എയർ ഹോസ്റ്റസിന്റെ പിഴവിൽ 10 വയസുകാരിക്ക് പൊള്ളലേറ്റു; കമ്പനിയെ പഴിച്ച് മാതാപിതാക്കള്‍; എയർലൈന്റെ വിശദീകരണം
ആംബുലന്‍സ് വിളിച്ച് അപരിചമായ നാട്ടില്‍ തങ്ങളെ ഒറ്റയ്ക്ക് ആശുപത്രിയിലേക്ക് അയക്കുകയാണ് ഉണ്ടായത്. അതിന്റെ ചെലവ് വഹിക്കേണ്ടി വന്നു. ഒരു സുഹൃത്തിന്റെ സുഹൃത്ത് മൂന്ന് തവണ പോയാണ് ലഗേജ് എടുത്തത്.
ന്യൂഡല്‍ഹി: വിമാന യാത്രയ്ക്കിടെ 10 വയസുകാരിക്ക് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തില്‍ കമ്പനിയെ കുറ്റപ്പെടുത്തി മാതാപിതാക്കള്‍. കുട്ടിക്ക് ഹോട്ട് ചോക്കലേറ്റ് നല്‍കുന്നതിനിടെ എയര്‍ ഹോസ്റ്റസിന്റെ കൈയില്‍ നിന്ന് ചൂടു വെള്ളം കാലില്‍ വീണാണ് പൊള്ളലേറ്റത്. ഓഗസ്റ്റ് 11ന് ഡല്‍ഹിയില്‍ നിന്ന് ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള എയര്‍ വിസ്‍താര വിമാനത്തിലായിരുന്നു അപകടം.
അതേസമയം സംഭവത്തിന് ശേഷം വിമാനക്കമ്പനി ജീവനക്കാര്‍ ഖേദം പ്രകടിപ്പിക്കുകയോ ചികിത്സാ ചെലവ് വഹിക്കുകയോ ചെയ്തില്ലെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. എന്നാല്‍ കുടുംബവുമായി ബന്ധപ്പെട്ടുവെന്നും ഇന്ത്യയിലേക്കുള്ള അവരുടെ മടക്കത്തിനാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കിയെന്നും കമ്പനി അവകാശപ്പെട്ടു. കുട്ടിയുടെ ചികിത്സാചെലവ് പൂര്‍ണമായി ഏറ്റെടുക്കുമെന്നും എയര്‍ വിസ്താര അറിയിച്ചിട്ടുണ്ട്.
10 വയസുകാരി താരയുമായി ഫ്രാങ്ക്ഫര്‍ട്ടിലേക്ക് യാത്ര ചെയ്ത അമ്മ രചന ഗുപ്തയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരോപണം ഉന്നയിച്ചത്. അപകടം കാരണം തങ്ങള്‍ക്ക് ലിസ്‍ബണിലേക്കുള്ള കണക്ഷന്‍ ഫ്ലൈറ്റ് നഷ്ടമായി. വിമാനത്തില്‍ വെച്ച് ഒരു പാരാമെഡിക്കല്‍ ജീവനക്കാരന്‍ പ്രാഥമിക ശുശ്രൂഷ നല്‍കുകയും വിമാനത്താവളത്തില്‍ ആംബുലന്‍സ് ഒരുക്കുകയും ചെയ്തെങ്കിലും വിമാനക്കമ്പനിയില്‍ നിന്ന് ഒരു മാപ്പപേക്ഷ പോലുമുണ്ടായില്ല. ഭാരിച്ച ചികിത്സാ ചെലവ് മുഴുവന്‍ സ്വയം വഹിക്കേണ്ടി വന്നു. "എയര്‍ വിസ്താര എയര്‍ ഹോസ്റ്റസിന്റെ പിഴവില്‍ പത്ത് വയസുകാരിക്ക് സെക്കന്റ് ഡിഗ്രിയിലുള്ള പൊള്ളലേറ്റു. എന്നാല്‍ അപകടത്തെ മോശമായ തരത്തിലാണ് കമ്പനി കൈകാര്യം ചെയ്തത്. എയര്‍ ഹോസ്റ്റസോ, ക്യാപ്റ്റനോ, ക്രൂ അംഗങ്ങളോ ഒരു ക്ഷമാപണം പോലും നടത്തിയില്ല" - അമ്മ ആരോപിച്ചു.
