ഐ ഫോൺ ഡെലിവറി വൈകുമെന്ന് പറഞ്ഞു, കലിയിളകി കലിപ്പന്മാർ, ജീവനക്കാരെ പൊതിരെ തല്ലി!
സ്റ്റോറിൽ പത്തോളം ജീവനക്കാരുടെ മുന്നിൽവെച്ചായിരുന്നു മർദ്ദനം. ഇവർ തടയാൻ ശ്രമിച്ചെങ്കിലും യുവാക്കൾ അടങ്ങിയില്ല. രണ്ട് ഉപഭോക്താക്കൾക്കെതിരെയും ക്രിമിനൽ നടപടി ചട്ടത്തിലെ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ദില്ലി: ഐഫോൺ 15 സ്വന്തമാക്കാൻ സ്റ്റോറിന് മുന്നിൽ മണിക്കൂറുകൾ ആളുകൾ കാത്തുനിൽക്കുന്ന വാർത്തക്ക് പിന്നാലെ ഫോൺ ഡെലിവറി വൈകിയതിനെ തുടർന്ന് ജീവനക്കാരെ മർദ്ദിക്കുന്ന വീഡിയോ വൈറൽ. സംഭവത്തിൽ രണ്ടുപേർക്കെതിരെ ദില്ലി പൊലീസ് കേസെടുത്തു. ഐഫോൺ 15-ന്റെ ഡെലിവറി വൈകുമെന്ന് ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് യുവാക്കൾ അക്രമാസക്തരാകുകയായിരുന്നു. പിന്നാലെ ഇവർ ആപ്പിൾ സ്റ്റോറിലെ ജീവനക്കാരെ മർദ്ദിച്ചു. നോർത്ത് ദില്ലിയിലെ കമല നഗർ മാർക്കറ്റിലാണ് സംഭവം.
സ്റ്റോറിൽ പത്തോളം ജീവനക്കാരുടെ മുന്നിൽവെച്ചായിരുന്നു മർദ്ദനം. ഇവർ തടയാൻ ശ്രമിച്ചെങ്കിലും യുവാക്കൾ അടങ്ങിയില്ല. രണ്ട് ഉപഭോക്താക്കൾക്കെതിരെയും ക്രിമിനൽ നടപടി ചട്ടത്തിലെ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇന്ത്യയിൽ ഐഫോൺ 15 വിൽപ്പന ആരഭിച്ചത് മുതൽ സ്റ്റോറുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മുംബൈയിലെ ആപ്പിൾ സ്റ്റോറിൽ നിന്ന് പുതിയ ഐഫോൺ, ആപ്പിൾ വാച്ച്, എയർപോഡ്‌സ് എന്നിവയിൽ നിന്ന് ആദ്യമായി സ്വന്തമാക്കാനായി അഹമ്മദാബാദ്, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് പോലും ആളുകളെത്തിയിരുന്നു. ആപ്പിൾ സ്റ്റോറിൽ ഐഫോൺ വാങ്ങാനായി ഉപഭോക്താക്കൾക്ക് 17 മണിക്കൂർ ക്യൂ നിൽക്കേണ്ടി വന്നു. ചിലർ വിമാനത്തിലാണ് മുംബൈയിലെത്തി ആപ്പിൾ ഫോൺ വാങ്ങിയത്.