സീമാ ഹൈദറിന് ശേഷം സോണിയ അക്തർ, ഭർത്താവിനെ തേടി ബംഗ്ലാദേശ് യുവതി ഇന്ത്യയിൽ, സംഭവമിങ്ങനെ...
യുവതി തന്റെയും കുട്ടിയുടെയും വിസ, പാസ്‌പോർട്ട് വിശദാംശങ്ങൾ, ബംഗ്ലാദേശ് പൗരത്വ കാർഡ് എന്നിവ നൽകിയിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
നോയിഡ: ഭർത്താവിനെ തേടി ബംഗ്ലാദേശ് യുവതി ഉത്തർപ്രദേശിലെ നോയിഡയിൽ. ധാക്ക സ്വദേശിയായ സോണിയ അക്തർ എന്ന യുവതിയാണ് കുഞ്ഞിനെയും കൊണ്ട് നോയിഡയിലെത്തിയത്. നോയിഡ സ്വദേശിയായ സൗരഭ് കാന്ത് എന്ന യുവാവ് മൂന്ന് വർഷം മുമ്പ് ധാക്കയിൽ വച്ച് തന്നെ വിവാഹം കഴിച്ചെന്നും എന്നാൽ പിന്നീട് ഉപേക്ഷിച്ചെന്നും യുവതി ഉത്തർപ്രദേശ് പൊലീസിനോട് പറഞ്ഞു.
സെൻട്രൽ നോയിഡയിലെ സൂരജ്പൂർ ഏരിയയിലാണ് സൗരഭ് കാന്ത് തിവാരി താമസിക്കുന്നതെന്നും യുവതി പൊലീസിനെ അറിയിച്ചു. ഭർത്താവ് ഇപ്പോൾ തന്നെ സ്വീകരിക്കുന്നില്ല. അവന്റെ വീട്ടിലേക്ക് കൊണ്ടുപോകാൻ കൂട്ടാക്കുന്നില്ല. ഞാൻ ബംഗ്ലാദേശിയാണ്. മൂന്ന് വർഷം മുമ്പ് ഞങ്ങൾ വിവാഹിതരായി. ഒരു കുട്ടിയും ജനിച്ചു. കുട്ടിയോടൊപ്പം ഭർത്താവിനൊപ്പം താമസിക്കണമെന്നാണ് ആഗ്രഹംമെന്നും സോണിയ മാധ്യമപ്രവർത്തകരോട് പറഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നോയിഡ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിവാരി നേരത്തെ വിവാഹിതനായിരുന്നുവെന്ന് യുവതി പറഞ്ഞതായി അഡീഷണൽ ഡിസിപി (സെൻട്രൽ നോയിഡ) രാജീവ് ദീക്ഷിത് പറഞ്ഞു.
Read More... വീട്ടുടമയും കുടുംബവും മകനൊപ്പം മുംബൈയിൽ; അടച്ചിട്ടിരുന്ന വീട്ടിൽ പ്ലാൻ ചെയ്ത് മോഷണ ശ്രമം, യുവതി അറസ്റ്റിൽ
യുവതി തന്റെയും കുട്ടിയുടെയും വിസ, പാസ്‌പോർട്ട് വിശദാംശങ്ങൾ, ബംഗ്ലാദേശ് പൗരത്വ കാർഡ് എന്നിവ നൽകിയിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രാഥമിക നിഗമനത്തിൽ ഇരുവരും ബംഗ്ലാദേശിൽ വിവാഹിതരായതായി തോന്നുന്നെന്നും എങ്കിലും എല്ലാ വിശദാംശങ്ങളും പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. സൗരഭ് കാന്ത് തിവാരി ധാക്കയിലെ സ്വകാര്യ സ്ഥാപനത്തിൽ2017 മുതൽ 2021 വരെ ജോലി ചെയ്തിരുന്നു. 2021 ഏപ്രിൽ 14നാണ് ഇസ്ലാമിക നിയമപ്രാകാരം ഇരുവരും വിവാഹിതരായി. എന്നാൽ, സൗരഭ് ഇന്ത്യയിൽ ഭാര്യയും രണ്ട് കുട്ടികളുമുണ്ടെന്നും പൊലീസ് പറഞ്ഞു