'ചിൽ ബ്രോ ചിൽ, അതിർത്തിയിലാണോ ചായ വിൽപ്പന?' ചായയിലൂടെ സമ്പാദിച്ചത് കോടികൾ, പക്ഷെ ഈ പോസ്റ്റിന് ട്രോളോടുട്രോൾ
മോട്ടിവേഷണല്‍ പോസ്റ്റ് വൈറലായി, പക്ഷെ കൂടുതലും ട്രോളാണെന്ന് മാത്രം
ചായ വില്‍പ്പനയിലൂടെ ഈ വര്‍ഷം 150 കോടി രൂപയുടെ വരുമാനം നേടി വാര്‍ത്തകളില്‍ നിറഞ്ഞ 23കാരനാണ് അനുഭവ് ദുബൈ. 'ചായ് സുട്ട ബാര്‍' എന്ന പേരിലുള്ള അനുഭവിന്‍റെ സ്റ്റാര്‍ട്ടപ്പിന് ഇതിനകം 150 ഔട്ട്‍ലെറ്റുകളുണ്ട്. രാജ്യത്തിനകത്ത് മാത്രമല്ല പുറത്തേക്കും അനുഭവ് ഈ ബിസിനസ് ഇതിനകം വ്യാപിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ കഴിഞ്ഞ ദിവസം അനുഭവ് ദുബൈ സോഷ്യല്‍ മീഡിയയില്‍ വൈറലായത് ഒരു പോസ്റ്റിന്‍റെ പേരിലാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ മോട്ടിവേഷണല്‍ പോസ്റ്റ് ഏഴ് ലക്ഷത്തിലധികം പേര്‍ ഇതിനകം കണ്ടുകഴിഞ്ഞു. പക്ഷെ കൂടുതലും ട്രോള്‍ പെരുമഴയാണെന്ന് മാത്രം.
അനുഭവ് ദുബെ അവരുടെ മീറ്റിംഗിൽ നിന്നുള്ള ഒരു ചിത്രം പങ്കിട്ട് കുറിച്ചതിങ്ങനെ- "9 മണി മുതൽ 5 മണി വരെ ജോലി ചെയ്യുന്ന ഓഫീസ് ജീവനക്കാരെയല്ല ഞങ്ങള്‍ തിരയുന്നത്. അല്ല ഒരിക്കലുമല്ല. ഞങ്ങൾ ഇവിടെ ഒരു സേനയെ (ആര്‍മി) ഉണ്ടാക്കുകയാണ്". കൂടെ ഒരു 'എഫ്' വാക്കുമുണ്ട്. പോസ്റ്റ് വൈറലായെങ്കിലും ട്രോളുകളാണ് കൂടുതലും. ആ 'എഫ്' വാക്കാണ് ചിലരെ ചൊടിപ്പിച്ചത്. ചായ വില്‍ക്കാന്‍ എന്തിനാണ് ആര്‍മി എന്നാണ് മറ്റൊരാളുടെ ചോദ്യം. അതിര്‍ത്തിയിലാണോ ചായ വില്‍ക്കുന്നതെന്ന് മറ്റൊരാള്‍. അനുഭവ് ഭായി നിങ്ങളോടൊപ്പം പോരാടാന്‍ ആര്‍മിയില്‍ ചേരാന്‍ ആഗ്രഹമുണ്ടെന്നാണ് മറ്റൊരു കമന്‍റ്.
ട്രോളൊക്കെയുണ്ടെങ്കിലും അനുഭവിന്‍റെ ചായ് സുട്ട ബാര്‍ കുറഞ്ഞ കാലം കൊണ്ട് കോടികളാണ് നേടിയത്. ആനന്ദ് നായക് എന്ന സുഹൃത്തിനൊപ്പമാണ് അനുഭവ് ചായ ബിസിനസ് തുടങ്ങിയത്. യുപിഎസ്‍സി പരീക്ഷാ പരിശീലനത്തിനായി ദില്ലിയിലെത്തിയ മധ്യപ്രദേശ് സ്വദേശിയായ അനുഭവ് തന്‍റെ വഴി ബിസിനസ്സാണെന്ന് തിരിച്ചറിയുകയായിരുന്നു. അങ്ങനെയാണ് മൂന്ന് ലക്ഷം രൂപയുമായി ചായ് സുട്ട ബസാറിന്‍റെ ആദ്യ ഔട്ട്‍ലെറ്റ് ഇന്‍ഡോറില്‍ തുടങ്ങിയത്.
ബാര്‍ പോലുള്ള അന്തരീക്ഷമാണ് ചായ് സുട്ട ബാറിന്‍റെ പ്രത്യേകത. ചെറിയ മണ്‍ പാത്രത്തിലാണ് ഇവിടെ ചായ നല്‍കുന്നത്. 20 രുചികളിലാണ് ആദ്യം ചായ നല്‍കിയത്. പിന്നീട് പടര്‍ന്ന് പന്തലിച്ച് രാജ്യത്തിനകത്തും പുറത്തും നിരവധി ഔട്ട്‍ലെറ്റുകള്‍ തുറക്കുകയായിരുന്നു.