ആ ജനക്കൂട്ടം അമേരിക്കയിലേത്; മോദിയെ കാണാനെത്തിയ 'ലക്ഷങ്ങളുടെ ചിത്രം' പഴയത്
ഈ മാസം രണ്ടിനായിരുന്നു ബംഗാളിലെ പര്‍ഗനാസ് ജില്ലയില്‍ മോദി റാലി നടത്തിയത്. ഗോധി വിജയ് എന്ന ബിജെപി അനുകൂല അക്കൗണ്ടില്‍ നിന്നാണ് ഈ ചിത്രം ആദ്യം ഷെയര്‍ ചെയ്യപ്പെട്ട് തുടങ്ങിയത്
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി കൊമ്പുകോര്‍ക്കുന്നതിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളില്‍ നടത്തിയ റാലി ഏറെ ശ്രദ്ധേയമായിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം വലിയ തരംഗമാണ് ഈ റാലിയുണ്ടാക്കിയത്.
എന്നാല്‍, മോദിയെ കാണാനെത്തിയ ജനക്കൂട്ടം എന്ന തരത്തില്‍ ബിജെപി പ്രചരിപ്പിച്ച ചിത്രങ്ങള്‍ അമേരിക്കയില്‍ നടന്ന ഒരു റാലിയുടേതെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. പ്രധാനമന്ത്രി ബംഗാളില്‍ റാലിക്കെത്തിയപ്പോള്‍ ഇരമ്പിയാര്‍ത്ത ജനാവലി എന്ന അടിക്കുറിപ്പികളോടെ സംഘപരിവാര്‍ അക്കൗണ്ടുകളിലൂടെയാണ് ഈ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ എത്തിയത്.
മമത ബാനര്‍ജി പ്രതിരോധം തീര്‍ക്കുമ്പോഴും ജനം മോദി ഭരണത്തിനൊപ്പമാണെന്ന് തെളിയിക്കുന്നതാണ് ഈ ജനക്കൂട്ടം എന്നും സാമൂഹ്യ മാധ്യമങ്ങളില്‍ ബിജെപിയടെ ക്യാമ്പയിനും നടന്നു. എന്നാല്‍, ഈ ചിത്രം അമേരിക്കയില്‍ നടന്ന മറ്റൊരു റാലിയുടേതാണെന്നാണ് ഇന്ത്യന്‍ ടുഡേ അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഈ മാസം രണ്ടിനായിരുന്നു ബംഗാളിലെ പര്‍ഗനാസ് ജില്ലയില്‍ മോദി റാലി നടത്തിയത്. ഗോധി വിജയ് എന്ന ബിജെപി അനുകൂല അക്കൗണ്ടില്‍ നിന്നാണ് ഈ ചിത്രം ആദ്യം ഷെയര്‍ ചെയ്യപ്പെട്ട് തുടങ്ങിയത്. ഗൂഗൂളില്‍ നടന്ന പരിശോധനയില്‍ ഒരു ചിത്രം പുറത്ത് വന്നത് 2015 ഫെബ്രുവരിയിലാണെന്നും രണ്ടാം ചിത്രം 2013 നവംബറിലാണെന്നും വ്യക്തമായി. മൂന്നാം ചിത്രം നരേന്ദ്ര മോദിയുടെ വെബ്സെെറ്റില്‍ തന്നെ വന്നിട്ടുള്ള ചിത്രമാണ്.