ഫാദർ ജോസഫ് പാംപ്ലാനിക്കെതിരെ വിജിലൻസ് കേസ്; സ്കൂൾ സ്വന്തമാക്കാൻ വ്യാജരേഖകളുണ്ടാക്കിയതായി പരാതി
ഇടവക അംഗങ്ങളുടെ അനുമതി പത്രം, സ്കൂളും സ്ഥാപനവും ബിഷപ്പിന്‍റെ ഉടമസ്ഥതയിലുള്ളതാണെന്ന് കാണിക്കുന്ന റിപ്പോര്‍ട്ട് തുടങ്ങിയവയാണ് വ്യാജമായുണ്ടാക്കിയത്.
കോഴിക്കോട്: തട്ടിപ്പു കേസുകളില്‍ പ്രതിയായ വൈദികന്‍ ഫാ. ജോസഫ് പാംബ്ലാനിക്കെതിരെ വിജിലന്‍സ് കേസുമുണ്ടെന്ന് റിപ്പോർട്ട്. പുന്നക്കല്‍ സെന്‍റ് സെബാസ്റ്റ്യന്‍ ഹൈസ്ക്കൂള്‍ തട്ടിയെടുക്കാൻ വ്യാജ രേഖകളുണ്ടാക്കിയെന്നാണ് കേസ്. ഇടവക അംഗങ്ങളാണ് വൈദികനെതിരെ കേസ് കൊടുത്തിരിക്കുന്നത്. ഇടവക അംഗങ്ങളുടെ അനുമതി പത്രം, സ്കൂളും സ്ഥാപനവും ബിഷപ്പിന്‍റെ ഉടമസ്ഥതയിലുള്ളതാണെന്ന് കാണിക്കുന്ന റിപ്പോര്‍ട്ട് തുടങ്ങിയവയാണ് വ്യാജമായുണ്ടാക്കിയത്.
പുന്നക്കല്‍ ഇടവകയുടെ കീഴിലുള്ളതാണ് സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്ക്കൂള്‍. സ്കൂളും സ്ഥലവും അനുബന്ധ സ്ഥാപനങ്ങളും കോര്‍പ്പറേറ്റില്‍ ലയിപ്പിക്കാന്‍ വേണ്ടിയാണ് ഫാ. ജോസഫ് പാംബ്ലാനി വ്യാജരേഖയുണ്ടാക്കിയതെന്നാണ് പരാതി. പുന്നക്കലില്‍ വികാരിയായിരുന്ന കാലത്താണ് ഇവയെല്ലാം ചെയ്തിരിക്കുന്നത്.
സ്കൂള്‍ തട്ടിയെടുക്കാനുള്ള ശ്രമം നടത്തിയതിന് പിന്നില്‍ ധനമോഹമാണെന്ന് ഇടവകാംഗങ്ങള്‍ ആരോപിക്കുന്നു. വൈദികനെതിരെ മറ്റ് രണ്ട് കേസുകളും നിലവിലുണ്ട്. രത്നക്കല്ല് ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പുല്ലൂംരാംപാറ സ്വദേശിയായ എബ്രഹാം തോമസില്‍ നിന്ന് എഴുപത്തി ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസ് കോടതിയിലാണ്. 80 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ആരോപിച്ച് നെല്ലിപ്പോയില്‍ സ്വദേശിയായ മാളിയേക്കമണ്ണില്‍ സക്കറിയ നൽകിയ പരാതിയിൽ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്.