ങളില്‍ ഒന്നായ തമിഴ്‌നാട്ടില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ പുതിയ മാര്‍ഗമാണ് മാസ്‌ക് രൂപത്തിലുള്ള പൊറോട്ട. കൊവിഡിനെ പ്രതിരോധിക്കാന്‍ മാസ്‌ക് ധരിക്കേണ്ടതിന്റെ പ്രാധാന്യം മനസിലാക്കി നല്‍കുന്നതിനാണ് ഇത്തരമൊരു വഴി ഇവര്‍ തെരഞ്ഞെടുത്തത്.
ചൊവ്വാഴ്ച രാവിലെയാണ് ഇത്തരമൊരു ആശയമുണ്ടായതെന്നും, ഉച്ചയോടെ തന്നെ വിഭവം വില്‍പ്പനയ്‌ക്കെത്തിക്കാന്‍ സാധിച്ചുവെന്നും ഹോട്ടല്‍ ഉടമ കെഎല്‍ കുമാര്‍ ദ ഹിന്ദുവിനോട് പറഞ്ഞു. എങ്ങനെയെങ്കിലും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നത് നിലവിലെ സാഹചര്യത്തില്‍ അത്യാവശ്യമാണെന്നും കുമാര്‍ പറയുന്നു.
ആളുകളുടെ ഇഷ്ടവിഭവമായ പൊറോട്ടയുടെ രൂപത്തില്‍ മാത്രമാണ് മാറ്റം വരുത്തിയതെന്നും, ചേരുവകളെല്ലാം ഒന്നു തന്നെയാണെന്നും ഇവര്‍ പറയുന്നുണ്ട്. മാസ്‌ക് പൊറോട്ട വില്‍പ്പനയ്‌ക്കെത്തിച്ച ആദ്യ ദിവസം തന്നെ പരീക്ഷണം വിജയമായിരുന്നു.
നിരവധി ഓര്‍ഡറുകളാണ് ലഭിച്ചത്. മാസ്‌ക് പൊറോട്ടയുടെ ആരാധകരില്‍ കൂടുതലും കുട്ടികളാണ്. ഒരു സെറ്റ് പൊറോട്ടയ്ക്ക് 50 രൂപയാണ് വില. മധുരയില്‍ കൂടുതല്‍ പേരും മാസ്‌ക് ധരിക്കുന്നില്ല, പക്ഷെ എല്ലാവര്‍ക്കും പൊറോട്ട ഇഷ്ടമാണ്. അതുകൊണ്ട് തന്നെയാണ് അവബോധത്തിന് മാസ്‌ക് പൊറോട്ട തെരഞ്ഞെടുത്തതെന്നും കുമാര്‍ പറഞ്ഞു.