സര്‍ക്കസ് പ്രകടനത്തിനിടെ അഭ്യാസിയെ പെരുമ്പാമ്പ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി
പ്രകടനത്തിനിടയിൽ പെട്ടെന്ന് ഇയാൾ കാണികളുടെ മുന്നിലേക്കു വീഴുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും ആദ്യം മനസിലായില്ല.
മോസ്കോ: സര്‍ക്കസ് പ്രകടനത്തിനിടെ പെരുമ്പാമ്പ് അഭ്യാസിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. റഷ്യയിലെ ഡെയ്ജിസ്റ്റാനിലാണ് നടുക്കുന്ന സംഭവം. നൂറോളം കാണികൾക്ക് മുന്നിലായിരുന്നു ദാരുണമായ മരണം സംഭവിച്ചത്. കാണികൾ നോക്കിയിരിക്കുമ്പോഴാണ് കഴുത്തിലിട്ട പെരുമ്പാമ്പ് കഴുത്തിൽ വരിഞ്ഞു മുറുക്കി അഭ്യാസിയെ കൊലപ്പെടുത്തി. പാമ്പിനെ കഴുത്തിലൂടെ ചുറ്റിവരിഞ്ഞിട്ടു പ്രകടനം കാഴ്ചവയ്ക്കുന്നതിനിടയിലായിരുന്നു സംഭവം.
പ്രകടനത്തിനിടയിൽ പെട്ടെന്ന് ഇയാൾ കാണികളുടെ മുന്നിലേക്കു വീഴുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും ആദ്യം മനസിലായില്ല. വീഴ്ച അഭ്യാസത്തിന്‍റെ ഭാഗമാണെന്നാണ് കാണികള്‍ കണ്ടത്. എന്നാല്‍ എഴുന്നേല്‍ക്കാതെ ആയപ്പോഴാണ് ശരിക്കും കാണികളും സര്‍ക്കസിലെ സഹപ്രവര്‍ത്തകരും സംഭവം അന്വേഷിച്ചത്.
സർക്കസിലെ മറ്റ് അംഗങ്ങൾ വന്ന് പാമ്പിനെ ഇയാളുടെ കഴുത്തിൽ നിന്ന് എടുത്തുമാറ്റിയത്. എന്നാൽ അപ്പോഴേക്കും ഇയാൾക്ക് ജീവൻ നഷ്ടമായിരുന്നു.താഴെവീണശേഷം കൈകൊണ്ട് ആംഗ്യം കാണിച്ചെങ്കിലും അത് രക്ഷിക്കാനുള്ള വിളിയാണെന്ന് കാണികൾക്കും മനസിലായില്ല.
സമയത്ത് സഹായത്തിന് ആരെങ്കിലും എത്തിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാനാകുമായിരുന്നുവെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.