'കുറിഞ്ഞി കാണാൻ കൊണ്ടുപോകാമോ?'; അമ്മയെ ചുമലിലേറ്റി മകൻ; യാത്രയ്ക്ക് പിന്നിലെ കഥ

'ജീപ്പിറങ്ങിയപ്പോൾ പ്രതീക്ഷിച്ച കാഴ്ച കാണാതായതോടെ അമ്മയുടെ മുഖം മാറി. വീണ്ടും നടക്കാൻ സാധിക്കില്ലെന്ന ഭാവത്തിൽ എന്നെ നോക്കി. പിന്നെ ഒന്നും നോക്കിയില്ല.  എന്റെ അമ്മയല്ലേ.. ഞാനങ്ങ് എടുത്തു'.

87 year old elikutty went idukki to see neelakurinji blooming with family viral photos

കൊച്ചി:  'ഇനിയൊരു നീലക്കുറിഞ്ഞി വസന്തം കാണാൻ ഞാനില്ലെങ്കിലോ? എന്നെ കൂടെ കൊണ്ടുപോകുമോ?'.. എൺപത്തിയേഴുകാരിയായ സ്വന്തം അമ്മയുടെ ഇത്തരമൊരു ചോദ്യം ആരുടെയും  ഉള്ളുപൊളളിക്കും. അവരുടെ ആരോഗ്യവും മറ്റുള്ളവരുടെ എതിർപ്പുകളുമൊക്കെ സൃഷ്ടിക്കുന്ന പ്രതിസന്ധികൾ മുന്നിലുണ്ടെങ്കിലും അതൊക്കെ മറികടക്കാനുള്ള കരുത്ത്, ആ ഒരൊറ്റ ചോദ്യത്തിനുണ്ടാകും. അമ്മയെ ചുമലിലേറ്റി മലകയറുന്ന മകൻറെ വൈറൽ വിഡിയോയുടെ തുടക്കം ഇങ്ങനെയായിരുന്നു. 

14 വർഷം കാത്തിരുന്നാണ് കുറിഞ്ഞി വിരുന്നെത്തുന്നത്. സ്വിസ്സർലാന്റിൽ പ്രവാസം ജീവിതം നയിക്കുന്ന റോജന്റ വരവും അത്തരമൊരു ഇടവേളക്ക് ശേഷമായിരുന്നു. 5 വർഷമാണ് നാട്ടിലെത്താനുള്ള കാത്തിരുപ്പ് നീണ്ടത്. റോജന്റ സഹോദരങ്ങളും ആ വരവ് ആഘോഷമാക്കി. ഇതിനിടെയാണ് മൂന്നാറിൽ കുറിഞ്ഞി വസന്തമെത്തിയെന്ന വാർത്ത അറിഞ്ഞത്. ആ കൗതുകം അമ്മയുമായും പങ്കു വച്ചു. 

അപ്രതീക്ഷിതമായാണ് തനിക്കും യാത്രക്ക് ഒപ്പം കൂടണമെന്ന ആഗ്രഹം  'അമ്മ ഏലിക്കുട്ടി പ്രകടിപ്പിച്ചത്. ആരോഗ്യ പ്രശ്നങ്ങൾ മൂലം വിശ്രമിച്ചിരുന്ന ഏലിക്കുട്ടി ചുരുക്കും ചില സമയങ്ങളിലെ യാത്ര ചെയ്തിരുന്നുള്ളു. അമ്മയുടെ ആ ആഗ്രഹം അടുത്ത ദിവസം തന്നെ നടത്തികൊടുക്കാൻ റോജനും സഹോദരങ്ങളും തീരുമാനിച്ചു. 

കോട്ടയത്തുനിന്ന് ശാന്തൻ പാറ വരെയുള്ള നീണ്ട യാത്രയാണ് വലിയ വെല്ലുവിളിയെന്ന് ആദ്യം കരുതി.  പക്ഷേ മൂന്നാറെത്തിയപ്പോൾ അതിലും വലിയ വെല്ലുവിളിയാണ് കാത്തിരുന്നത്. കാറിലിരുന്നു കാണാവുന്ന കാഴ്ചയല്ല കുറിഞ്ഞി വസന്തമെന്നും അത് കാണാൻ കുന്നിൻ മുകളിലേക്ക് പോകണമെന്നും തിരിച്ചറിഞ്ഞു. അവിടേക്ക് ജീപ്പിൽ വേണം യാത്ര ചെയ്യാൻ. എല്ലാവരും ആശങ്കപ്പെട്ടെങ്കിലും ഏലിക്കുട്ടിക്ക് ആ യാത്രയും ബുദ്ധിമുട്ടായിരുന്നില്ല. മക്കളും കൊച്ചുമക്കളുമൊത്ത് ജീപ്പിന്റെ മുൻ സീറ്റിൽ തന്നെയിരുന്ന് അവർ യാത്രതിരിച്ചു. 

എന്നാൽ ജീപ്പ് നിർത്തിയിടത്ത് കുറിഞ്ഞി പൂക്കൾ കണ്ടില്ല. കുറച്ചു കൂടി നടക്കണം. 'ജീപ്പിറങ്ങിയപ്പോൾ പ്രതീക്ഷിച്ച കാഴ്ച കാണാതായതോടെ അമ്മയുടെ മുഖം മാറി. വീണ്ടും നടക്കാൻ സാധിക്കില്ലെന്ന ഭാവത്തിൽ എന്നെ നോക്കി. പിന്നെ ഒന്നും നോക്കിയില്ല.  എന്റെ അമ്മയല്ലേ.. ഞാനങ്ങ് എടുത്തു'. ചെറുചിരിയോടെ റോജൻ പറയുന്നു. ജീവിതത്തിൽ ഒരിക്കലും കാണാത്ത കാഴ്ച ഏലിക്കുട്ടിക്കു ലഭിച്ചപ്പോൾ അമ്മയുടെ ആഗ്രഹം നിറവേറിയതിന്റെ സന്തോഷത്തിലാണ് റോജനും സഹോദരങ്ങളും. 1996 ൽ ആയിരുന്നു ഏലിക്കുട്ടിയുടെ ഭർത്താവ് പോളിന്റെ മരണം.

Latest Videos
Follow Us:
Download App:
  • android
  • ios