ആദിവാസികളെ വഞ്ചിച്ച കഥ... അരിവാള്‍ രോഗികള്‍ക്കുള്ള ഭൂമിയിലും കയ്യിട്ടു വാരി കീശ നിറച്ചു

tribal land

വയനാട്: വയനാട്ടില്‍ ഗുരുതരാവസ്ഥയിലുള്ള അരിവാള്‍ രോഗികള്‍ക്കു ഭൂമി വാങ്ങിനല്‍കുന്ന പദ്ധതിയിലും വന്‍ ക്രമക്കേട്. വാങ്ങി നല്‍കിയതു രോഗികള്‍ക്ക് ഉപയോഗിക്കാനാവാത്ത ചെങ്കുത്തായ ഭൂമി. കഴിഞ്ഞ ഭരണകാലത്തു കോണ്‍ഗ്രസ് നേതാക്കളുടെ സമ്മര്‍ദം മൂലമാണ് ഉപയോഗയോഗ്യമല്ലാത്ത ഭൂമി വാങ്ങിയതതെന്ന് ഇതേക്കുറിച്ച് അന്വേഷിച്ച ഞങ്ങളോട് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

ഗുരുതരമായ രക്തജന്യരോഗമാണ് അരിവാള്‍രോഗം. ഇതു ബാധിച്ച രോഗികള്‍ക്ക് രക്തമില്ലായ്മ, അണുബാധ, പക്ഷാഘാതം തുടങ്ങിയ ഗുരുതരമായ അവസ്ഥകള്‍ എപ്പോഴുമുണ്ടാകാം. കാലാവസ്ഥയിലെ മാറ്റങ്ങള്‍ ഇവര്‍ക്കു താങ്ങാനാവില്ല. പ്രതിവിധിക്കുവേണ്ടി ആധുനിക വൈദ്യശാസ്ത്രംപോലും അനുശാസിക്കുന്നതു സ്വസ്ഥമായ ജീവിതാണ്.

ഇതു മുന്‍നിര്‍ത്തിയാണ് ഇത്തരം രോഗികള്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതലുള്ള വയനാട്ടില്‍, ഇവരെ സഹായിക്കാനാണ് ഒരേക്കര്‍ ഭൂമി വീതം വാങ്ങിനല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വാസയോഗ്യമായ ഭൂമി നല്‍കാനുള്ള സര്‍ക്കാര്‍ പദ്ധതി ഇവര്‍ക്ക് എങ്ങനെയാണു ലഭിച്ചതെന്ന് അന്വേഷിക്കുമ്പോഴാണ് തട്ടിപ്പിന്റെ തുടര്‍ കഥകള്‍ പുറത്തുവരുന്നത്.

അരിവാള്‍ രോഗികള്‍ക്കു താമസിക്കാനായി  തവിഞ്ഞാല്‍ വില്ലേജില്‍ സര്‍ക്കാര്‍ വാങ്ങിയ ഭൂമിയില്‍ ‍ഞങ്ങള്‍ പോയി. ഒട്ടും ശാരീരിക ക്ഷമതിയല്ലാത്ത രോഗികള്‍ക്കായി സര്‍ക്കാര്‍ കണ്ടെത്തിയത് ചെങ്കുത്തായ പാറക്കെടുകളടങ്ങിയ തേയിലതോട്ടം.  കീടനാശിനികള്‍ പ്രയോഗിക്കുന്നതിനാല്‍ ഈ ഭൂമി അരിവാള്‍ രോഗികള്‍ക്ക് ഒട്ടും അനുയോജ്യമല്ല. എപ്പോഴും കാലാവസ്ഥ മാറിക്കോണ്ടിരിക്കുന്നതു വലിയ പ്രതിസന്ധിയുണ്ടാക്കുന്നു.

സെന്റ് ഒന്നിനു 16000 രൂപ നിരക്കില്‍ ഒരു കോടി അറുപതു ലക്ഷം രൂപ നല്‍കിയാണ് ഈ ഭൂമി സര്‍ക്കാര്‍ വാങ്ങിയത്. നിരവധി പ്രശ്‌നങ്ങളുണ്ടായിട്ടും ഈ ഭൂമിതന്നെ എന്തുകൊണ്ടു വാങ്ങിയെന്ന് അന്വേഷിച്ച ഞങ്ങള്‍ എത്തിയത് അന്നിടപാട് നടത്തിയ ട്രൈബല്‍ ഉദ്യോഗസ്ഥനടുത്താണ്. സ്ഥാനകയറ്റം കിട്ടി ഇപ്പോള്‍ പട്ടികവര്‍ഗ ക്ഷേമ വകുപ്പിന്റെ ജില്ലയിലെ ചുമതലകാരനാണിപ്പോള്‍.

പട്ടികവര്‍ഗ്ഗ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം റെവന്യു ഉദ്യോഗസ്ഥരും ഭൂമി വാങ്ങുന്നതില്‍ പങ്കാളികളാണ്. ട്രസ്റ്റ് ഉണ്ടാക്കി സാമ്പത്തികം നേടാനായാണ് ഭൂമിയെടുത്തതെന്ന് ഉദ്യോഗസ്ഥന്‍ ഒളിക്യമാറയ്ക്കു മുന്നില്‍ സമ്മതിച്ചു. രോഗികള്‍ക്ക് വാസയോഗ്യമാക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഉദ്യോഗസ്ഥര്‍ ഇവിടെ മറന്നു.

ഇതിനേക്കാള്‍ കഷ്ടമാണ് കാഞ്ഞിരങ്ങാട് വില്ലേജില്‍ അരിവാള്‍ രോഗികള്‍ക്കായി വാങ്ങിച്ച ഭൂമി. ഭൂമി സര്‍ക്കാരിനു വിറ്റത് ഡിസിസി സെക്രട്ടറി ഐസക്കിന്റെ കുടുംബം. ഈ വകയില്‍ സര്‍ക്കാരിനു നഷ്ടമായത് 1725000.

മാനന്തവാടി വില്ലേജിലെ അരിവാള്‍ രോഗം ബാധിച്ചവര്‍ക്കായി കണ്ടെത്തിയതു വെള്ളം കിട്ടാത്ത ഭൂമി. ഈ ഭൂമി ഉപയോഗിക്കാന്‍ കഴിയാത്തതാണെന്ന കൃത്യമായ ബോധ്യമുണ്ടായിരിക്കെത്തന്നെയാണ് ഇതുവാങ്ങിയതെന്ന് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ സമ്മതിക്കുന്നു.

എതാണ്ട് അഞ്ചു കോടിരൂപ ഇത്തരത്തില്‍ ചിലവഴിച്ച ശേഷം ആര്‍ത്തി അവസനാക്കാതെ വീണ്ടും സമാനമായ രീതിയില്‍ സിക്കില്‍ സെന്‍ അനീമിയ രോഗികള്‍ക്കായി നീക്കിവെച്ച ഫണ്ടില്‍ കയ്യിട്ടുവാന്‍ ഭൂമി അന്വേഷിക്കുന്ന തിരക്കിലാണ് ഉദ്യോഗസ്ഥര്‍. സിക്കില്‍ സെന്‍ അനീമിയ രോഗികളിലധികവും ആദിവാസികളായതിനാല്‍ ഈ ക്രമക്കേട് ഇതുവരെ ലോകമറിഞ്ഞിട്ടില്ല.

Latest Videos
Follow Us:
Download App:
  • android
  • ios