"വിമാനത്തില്‍ വെച്ച് പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും ആംബുലന്‍സ് വിളിച്ച് അപരിചമായ നാട്ടില്‍ തങ്ങളെ ഒറ്റയ്ക്ക് ആശുപത്രിയിലേക്ക് അയക്കുകയാണ് ഉണ്ടായത്. അതിന്റെ ചെലവ് വഹിക്കേണ്ടി വന്നു. ഒരു സുഹൃത്തിന്റെ സുഹൃത്ത് മൂന്ന് തവണ പോയാണ് ലഗേജ് എടുത്തത്. അഞ്ച് മണിക്കൂറോളം അദ്ദേഹം വിമാനത്താവളത്തില്‍ നിന്നു". ആംബുലന്‍സിന് ചെലവായ 503 യൂറോയും ആശുപത്രി ബില്ലും തങ്ങള്‍ വഹിക്കേണ്ടി വന്നു. ലിസ്ബണിലേക്കുള്ള കണക്ഷന്‍ ഫ്ലൈറ്റ് നഷ്ടമായി. പകരം യാത്രയ്ക്കുള്ള സംവിധാനം വിമാനക്കമ്പനി ഒരുക്കിയില്ല. സംഭവത്തിന് ശേഷം വിമാനക്കമ്പനിയില്‍ നിന്ന് ബന്ധപ്പെട്ടതേയില്ലെന്നും സംഭവം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ശേഷമാണ് എന്തെങ്കിലും പ്രതികരണം ഉണ്ടായതെന്നും ആരോപിച്ചു.
എന്നാല്‍ അമ്മയ്ക്കും മകള്‍ക്കും ഇന്ത്യയിലേക്ക് മടങ്ങാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയെന്നും ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും എയര്‍ വിസ്താര പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. "ഓഗസ്റ്റ് 11ന് ഡല്‍ഹിയില്‍ നിന്ന് ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള വിമാനത്തില്‍ കുട്ടിയ്ക്ക് ചൂടുള്ള ഭക്ഷണ സാധനം വിളമ്പുന്നതിനിടെ, കുട്ടി കളിക്കുകയായിരുന്നതിനാല്‍ അത് അബദ്ധത്തില്‍ ശരീരത്തില്‍ വീഴുകയായിരുന്നു. രക്ഷിതാക്കള്‍ ആവശ്യപ്പെട്ട ശേഷമാണ് കുട്ടിയ്ക്ക് ഹോട്ട് ചോക്ലേറ്റ് നല്‍കിയത്. ഇതിനിടെ ചൂടുവെള്ളം ശരീരത്തില്‍ വീണു.
വിമാനത്തിലുണ്ടായിരുന്ന പാരാമെഡിക്കല്‍ ജീവനക്കാരന്റെ സഹായത്തോടെ പ്രഥമശുശ്രൂഷ നല്‍കി. വിമാനം ഫ്രാങ്ക്ഫര്‍ട്ടില്‍ ലാന്റ് ചെയ്തപ്പോള്‍ ആംബുലന്‍സ് ഏര്‍പ്പെടുത്തി കുട്ടിയെയും അമ്മയെയും ആശുപത്രിയിലേക്ക് അയച്ചു. അതിന് ശേഷം അവരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിനോടകം തന്നെ അവര്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങാനുള്ള സൗകര്യമൊരുക്കി. ഫ്രാങ്ക്ഫര്‍ട്ടില്‍ യാത്രാ സൗകര്യം ഏര്‍പ്പെടുത്തി. ചികിത്സയ്ക്ക് ചെലവായ മുഴുവന്‍ തുകയും തിരികെ നല്‍കുമെന്ന് അവരെ അറിയിച്ചിട്ടുണ്ടെന്നും - കമ്പനി അറിയിച്ചു.