ഏഷ്യാനെറ്റ് ന്യൂസ് ഡിഎസ്എൻജി വാനിന്റെ മാതൃകയുണ്ടാക്കി കുട്ടികളുടെ റിപ്പോർട്ടിങ്, പിറ്റേദിവസം മുറ്റത്ത് ഒറിജിനൽ

സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് വീഡിയോ കുട്ടികൾ ആവിഷ്കരിച്ച സമയം സ്കൂൾ വാനിന് പുറത്ത് ഒരു കുട നിവർത്തിവെച്ച് അതിൽ പേപ്പറൊട്ടിച്ച് ഏഷ്യാനെറ്റിന്റെ ഡിഎസ്എൻജിയായി ചിത്രീകരിച്ചു.

Asianet news reporters visit school after students make model of dsng van prm

കോഴിക്കോട്: സ്കൂൾ തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്ത കുഞ്ഞുമാധ്യമ സംഘത്തെ നേരിൽ കാണാനെത്തി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർമാർ. കഴിഞ്ഞ ദിവസം കരീറ്റിപ്പറമ്പ് ശംസുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് സംഭവം. സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് വീഡിയോ കുട്ടികൾ ആവിഷ്കരിച്ച സമയം സ്കൂൾ വാനിന് പുറത്ത് ഒരു കുട നിവർത്തിവെച്ച് അതിൽ പേപ്പറൊട്ടിച്ച് ഏഷ്യാനെറ്റിന്റെ ഡിഎസ്എൻജിയായി ചിത്രീകരിച്ചു. അതിന് താഴെ നിന്നാണ് റിപ്പോർട്ടറും  ക്യാമറമാനും തെരഞ്ഞെടുപ്പ് ആവേശത്തോടെ റിപ്പോർട്ട് ചെയ്തത്.

ഈ വീഡിയോ കഴിഞ്ഞ ദിവസം അധ്യാപകനായ റാഷി കെ വി ആർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. പിന്നാലെ ഏഷ്യാനെറ്റ്‌ ന്യൂസ് മാധ്യമപ്രവർത്തകർ സ്കൂളിലേക്ക് വരുന്നുണ്ടെന്നറിയിക്കുകയായിരുന്നു. റീജിയനൽ എഡിറ്റർ ഷാജഹാൻ കാളിയത്ത്, സിആർ രാജേഷ്, പിഎൽ കിരൺ, കൃഷ്ണേന്ദു തുടങ്ങി ക്യാമറമന്മാരും ടെക്‌നീഷ്യന്മാരും അടങ്ങുന്ന വലിയൊരു നിര തന്നെ സ്കൂളിലെത്തി.

Read More... കേരളം വരൾച്ചാ ഭീഷണിയിലേക്ക്; മൺസൂൺ മഴ കുത്തനെ കുറഞ്ഞു, കാരണം ഈ പ്രതിഭാസം, മുന്നറിയിപ്പ് ഇങ്ങനെ...

കുട്ടികളെ സന്ദർശിച്ച ഏഷ്യാനെറ്റ് ന്യൂസ് സംഘം കുട്ടികൾക്ക് മധുരം നൽകി. ഒറിജിനൽ ഡിഎസ്എൻജി വാഹനം കണ്ട സന്തോഷത്തിലായിരുന്നു കുട്ടികൾ. വാഹനത്തിൽ കയറിയും ഫോട്ടോയെടുത്തും  സംവിധാനത്തെ കുട്ടികൾ ചോദിച്ച് മനസ്സിലാക്കി. കുട്ടികളെ എല്ലാം പറഞ്ഞ് മനസ്സിലാക്കിയ ശേഷമാണ് സംഘം മടങ്ങിയത്. സ്വാതന്ത്ര്യദിനത്തിലെ അപ്രതീക്ഷിത സന്ദർശനം കുട്ടികൾക്ക് ഇരട്ടിമധുരമായി. 

അധ്യാപകന്റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ 

 ഇന്നലെയാണ് ഞങ്ങളുടെ കരീറ്റിപ്പറമ്പ് ശംസുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്നത്.തിരഞ്ഞെടുപ്പ് വീഡിയോയിൽ കുട്ടികൾ ആവിഷ്കരിച്ചതായിരുന്നു സ്കൂൾ വാനിന് പുറത്ത് ഒരു കുട നിവർത്തിവെച്ച് അതിൽ A4 പേപ്പർ ഒട്ടിച്ച് ഏഷ്യാനെറ്റിന്റെ DSNG യായി ചിത്രീകരിച്ച് അതിന് താഴെ നിന്ന് റിപ്പോർട്ട് ചെയ്യുന്ന റിപ്പോർട്ടറും ക്യാമറമാനും. ഇത് കഴിഞ്ഞ ദിവസം ഞാൻ FB യിൽ പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെ ഏഷ്യാനെറ്റ്‌ ന്യൂസിലെ Kiran PL വിളിച്ച് ഇന്ന് സ്കൂളിലേക്ക് വരുന്നുണ്ടെന്നറിയിച്ചു.

അവർ വന്നതാവട്ടെ ഞങ്ങളുടെ മനസ്സ് നിറച്ച്.സസ്പെൻസുകൾക്കൊടുവിൽ കുട്ടികൾക്കരികിൽ സാക്ഷാൽ DSNG.
ഷാജഹാനിക്കയും cr രാജേഷേട്ടനും കിരണും കൃഷ്‌ണേന്ദുവും ക്യാമറമന്മാരും ടെക്‌നീഷ്യന്മാരും അടങ്ങുന്ന വലിയൊരു നിരതന്നെ നേരിട്ടത്തി. കുട്ടികൾക്ക് മധുരവും അവർ നൽകി. വാഹനം കണ്ട സന്തോഷത്തിലായിരുന്നു കുട്ടികൾ.വാഹനത്തിൽ കയറിയും ഫോട്ടോയെടുത്തും ഈ സംവിധാനത്തെ കുട്ടികൾ ചോദിച്ച് മനസ്സിലാക്കി.

കുഞ്ഞുമക്കളുടെ മനസ്സിൽ ഏഷ്യാനെറ്റെന്ന കേരളത്തിലെ നമ്പർ വൺ ചാനലിന്റ പേര് വരുന്നു എന്നത് ഏഷ്യാനെറ്റിന്റെ കാലപ്പഴക്കവും ഇടപെടലുകളും എത്രമാത്രം മനസ്സുകളിലും തലമുറകളിലും ആഴ്ന്നിറങ്ങിയിട്ടുണ്ട് എന്നതിന്റെ സൂചനായായിരുന്നു ആ ചിത്രീകരണം. ഇത് തിരിച്ചറിഞ്ഞ ഏഷ്യാനെറ്റിന്റെ സഹപ്രവർത്തകർക്ക് എന്റെ സ്നേഹാശംസകൾ. ഞങ്ങൾ ആവേശത്തിലാണ്, ഈ സ്വാതന്ത്ര്യദിനം ഞങ്ങൾക്ക് മറക്കാൻ കഴിയില്ല.
നന്ദി ഏഷ്യാനെറ്റ്‌ 
ഞങ്ങളുടെ കുട്ടികളുടെ സന്തോഷവും  അറിവും കൗതുകവും പകർത്തിയതിനും പരിഗണിച്ചതിനും....

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios