റോട്ട് വീലര്‍ നായകള്‍ക്കൊപ്പം രണ്ട് വയസുകാരിയെ കാണാതായി, തിരഞ്ഞെത്തിയ പൊലീസ് സംഘത്തെ ഞെട്ടിച്ച് ആ കാഴ്ച
രാത്രിയായതോടെ തെരച്ചില്‍ ദുഷ്കരമായെങ്കിലും വന്യമൃഗ ശല്യമുള്ള വനമേഖലയില്‍ കുട്ടിയെ കാണാതെ പോയതിനാല്‍ തെരച്ചില്‍ നിര്‍ത്താന്‍ സംഘം തയ്യാറായില്ല
പെനിസുല: വളർത്തുനായകള്‍ക്കൊപ്പം നടക്കാനിറങ്ങി കാണാതായ രണ്ട് വയസുകാരിക്കായി നാടും കാടും ഇളക്കി പൊലീസ് തെരച്ചില്‍ നടത്തുന്നതിനിടെ ഞെട്ടിക്കുന്ന കണ്ടെത്തല്‍. അമേരിക്കയിലെ മിഷിഗണിലാണ് കഴിഞ്ഞ ദിവസം രണ്ട് വയസുകാരിയെ കാണാതായത്. ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് രണ്ട് വയസുകാരിയെ കാണാനില്ലെന്ന് പരാതി ലഭിക്കുന്നത്. കാണാതായത് കുട്ടിയായതുകൊണ്ട് പൊലീസും മറ്റ് സേനാ അംഗങ്ങളും ബന്ധുക്കളും ചേര്‍ന്ന് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.
ഡ്രോണുകളും പൊലീസ് നായകളും അടക്കമുള്ള സംഘമാണ് രണ്ട് വയസുകാരിക്കായി തെരച്ചില്‍ നടത്തിയത്. രാത്രിയായതോടെ തെരച്ചില്‍ ദുഷ്കരമായെങ്കിലും വന്യമൃഗ ശല്യമുള്ള വനമേഖലയില്‍ കുട്ടിയെ കാണാതെ പോയതിനാല്‍ തെരച്ചില്‍ നിര്‍ത്താന്‍ സംഘം തയ്യാറായില്ല. പുലര്‍ച്ചയോടെ ഡ്രോണുകളാണ് കൊടുംങ്കാട്ടില്‍ റോട്ട് വീലര്‍ ഇനത്തിലെ നായകളെ പൊലീസ് സംഘം കണ്ടെത്തുമ്പോള്‍. വളര്‍ത്തുനായകള്‍ കുട്ടിയെ എന്തെങ്കിലും ചെയ്തോയെന്ന ആശങ്കയോടെ ഓടിയെത്തിയ പൊലീസ് സംഘം കണ്ടെത്തിയത് ചെറിയ നായയുടെ ശരീരം തലയിണ പോലെ വച്ച് സുഖമായി കിടന്നുറങ്ങുന്ന രണ്ട് വയസുകാരിയെയാണ്. അഞ്ച് വയസോളം പ്രായമുള്ള റോട്ട് വീലര്‍ കുട്ടിയ്ക്ക് കാവല്‍ നില്‍ക്കുന്നതിനിടയിലായിരുന്നു ഈ സുഖനിദ്ര.
പൊലീസ് സംഘത്തേയും കുട്ടിയുടെ അടുത്തേക്ക് അടുപ്പിക്കാതിരുന്ന നായയെ ഒടുവില്‍ രണ്ട് വയസുകാരിയുടെ രക്ഷിതാക്കളെത്തിയാണ് സമാധാനിപ്പിച്ചത്. കാട്ടില്‍ നടന്ന് ക്ഷീണിച്ചെങ്കിലും കുട്ടിയ്ക്ക് പരിക്കില്ലെന്ന ആശ്വാസത്തിലാണ് മാതാപിതാക്കളുള്ളത്. മറ്റ് അപകടങ്ങളൊന്നും കൂടാതെ കുട്ടിയെ കണ്ടെത്താനായതിന്റെ സമാധാനത്തില്‍ പൊലീസും. കുട്ടിയേയും നായ്ക്കളേയും പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം വീട്ടിലേക്ക് അയച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം