ആരെ വിശ്വസിക്കും! എയര്‍പോർട്ടിലെ ചെക്പോയിന്റിൽ യാത്രക്കാരുടെ ബാഗിൽനിന്ന് പണം മോഷ്ടിക്കുന്ന ജീവനക്കാർ -വീഡിയോ
എക്‌സ്‌റേ മെഷീനിലേക്കുള്ള കടത്തുന്ന വാലറ്റുകളിൽ നിന്നും പേഴ്‌സുകളിൽ നിന്നും പണം മോഷ്ടിക്കാൻ ജീവനക്കാർ ശ്രമിക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
ന്യൂയോർക്ക്: യാത്രക്കാരന്റെ ബാഗിൽ നിന്ന് പണവും മറ്റ് വസ്തുക്കളും മോഷ്ടിക്കുന്ന എയർപോർട്ട് ജീവനക്കാരുടെ ദൃശ്യങ്ങൾ വൈറൽ. മിയാമി ഇന്റർനാഷണൽ എയർപോർട്ടിലാണ് സംഭവം. ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷൻ (ടിഎസ്‌എ) ജീവനക്കാരാണ് യാത്രക്കാരുടെ ബാഗുകളിൽ നിന്ന് പണവും മറ്റ് വസ്തുക്കളും മോഷ്ടിച്ചത്. ജൂൺ 29 നാണ് സംഭവം നടന്നത്. യാത്രക്കാരുടെ ലഗേജിൽ നിന്ന് 600 ഡോളറും മറ്റ് വസ്തുക്കളും ഉദ്യോഗസ്ഥർ മോഷ്ടിച്ചെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഈ വർഷം 20-കാരനായ ജോസു ഗോൺസാലസ്, 33-കാരനായ ലാബറിയസ് വില്യംസ് എന്നിവരെ അറസ്റ്റ് ചെയ്തു. ചെക്ക് പോയിന്റിൽ മോഷണം നടന്നുവെന്ന ആരോപണം എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.
എക്‌സ്‌റേ മെഷീനിലേക്കുള്ള കടത്തുന്ന വാലറ്റുകളിൽ നിന്നും പേഴ്‌സുകളിൽ നിന്നും പണം മോഷ്ടിക്കാൻ ജീവനക്കാർ ശ്രമിക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഒരു ഉദ്യോഗസ്ഥൻ വാലറ്റിനുള്ളിൽ കൈ വയ്ക്കുന്നതും പണം സ്വന്തം പോക്കറ്റിലേക്കിടുന്നതും ദൃശ്യങ്ങളിൽ കാണാം. ചോദ്യം ചെയ്യലിൽ ഇരുവരും നേരത്തെ നടത്തിയ നിരവധി മോഷണങ്ങൾ ഏറ്റുപറഞ്ഞു. പ്രതിദിനം ശരാശരി 1,000 ഡോളർ മോഷ്ടിച്ചതായി സമ്മതിച്ചു. അന്വേഷണവും നടപടികളും പൂർത്തിയാകുന്നതുവരെ സ്‌ക്രീനിംഗ് ചുമതലകളിൽ നിന്ന് ഉദ്യോഗസ്ഥരെ നീക്കം ചെയ്തതായി ടിഎസ്‌എ അറിയിച്ചു.
ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്‌മിനിസ്‌ട്രേഷൻ ഓഫീസർമാർ ഉന്ന പ്രൊഫഷണനലിസവും ധാർമ്മികതയും പുലർത്തുന്നവരാണെന്നും ജോലിസ്ഥലത്തെ മോശം പെരുമാറ്റങ്ങളോട് സഹിഷ്ണുത കാണിക്കില്ലെന്നും ടിഎസ്എ പ്രസ്താവന പ്രസ്താവനയിൽ അറിയിച്ചു.