പാതിരാത്രിയിൽ സാങ്കേതിക തകരാർ, അക്കൌണ്ടിലേക്കെത്തിയത് വൻതുകകൾ, മണിക്കൂറുകൾക്കകം ആളുകൾ പിൻവലിച്ചത് 332 കോടി
ഏഴ് മണിക്കൂറോളം സമയത്തിന് ശേഷമാണ് പണമിടപാടുകൾ മരവിപ്പിക്കാൻ ബാങ്കിന് സാധിച്ചത്. ഇതിനോടകം 332 കോടിയിലധികം രൂപയാണ് ഉപഭോക്താക്കൾ അക്കൌണ്ടുകളിൽ നിന്ന് പിൻവലിച്ചതും മറ്റ് ബാങ്കുകളിലേക്ക് നിക്ഷേപിക്കുകയും ചെയ്തത്
ആഡിസ് അബാബ: സാങ്കേതിക തകരാറിനേ തുടർന്ന് അക്കൌണ്ടിലേക്ക് എത്തിയത് വൻ തുകകൾ. സമയം കളയാതെ ഓടിനടന്ന് പണം പിൻവലിച്ച് നാട്ടുകാർ. ഒടുവിൽ അക്കൌണ്ട് ഉടമകളോട് പണം തിരികെ നൽകാനുള്ള അപേക്ഷയയുമായി ഒരു രാജ്യത്തെ സുപ്രധാന ബാങ്ക്. ശനിയാഴ്ച രാവിലെ എത്യോപ്യയിലെ പ്രധാന ബാങ്കായ കൊമേഴ്സ്യൽ ബാങ്ക് ഓഫ് എത്യോപ്യയിലെ ഉപഭോക്താക്കളുടെ അക്കൌണ്ടിലേക്ക് എത്തിയത് വൻ തുകകളാണ്. പിന്നാലെ ജനം ഓടി നടന്ന് വലിയ രീതിയിൽ പണം പിൻവലിക്കുകയും പിൻവലിച്ച തുകകൾ മറ്റ് ബാങ്കുകളിലേക്ക് നിക്ഷേപിക്കുകയും ചെയ്തു.
സംഭവിച്ചത് സാങ്കേതിക തകരാറാണെന്ന് തിരിച്ചറിഞ്ഞെങ്കിലും അത് പരിഹരിക്കാൻ ബാങ്കിന് നിരവധി മണിക്കൂറുകളാണ് വേണ്ടി വന്നത്. ഏഴ് മണിക്കൂറോളം സമയത്തിന് ശേഷമാണ് പണമിടപാടുകൾ മരവിപ്പിക്കാൻ ബാങ്കിന് സാധിച്ചത്. ഇതിനോടകം 332 കോടിയിലധികം രൂപയാണ് ഉപഭോക്താക്കൾ അക്കൌണ്ടുകളിൽ നിന്ന് പിൻവലിച്ചതും മറ്റ് ബാങ്കുകളിലേക്ക് നിക്ഷേപിക്കുകയും ചെയ്തത്. പലരുടേയും അക്കൌണ്ടിൽ ഉണ്ടായിരുന്നതിനേക്കാളും പല മടങ്ങ് അധികമായി ബാങ്ക് ബാലൻസ് കാണിച്ചതോടെയാണ് വലിയ രീതിയിൽ പണം പിൻവലിക്കപ്പെട്ടത്.
രാജ്യത്തെ സുപ്രധാന ബാങ്കിനാണ് ഇത്തരമൊരു അബദ്ധം പിണഞ്ഞത്. വലിയ രീതിയിൽ പണം പിൻവലിച്ചതിൽ ഏറിയ പങ്കും വിദ്യാർത്ഥികളാണെന്ാണ് ബാങ്ക് പ്രസിഡന്റ് ആബേ സാനോ തിങ്കളാഴ്ച മാധ്യമങ്ങളോട് വിശദമാക്കിയത്. ബാങ്കിലെ സാങ്കേതിക തകരാറിനേക്കുറിച്ച് സർവ്വകലാശാലകളിലും കോളേജുകളിലും ഫോൺകോളുകളിലൂടെയും മെസേജുകളിലൂടെയും പ്രചരിച്ചിരുന്നു. സർവ്വകലാശാലകളിലെ എടിഎമ്മുകളിൽ നിന്ന് വലിയ രീതിയിലാണ് പണം പിൻവലിക്കപ്പെട്ടത്. പ്രാദേശിക സമയം രാത്രി ഒരു മണിയോടെയാണ് ബാങ്കിന്റെ സൈറ്റിൽ സാങ്കേതിക തകരാറ് സംഭവിച്ചത്. അർധരാത്രി മുതൽ വലിയ രീതിയിൽ ബാങ്കിൽ നിന്ന് പണം നഷ്ടമായിട്ടുണ്ട്. 38 മില്യൺ ആളുകളാണ് സിബിഇ ബാങ്കിൽ പണം നിക്ഷേപിച്ചിട്ടുള്ളത്. 82 വർഷത്തെ പാരമ്പര്യമുള്ള ബാങ്കിൽ ആദ്യമായാണ് ഇത്തരമൊരു തകരാറ് സംഭവിച്ചത്.
സർക്കാർ സംവിധാനങ്ങൾക്ക് അടക്കം പണം നൽകുന്ന ബാങ്കാണ് കൊള്ളയടിക്കപ്പെട്ട അവസ്ഥയിലെത്തിയിരിക്കുന്നത്. ബാങ്കിന്റെ ആസ്തി വച്ച് നോക്കുമ്പോൾ നഷ്ടമായത് വലിയ തുക അല്ലെങ്കിലും തങ്ങളുടേതല്ലാത്ത പണം പിൻവലിച്ചവരോട് പണം തിരികെ നൽകണമെന്നാണ് ബാങ്ക് ആവശ്യപ്പെട്ടിരിക്കുകയാണ്. സാങ്കേതിക തകരാറ് മൂലം പണം പിൻവലിച്ചവരുടെ വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ലെന്നാണ് സൂചന. സംഭവിച്ചത് സൈബർ ആക്രമണം അല്ലെന്നും സാങ്കേതിക തകരാർ ആണെന്നുമാണ് ബാങ്ക് പ്രസിഡന്റ് വ്യക്തമാക്കിയത്. വിദ്യാർത്ഥികളോട് പിൻവലിച്ച പണം തിരിച്ച് അടയ്ക്കണമെന്ന് ചില സർവ്വകലാശാലകളും ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ട്. പണം തിരികെ നൽകുന്നവർക്കെതിരെ ക്രിമിനൽ നടപടികളുണ്ടാവില്ലെന്ന ഉറപ്പടക്കം നൽകിയാണ് നഷ്ടമായ പണം തിരികെ എത്തുമെന്ന് പ്രതീക്ഷയിൽ എത്യോപ്യയിലെ ബാങ്ക് നോക്കിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം