സാങ്കേതിക തകരാർ, 101 കാരിയെ ശിശുവാക്കി, വിമാനയാത്രയിൽ പുലിവാല് പിടിച്ച് പട്രീഷ്യ
തുടക്കത്തിൽ തമാശയായി തോന്നിയെങ്കിലും സാങ്കേതിക തകരാറ് സേവനങ്ങൾ ലഭ്യമാകുന്നതിൽ കാല താമസം വരുത്തുന്നുവെന്നാണ് പട്രീഷ്യ പ്രതികരിക്കുന്നത്
ന്യൂയോർക്ക്: 101കാരിയുടെ ജനന തിയതി കണക്കാക്കുന്നതിൽ പതിവായി പിഴവ്. 101 കാരിയെ പതിവായി പരിഗണിക്കുന്നത് കുട്ടികളുടെ ഗണത്തിൽ. അമേരിക്കയിലാണ് സംഭവം. 1922ൽ ജനിച്ച പട്രീഷ്യ എന്ന സ്ത്രീയെയാണ് വിവിധ വിമാന കമ്പനികൾ കുട്ടികളുടെ ഗണത്തിൽ ഉൾപ്പെടുത്തിയത്. 1922 വർഷം കണക്കാക്കുന്നതിൽ കംപ്യൂട്ടറുകൾക്ക് സംഭവിച്ച സാങ്കേതിക തകരാറാണ് ഇതിന് കാരണമെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. 1922നെ 2022 എന്നാണ് കംപ്യൂട്ടറുകൾ കണക്കിലെടുക്കുന്നത്.
ഒരിക്കൽ വീൽ ചെയറിലെത്തിയ പട്രീഷ്യയെ കുട്ടിയാണെന്ന് കരുതി ടെർമിനലിൽ സഹായം ലഭിക്കാൻ വൈകുന്ന സാഹചര്യമടക്കമുണ്ടായതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചെക്ക് ഇൻ ജീവനക്കാരും ക്യാബിൻ ക്രൂ അംഗങ്ങളും മുന്നിലെത്തുന്ന കുട്ടിയെ കണ്ട് അമ്പരന്ന അനുഭവങ്ങളും പട്രീഷ്യയ്ക്കുണ്ട്. തുടക്കത്തിൽ തമാശയായി തോന്നിയെങ്കിലും സാങ്കേതിക തകരാറ് സേവനങ്ങൾ ലഭ്യമാകുന്നതിൽ കാല താമസം വരുത്തുന്നുവെന്നാണ് പട്രീഷ്യ പ്രതികരിക്കുന്നത്. നഴ്സായി ജോലി ചെയ്തിരുന്നു പട്രീഷ്യ വിരമിച്ച ശേഷം മകൾക്കൊപ്പമാണ് താമസം. ബന്ധുക്കളെ കാണാനായുള്ള വാർഷിക യാത്രയിലാണ് പട്രീഷ്യയെ എന്നും കംപ്യൂട്ടറിന് മാറിപ്പോകുന്നത്.
97വയസ് വരെ തനിച്ച് യാത്ര ചെയ്തിരുന്ന പട്രീഷ്യ കാഴ്ച സംബന്ധിയായ തകരാറുകൾ നേരിട്ട ശേഷമാണ് ഒരാളുടെ സഹായത്തോടെ യാത്രകൾ ചെയ്യാൻ ആരംഭിച്ചത്. തന്റെ ശരിയായ പ്രായം കംപ്യൂട്ടറിന് തിരിച്ചറിയാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഓരോ യാത്രയെന്നുമാണ് പട്രീഷ്യ വിശദമാക്കുന്നത്. അടുത്തിടെ നടത്തിയ യാത്രയിൽ വീൽ ചെയർ ലഭിക്കാനായി ഏറെ നേരം കാത്തിരിക്കേണ്ടി വന്നതാണ് സാങ്കേതിക തകരാറ് പുലിവാലായി തോന്നിത്തുടങ്ങാൻ കാരണമെന്നും ഇവർ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം