ഉപേക്ഷിക്കപ്പെട്ട ടിവി സെറ്റുകൊണ്ട് തെരുവ് നായകൾക്ക് വീടൊരുക്കി യുവാവ്
കുറച്ച് ദിവസം ആലോചിച്ചപ്പോഴാണ് എൽസിഡി ടിവി വാങ്ങിയതിനാൽ ആളുകളെല്ലാം പഴയ ടെലിവിഷൻ സെറ്റ് ഉപേക്ഷിച്ചുകാണുമെന്ന് ഓർത്തത്...
ഗുവാഹത്തി: മഞ്ഞിലും മഴയിലും തെരുവിലലയുന്ന നായകളെ സംരക്ഷിക്കാൻ ശ്രമിക്കുന്ന ഒരു യുവാവിനെ അഭിനന്ദിക്കുകയാണ് ഇന്ന് ഇന്റർനെറ്റ്. കേടുവന്ന് ഉപേക്ഷിച്ച ടിവി സെറ്റുകളിൽ തെരുവുനായകൾക്കുള്ള കൂടൊരുക്കുകയാണ് അസ്സം സ്വദേശിയായ അഭിജിത്ത് ദൊവാരാഹ്. മഞ്ഞുകാലവും മഴക്കാലവും താണ്ടാൻ കഷ്ടപ്പെടുന്ന നായകൾക്ക് സംരക്ഷണം നൽകണമെന്ന് അഭിജിത്ത് തീരുമാനിക്കുകയായിരുന്നു. എൽസിഡി ടിവി വന്നതോടെ പഴയ ടിലെവിഷൻ സെറ്റുകൾ ശേഖരിച്ച അഭിജിത്ത് അതിലാണ് കൂടുകൾ നിർമ്മിച്ചത്. ഈ ടെലിവിഷൻ സെറ്റുകളിൽ കുഞ്ഞുവീടുകളുണ്ടാക്കി.
ഇൻസ്റ്റഗ്രാമിലൂടെയാണ് അഭിജിത്ത് ഇക്കാര്യങ്ങൾ പങ്കുവച്ചത്. ഇൻസ്റ്റയിലെ അഭിജിത്തിന്റെ ഫോളോവേഴ്സിനോടും അവരുടെ പ്രദേശത്തുള്ള തെരുവ് നായകൾക്കായി ഇങ്ങനെ കൂടുകൾ നിർമ്മിക്കാൻ അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
കുറച്ച് ദിവസം ആലോചിച്ചപ്പോഴാണ് എൽസിഡി ടിവി വാങ്ങിയതിനാൽ ആളുകളെല്ലാം പഴയ ടെലിവിഷൻ സെറ്റ് ഉപേക്ഷിച്ചുകാണുമെന്ന് ഓർത്തത്. പൂർണ്ണമായും മാലിന്യമായി മാറിയ അതിൽ നിന്ന് തെരുവ് നായകൾക്ക് കൂടൊരുക്കാമെന്ന് ആലോചികകുകയായിരുന്നു. കുറച്ച് ടിവി സെറ്റ് സംഘടിപ്പിച്ച് അതിലെ അനാവശ്യമായതെല്ലാം ഒഴിവാക്കി കൂട് തയ്യാറാക്കി തെരുവിൽ അവിടെയവിടെയായി സ്ഥാപിച്ചു. കൂടുതൽ ടിവി സെറ്റുകൾ സംഘടിപ്പിച്ച് കൂടുതൽ കൂടുകൾ ഉണ്ടാക്കി, മറ്റിടങ്ങളിലുമെത്തിച്ചു. - അഭിജിത്ത് പറഞ്ഞു.