'എന്നെ കണ്ടില്ലാ.. എന്നുണ്ടോ?', വൈറൽ വീഡിയോ കണ്ടവർ പറയുന്നു, ഇങ്ങനെ ഒരു പൂച്ചയെ കിട്ടിയിരുന്നെങ്കിൽ എന്ന്!
തന്റെ വളർത്തുപൂച്ചയെ അടുത്തു നിർത്തി ഉടമ ഫോണിൽ നോക്കുന്നതാണ് വീഡിയോ
മനുഷ്യനോട് ഏറെ ഇണങ്ങി ജീവിക്കുന്ന വളർത്തു മൃഗങ്ങളിൽ പ്രധാനിയാണ് പൂച്ച. പട്ടികളെ വളർത്തുന്നതുപോലെ പൂച്ചയെ വീട്ടിൽ വളർത്തുന്നവർ നിരവധിയാണ്. പൂച്ചകളുടെ രസകരമായ കുസൃതിയും കരുതലുമെല്ലാം നിരന്തരം സോഷ്യൽ മീഡിയയിൽ വൈറൽ ദൃശ്യങ്ങളായി എത്താറുണ്ട്. പൂച്ചയുടെ ശൌര്യവും വേഗതയും അടക്കം വൈറലിടങ്ങളിൽ പരിചിതമാണ്. ഇപ്പോഴിതാ പൂച്ചയുടെ മറ്റൊരു പ്രവൃത്തിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
തന്റെ വളർത്തുപൂച്ചയെ അടുത്തു നിർത്തി ഉടമ ഫോണിൽ നോക്കുന്നതാണ് വീഡിയോ. ഇത് കണ്ട് പൂച്ചയ്ക്ക്, അത്രയ്ക്കങ്ങ് ഇഷ്ടമായില്ല. ഉടമയുടെ കയ്യിലിരുന്ന ഫോൺ പതിയ പിടിച്ച് താഴെയിട്ട ശേഷം തന്റെ തലയിൽ തലോടാൻ ആവശ്യപ്പെടുന്ന തരത്തിലാണ് പൂച്ചയുടെ വീഡിയോ. ഞാനിവിടെ ഇരിക്കുന്നത് കണ്ടില്ലേടാ... എന്ന മട്ടിലാണ് പൂച്ച തന്റെ തല കൈപ്പത്തിയിൽ തല ചായ്ക്കുന്നതും, ഉരസുന്നതും.
ചെറിയൊരു കുറിപ്പോടെയാണ് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'തന്നെ ലാളിക്കാൻ ശാന്തമായി ആവശ്യപ്പെടുന്ന പൂച്ച' എന്ന കുറിപ്പിനൊപ്പം ഇട്ട വീഡിയോ ഇതിനോടകം രണ്ട് മില്യണിലധികം ആളുകൾ കണ്ടുകഴിഞ്ഞു. ഓഗസ്റ്റ് 12ന് പോസ്റ്റ് ചെയ്ത വീഡിയോ പെട്ടെന്ന് തന്നെ വൈറലായി. ഏറെ രസകരമായ പ്രതികരണങ്ങളാണ് വീഡിയോക്ക് ലഭിക്കുന്നത്. എനിക്കിവിടെ യാതൊരു വിലയുമില്ലേ.. എന്നാണ് പൂച്ച ചോദിക്കുന്നതെന്നാണ് ഒരു കമന്റ്. എനിക്കിവിടെ മര്യാദ ലഭിക്കുന്നല്ലെന്നാണ് പൂച്ച പറയുന്നതെന്ന് മറ്റൊരാൾ. സ്നേഹിക്കാൻ ഇങ്ങനെ ഒരു പൂച്ചയെങ്കിലും ഉള്ളത് എത്ര നല്ലതെന്നു പറയുന്നവരുമുണ്ട്. എന്തായാലും ഇങ്ങനെയൊരു പൂച്ചയുണ്ടെങ്കിൽ മൊബൈൽ ഫോൺ അഡിക്ഷൻ കുറച്ച് കുറയുമെന്നാണ് മറ്റു ചിലരുടെ പക്ഷം.