ഓമനകളായി വളർത്തിയത് വിഷ പല്ലികളെ, കടിയേറ്റ് 34കാരനായ ഉടമയ്ക്ക് ദാരുണാന്ത്യം

വളർത്തിയിരുന്ന ഗില മോൺസ്റ്റർ ഇനത്തിലെ പല്ലികളിലൊന്നാണ് യുവാവിനെ ആക്രമിച്ചത്. തടിച്ചുരുണ്ട വാലുകളുള്ള വിഷമുള്ള പല്ലിയിനത്തിൽ ഉൾപ്പെടുന്നവയാണ് ഗില മോൺസ്റ്റർ

34 year old  man dies after being bitten by pet Gila monster etj

കൊളറാഡോ: വീട്ടിൽ ഓമനകളായി വളർത്തിയിരുന്ന അപൂർവ്വയിനം പല്ലിയുടെ കടിയേറ്റ് 34കാരന് ദാരുണാന്ത്യം. കൊളറാഡോ സ്വദേശിയായ യുവാവിനെയാണ് ഇയാൾ വളർത്തിയിരുന്ന ഗില മോൺസ്റ്റർ ഇനത്തിലെ പല്ലികളിലൊന്ന് ആക്രമിച്ചത്. തടിച്ചുരുണ്ട വാലുകളുള്ള വിഷമുള്ള പല്ലികളിലൊന്നിന്റെ കടിയേറ്റ് ദിവസങ്ങളോളം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ക്രിസ്റ്റഫർ വാർഡ് എന്ന 34കാരൻ മരണത്തിന് കീഴടങ്ങിയത്. ഫെബ്രുവരി 12നാണ് ക്രിസ്റ്റഫറിനെ ഗില മോൺസ്റ്ററുകളിലൊന്ന് ആക്രമിക്കുന്നത്. വിൻസ്റ്റൺ, പൊട്ടറ്റോ എന്നീ പേരുകളായിരുന്നു ക്രിസ്റ്റഫറും കാമുകിയും ഇവയ്ക്ക് നൽകിയിരുന്നത്.

കടിയേറ്റയുടനെ തന്നെ യുവാവിന് ശ്വാസ തടസവും ഛർദിയും അനുഭവപ്പെട്ടതോടെ യുവാവ് ചികിത്സാ സഹായം തേടിയിരുന്നു. ക്രിസ്റ്റഫറിന്റെ കാമുകി രണ്ട് ഗില മോൺസ്റ്ററുകളേയും മൃഗസംരക്ഷകരെ ഏൽപ്പിച്ചിരിക്കുകയാണ്. ഗുരുതരമായ അലർജിയാണ് ക്രിസ്റ്റഫറിന് സൃഷ്ടിച്ചതെന്നുള്ള വിലയിരുത്തലിലാണ് ആരോഗ്യ വിദഗ്ധരുള്ളത്. 1930ലാണ് ഇതിന് മുൻപ് ഗില മോൺസ്റ്ററിന്റെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതെന്നാണ് ലഭ്യമായ വിവരങ്ങൾ വ്യക്തമാക്കുന്നത്. പല മെഡിക്കൽ ജേണലുകളിലും ഇത്തരം ഉരഗങ്ങളുടെ വിഷബാധയേറ്റ സംഭവങ്ങളേക്കുറിച്ച് പ്രതിപാദിക്കുന്നില്ലെന്നാണ് ഉരഗവർഗ വിദ്ധർ അന്തർദേശീയ മാധ്യമങ്ങളോട് വിശദമാക്കുന്നത്.

മാംസഭുക്കുകളായ ഇത്തരത്തിലുള്ള രണ്ട് ഗില മോൺസ്റ്ററുകളേയായിരുന്നു ക്രിസ്റ്റഫർ പരിപാലിച്ചിരുന്നത്. 22 ഇഞ്ച് വരെ നീളമുള്ള പല്ലികളാണ് ഗില മോൺസ്റ്ററുകൾ. ഗില നദിയിൽ നിന്നാണ് ഇവയ്ക്ക് ഈ പേര് ലഭിച്ചത്. ക്രിസ്റ്റഫറിന്റെ വിഷപരിശോധനാ ഫലങ്ങൾ പുറത്ത് വന്നാലേ വിഷബാധയേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. 12 ഇഞ്ച് മാത്രം വലുപ്പമുള്ള ഗില മോൺസ്റ്റർ കുഞ്ഞാണ് ക്രിസ്റ്റഫറിനെ കടിച്ചതെന്നാണ് സൂചന. ഈ പല്ലിയെ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കാനുള്ള നീക്കത്തിലാണ് അധികൃതരുള്ളത്. ഇത്തരത്തിലുള്ള വിഷബാധ അപകടങ്ങൾ ചെറുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഉടമയേ കടിച്ച ഗില മോൺസ്റ്ററിനെ പഠനത്തിന് വിധേയമാക്കുന്നത്. അമേരിക്കയിലെ മരുഭൂമികളിൽ സാധാരണമായി കാണുന്ന ഉരഗങ്ങളാണ് ഗില മോൺസ്റ്ററുകൾ. ഇവയെ ലൈസൻസില്ലാതെ വളർത്തുന്നത് കൊളറാഡോയിൽ കുറ്റകരമാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios