കന്യാസ്ത്രീയുടെ മരണത്തില്‍ ദുരൂഹത: വിശദമായ അന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച്
ഇരുപത് വര്‍ഷം മുന്‍പാണ് കല്ലുരുട്ടി സേക്രട്ട് ഹാര്‍ട്ട് മഠം വളപ്പിലെ കിണറ്റില്‍ സിസ്റ്റര്‍ ജ്യോതിസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കോഴിക്കോട്: കല്ലുരുട്ടി കോണ്‍വെന്‍റിലെ കന്യാസ്ത്രീയുടെ മരണത്തിലെ ദുരൂഹത ശരിവച്ച് ക്രൈബ്രാംഞ്ചിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിര്‍ണ്ണായക കണ്ടെത്തലിന് വ്യക്തത ലഭിക്കണമെങ്കില്‍ ശാസ്ത്രീയ അന്വേഷണം നടക്കണമെന്ന റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഡിജിപിക്ക് കൈമാറി.
ഇരുപത് വര്‍ഷം മുന്‍പാണ് കല്ലുരുട്ടി സേക്രട്ട് ഹാര്‍ട്ട് മഠം വളപ്പിലെ കിണറ്റില്‍ സിസ്റ്റര്‍ ജ്യോതിസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പോലീസും, ക്രൈംബ്രാഞ്ചും നേരത്തെ ആത്മഹത്യയെന്ന് വിധിയെഴുതിയ കേസിലാണ് നിര്‍ണ്ണായക വഴിത്തിരിവ് . ഇപ്പോള്‍ നടക്കുന്ന ക്രൈംബ്രാഞ്ചിന്‍റെ തുടരന്വേഷണമാണ് മരണത്തിലെ ദുരൂഹതകള്‍ ശരിവയ്ക്കുന്നത്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍ സംബന്ധിച്ച് ഒരന്വേഷണവും നടന്നിരുന്നില്ലെന്നാണ് വ്യക്തമാകുന്നത്. കന്യാസ്ത്രീയുടേത് മുങ്ങിമരമാണെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം നിഗമനമെങ്കിലും ഏറെ നിര്‍ണ്ണായകമായ കണ്ടെത്തല്‍ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ജനനേന്ദ്രിയത്തില്‍ ആഴത്തില്‍ മുറിവുണ്ടായിരുന്നെന്നും, രക്തം വാര്‍ന്നിരുന്നെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.
പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോ പി ബി ഗുജ്റാളില്‍ നിന്ന് അന്വേഷണ സംഘം വീണ്ടും മൊഴിയെടുത്തിട്ടുണ്ട്.മാതാപിതാക്കളുടേയും ,പരാതിക്കാരന്‍റെയും മൊഴി രേഖപ്പെടുത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിര്‍ണ്ണായക കണ്ടെത്തല്‍ സംബന്ധിച്ച് അന്വേഷണം നടക്കാത്തതതിനെതിരെ നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു.
മരണം ആത്മഹത്യയാക്കി തീര്‍ക്കാന്‍ സഭ അധികൃതര്‍ ഇടപെട്ടെന്നും, സിബിഐ അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് കന്യാസ്ത്രീയുടെ കുടംബം ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. തുടരന്വേഷണം ആവശ്യപ്പെട്ട് കാത്തലിക് ലെയ്മാന്‍ അസോസിയേഷന്‍ എന്ന സംഘടന ഇക്കഴിഞ്ഞ ജൂലൈയില്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കേസില്‍ ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷണം നടത്തുന്നത്.