'പുതുപ്പള്ളിയിൽ എംഎൽഎ ഓഫീസ് ഉണ്ടാകുമോ, അച്ചു ഉമ്മൻ രാഷ്ട്രീയത്തിലേക്കിറങ്ങുമോ'; മറുപടിയുമായി ചാണ്ടി ഉമ്മൻ
ഉമ്മൻചാണ്ടിയുടെ പാത പിന്തുടരാനാണ് ആഗ്രഹം. അദ്ദേഹം എന്തെങ്കിലും കാര്യമില്ലാതെ ഒന്നും ചെയ്യില്ല.
കോട്ടയം: പുതുപ്പള്ളി മണ്ഡലത്തിൽ എംഎൽഎ ഓഫീസ് തുറക്കുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതെ ഒഴിഞ്ഞ് മാറി നിയുക്ത എംഎൽഎ ചാണ്ടി ഉമ്മൻ. എംഎൽഎ ഓഫീസിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും പഠിച്ച് ആലോചിച്ച് വേണ്ട രീതിയിൽ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉമ്മൻചാണ്ടിയുടെ പാത പിന്തുടരാനാണ് ആഗ്രഹം. അദ്ദേഹം എന്തെങ്കിലും കാര്യമില്ലാതെ ഒന്നും ചെയ്യില്ല. എംഎൽഎ ഓഫീസ് ഉണ്ടോ എന്നല്ല, ചെയ്യേണ്ടത് ചെയ്യുന്നുണ്ടോ എന്നതാണ് കാര്യം. എംഎൽഎയായി ഇന്നലെയാണ് പുതുപ്പള്ളി എന്നെ തിരഞ്ഞെടുത്തത്. സമയം വേണം. മറ്റുള്ളവരുമായി കൃത്യമായി ആലോചിച്ച് വേണ്ടത് ചെയ്യുമെന്നും ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
അച്ചു ഉമ്മൻ സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുമോ എന്നതിലും ചാണ്ടി മറുപടി നൽകി. അച്ചു കെ എസ് യുവിൽ പ്രവർത്തിച്ചയാളാണ്. മികച്ച നേതാവായിരുന്നു. പിന്നീട് രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നും വിട്ടുനിന്നു. ഇനി അച്ചു രാഷ്ട്രീയത്തിലേക്ക് തിരിച്ച് വരില്ല. അതവർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കുടുംബ ജീവിതവുമായി മുന്നോട്ട് പോകാനാണ് അവർ ആഗ്രഹിക്കുന്നത്.
ഇക്കാര്യം ഉമ്മൻചാണ്ടി അസുഖബാധിതനായിരിക്കുന്ന സമയത്ത് തന്നെ വീട്ടിൽ ചർച്ചയായിരുന്നു. സഹോദരിമാരായ അച്ചുവിനോടും മരിയത്തോടും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന കാര്യം അന്വേഷിച്ചിരുന്നുവെന്നും ഇവരും രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന നിലപാടെടുക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.