ട്യൂഷന് പോയ മകൻ മിസിംഗ്, അന്വേഷണത്തിൽ റോഡിൽ പേന വിൽക്കുന്ന ദൃശ്യങ്ങൾ; 570 കിമീ അകലെ മകനെ കണ്ടെത്തി 'പോസ്റ്റ്'
അച്ഛൻ സുകേഷാണ് കുട്ടിയെ ട്യൂഷന്‍ ക്ലാസില്‍ കൊണ്ടുവിട്ടത്
ബെംഗളുരു: കാണാതായ 12 കാരനെ അമ്മയുടെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ 'കണ്ടെത്തി'. ബെംഗളുരുവിൽ നിന്നും കാണാതായ കുട്ടിയെ 570 കിലോമീറ്റർ അകലെയുള്ള ഹൈദരബാദ് മെട്രോ സ്റ്റേഷനിൽ നിന്നുമാണ് കണ്ടെത്തിയത്. ഗുഞ്ചൂർ ഡീൻസ് അക്കാദമിയിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ പരിണവിനെ ഞായറാഴ്ച ഉച്ചയോടെയാണ് കാണാതായത്. തുടർന്ന് അമ്മയും അച്ഛനും മകനെ കണ്ടെത്താൻ സഹായിക്കണമെന്നഭ്യർത്ഥിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ഈ പോസ്റ്റാണ് പരിണവിനെ കണ്ടെത്താൻ സഹായിച്ചത്.
ഞായറാഴ്ച രാവിലെ പതിവുപോലെ വൈറ്റ് ഫീല്‍ഡിലെ ട്യൂഷന്‍ ക്ലാസില്‍ പോയ പരിണവിനെ, പിന്നീട് കാണാതാവുകയായിരുന്നു. അച്ഛൻ സുകേഷാണ് കുട്ടിയെ ട്യൂഷന്‍ ക്ലാസില്‍ കൊണ്ടുവിട്ടത്. ക്ലാസ് കഴിഞ്ഞ് മകനെ കൂട്ടാൻ സുകേഷ് എത്തി. എന്നാൽ പരിണവ് നേരത്തെ തന്നെ ട്യൂഷന്‍ സെന്ററിൽ നിന്ന് പോയിരുന്നു. കുട്ടി വീട്ടിലെത്താതിനെ തുടർന്നാണ് മാതാപിതാക്കള്‍ തിരച്ചില്‍ ആരംഭിച്ചത്. ഇവർ ബെംഗളുരു പൊലീസിലും പരാതി നല്‍കി.
രാവിലെ 11 മണിയോടെ കോച്ചിംഗ് സെന്ററിൽ നിന്നും ഇറങ്ങിയ കുട്ടിയെ ഉച്ചകഴിഞ്ഞ് 3 മണിയോടെ യെമലൂരിനടുത്തുള്ള പെട്രോൾ പമ്പിൽ നിന്നും ചിലർ കണ്ടിരുന്നു. സി സി ടി വി കേന്ദ്രീകരിച്ചുള്ള പൊലീസ് അന്വേഷണത്തിൽ കുട്ടി വൈകീട്ട് ബെംഗളുരു മജസ്റ്റിക് ബസ് ടെര്‍മിനലില്‍ നിന്നും ബസ് കയറുന്ന ദൃശ്യങ്ങളും ലഭിച്ചു. ബാഗ്ലൂരിൽ നിന്നും ആദ്യം കുട്ടി മൈസൂരിലെത്തി, അവിടെ നിന്നും ചെന്നൈ വഴി ഹൈദരബാദിലേക്ക് പോവുകയായിരുന്നു. വെറും 100 രൂപ മാത്രം കയ്യിലുണ്ടായിരുന്ന പരിണവ്, പാർക്കർ പേനകൾ വിറ്റാണ് യാത്ര നടത്തിയത്. ഒരു സി സി ടി വി വീഡിയോയിൽ നിന്നും കുട്ടി പേന വിൽക്കുന്ന ദൃശ്യങ്ങൾ കിട്ടിയിരുന്നു.
പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടും പരിണവ് എവിടെയന്നതിനെ കുറിച്ച് യാതൊരു വിവരങ്ങളും ലഭിക്കാത്തതിനെ തുടർന്ന്, മാതാപിതാക്കള്‍ കുട്ടിയെ കാണാനില്ലെന്നും കണ്ടെത്താൻ സഹായിക്കണമെന്നും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിടുകയായിരുന്നു. കുട്ടി റോഡിലൂടെ നടന്നുപോകുന്ന സി സി ടി വി ദൃശ്യങ്ങള്‍ ഉൾപ്പെടെ പങ്കുവെച്ചുകൊണ്ടാണ് ഇവർ പോസ്റ്റ് ചെയതത്. വീട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ട് കൊണ്ടുള്ള വീഡിയോയും കുട്ടിയുടെ അമ്മ പോസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ കണ്ടെത്താൻ സഹായിക്കണമെന്ന മാതാപിതാക്കളുടെ അഭ്യർത്ഥന ആളുകള്‍ ഏറ്റെടുത്തു. ചില ആളുകള്‍ കുട്ടിയെ കണ്ട സ്ഥലങ്ങളില്‍ പോയി നേരിട്ട് അന്വേഷിച്ചു. കുട്ടിയെ കണ്ടെത്താനായി നിരവധിയാളുകളാണ് ഈ പോസ്റ്റ് പങ്കുവെച്ചത്. ഒടുവില്‍ ഹൈദരാബാദ് സന്ദര്‍ശിക്കാനെത്തിയ ബെംഗളുരു സ്വദേശി കുട്ടിയെ മെട്രോ സ്‌റ്റേഷനില്‍ നിന്നും കണ്ടെത്തുകയായിരുന്നു.
"എന്‍റെ മകനെ കണ്ടെത്താൻ ഞങ്ങളെ സഹായിച്ച അപരിചിതരായ എല്ലാവരോടും ഞാൻ നന്ദി പറയുന്നു. അവന്റെ ചിത്രം മുഴുവൻ നിങ്ങൾ പങ്കുവെച്ചില്ലായിരുന്നെങ്കിൽ ഹൈദരാബാദിലുള്ള ഒരാൾ അവനെ കണ്ടെത്തില്ലായിരുന്നു' - കുട്ടിയെ കണ്ടത്തിയ ശേഷം നന്ദിപറഞ്ഞുകൊണ്ട് അച്ഛൻ സുകേഷ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ഇങ്ങനെയായിരുന്നു. മകൻ എന്തിനാണ് ഹൈദരബാദിലേക്ക് പോയതെന്നതിനെ കുറിച്ച് തനിക്ക് യാതൊരറിവുമില്ലെന്നും അച്ഛൻ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം