മദമിളകിയ കാട്ടാനയുടെ മുന്നിൽ സെൽഫി; യുവതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്-വീഡിയോ
ഉത്തരാഖണ്ഡിലെ കോർബെറ്റ് കടുവ സങ്കേതത്തിലെത്തിയ ഒരുകൂട്ടം വിനോദസഞ്ചാരികൾക്ക് നേരെ ആക്രോശിച്ച് വരുകയായിരുന്നു ആന. ഇതിനിടയിലാണ് ജീപ്പിലിരുന്ന യുവതികൾ ആനയ്ക്കൊപ്പം സെൽഫി എടുക്കാന്‍ ശ്രമിച്ചത്.
ഡെറാഡൂൺ: മദമിളകിയ കാട്ടാനയുടെ മുന്നിൽവച്ച് സെൽഫി എടുക്കാൻ ശ്രമിച്ച യുവതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഉത്തരാഖണ്ഡിലെ കോർബെറ്റ് കടുവ സങ്കേതത്തിലെത്തിയ ഒരുകൂട്ടം വിനോദസഞ്ചാരികൾക്ക് നേരെ ആക്രോശിച്ച് വരുകയായിരുന്നു ആന. ഇതിനിടയിലാണ് ജീപ്പിലിരുന്ന യുവതികൾ ആനയ്ക്കൊപ്പം സെൽഫി എടുക്കാന്‍ ശ്രമിച്ചത്.
വിനോദസഞ്ചാരികളെ ആക്രമിക്കുന്നതിനായി ഓടിപാഞ്ഞെത്തിയ ആനയെ കണ്ടപ്പോൾ തന്നെ ഡ്രൈവറോട് വണ്ടിയെടുക്കാൻ യുവതികൾ അലമുറയിടുകയായിരുന്നു. എന്നാൽ ജീപ്പ് സ്റ്റാർട്ടാകാൻ കുറച്ച് സമയം എടുത്തു. ആന ജീപ്പിന്റെ അടുത്ത് എത്താറായപ്പോഴാണ് ഡ്രൈവർ ജീപ്പ് ഓടിച്ചത്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണിപ്പോൾ. മദമിളകിയ ആനയുടെ മുന്നിൽനിന്നും അത്ഭുതകരമായാണ് യുവതികൾ രക്ഷപ്പെട്ടതെന്നാണ് 30 സെക്കന്റുള്ള വീഡിയോ കണ്ടവരെല്ലാം ഒന്നടകം പറയുന്നത്.
യുവതികളെല്ലാവരും ദില്ലിയിൽ നിന്നുള്ളവരാണ്. ഉത്തരാഖണ്ഡിലെ രാംനഗർ കാട് ഉൾപ്പെടുന്ന മോഹൻ റേഞ്ച് സന്ദർശിക്കുന്നതിന് ടൂറിസ്റ്റ് ഗൈഡിനൊപ്പമാണ് യുവതികൾ എത്തിയത്. യുവതികളുടെ നിർദ്ദേശപ്രകാരമാണ് ഗൈഡ് കോർബെറ്റ് കടുവ സങ്കേതത്തിനടുത്തേക്ക് പോയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് സംസ്ഥാന വനം വകുപ്പ് അധികാരികൾ അറിയിച്ചു.