ഒ.വി. വിജയന്റെ സമ്പൂര്‍ണ്ണ ജീവചരിത്രം ഉള്‍ക്കൊള്ളുന്ന നോവല്‍ വരുന്നു
- ഒ.വി. വിജയനെ കുറിച്ച് എ.വി. ഫിര്‍ദൗസാണ് നോവല്‍ എഴുതുന്നത്.
കോഴിക്കോട്: മലയാള നോവല്‍ സാഹിത്യ ചരിത്രത്തില്‍ അസാധാരണമായ ഒരിടം നേടിയ ഒ.വി. വിജയന്‍ ഓര്‍മ്മയായിട്ട് 13 വര്‍ഷം. ഖസാക്കിന്റെ ഇതിഹാസമെന്ന നോവലിലൂടെ തന്നെ വായനക്കാരുടെ പ്രിയങ്കരനായ ഒ.വി. വിജയന്റെ ജീവിതത്തെ അതിന്റെ പരിപൂര്‍ണ്ണതയില്‍ ആവിഷ്‌കരിക്കുന്ന ഒരു നോവല്‍ ഒരുങ്ങുന്നു. കഥാകൃത്ത്, നോവലിസ്റ്റ്, കാര്‍ട്ടൂണിസ്റ്റ്, കോളമിസ്റ്റ്, രാഷ്ട്രീയ നിരീക്ഷകന്‍ എന്നീ നിലകളിലെല്ലാം അറിയപ്പെട്ട വ്യക്തിയായ ഒ.വി. വിജയനെ കുറിച്ച് എ.വി. ഫിര്‍ദൗസാണ് നോവല്‍ എഴുതുന്നത്.
2005 മാര്‍ച്ച് മുതല്‍ക്കുള്ള നീണ്ട 13 വര്‍ഷത്തെ അന്വേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ് ഈ നോവലിന്റെ രചന നടത്തുന്നതെന്ന് ഫിര്‍ദൗസ്. ഒ.വി.വിജയന്റെ ആദ്യ ലേഖനം, ആദ്യ ചെറുകഥ, ആദ്യ വര എന്നിവ തൊട്ട് പ്രസിദ്ധീകരിക്കപ്പെടാത്ത കുറിപ്പുകള്‍ വരെ പഠന വിധേയമാക്കിയാണ് നോവല്‍ എഴുതുന്നത്. ജീവചരിത്രത്തിന്റെ രേഖീകരണ കൃത്യമായുള്ള നോവലാകുമിതെന്നും അദ്ദേഹം പറഞ്ഞു.
365 അധ്യായങ്ങള്‍ ഉള്ള ബൃഹത്തായ നോവലാണിത്. ഇത്രയധികം അധ്യായങ്ങള്‍ ഉള്ള ഒരു നോവല്‍ ഇതുവരെയും മലയാള ഭാഷയില്‍ പിറന്നിട്ടില്ല. അധ്യായങ്ങളുടെ ഓരോന്നിന്റെയും ശീര്‍ഷകങ്ങള്‍ക്കുമുണ്ട് പ്രത്യേകത. ഒ.വി.വിജയന്റെ നോവലുകളുടെ പേരുകള്‍, അവയിലെ ചില അധ്യായങ്ങളുടെ ശീര്‍ഷകങ്ങള്‍, ചെറുകഥാ ശീര്‍ഷകങ്ങള്‍, ലേഖനങ്ങളുടെ തലക്കെട്ടുകള്‍, നോവലുകളിലെ ചില ആകര്‍ഷങ്ങളായ വാക്യങ്ങള്‍ നിന്നുള്ള ശൈലികള്‍ എന്നിവയൊക്കെയാണ് ഈ 365 അധ്യായങ്ങളില്‍ ഓരോന്നിന്റെയും ശീര്‍ഷകങ്ങളായി ഉപയോഗിക്കുന്നത്.
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സ്വദേശിയാണ് നോവലിന്റെ രചയിതാവ് എ.വി. ഫിര്‍ദൗസ്. മലയാള ഭാഷയില്‍ ഒ.വി. വിജയനെക്കുറിച്ചും അദ്ദേഹത്തിന്റെ കൃതികളെക്കുറിച്ചും നിരവധി ലേഖനങ്ങളും കുറിപ്പുകളും എഴുതിയിട്ടുണ്ട്. 2005 മാര്‍ച്ച് 30 മുതല്‍ 2018 മാര്‍ച്ച് 25 വരെയുള്ള കാലയളവിലായി കേരളത്തിലെ ആനുകാലിക പത്രങ്ങളിലും വാരാദ്യപതിപ്പുകളിലും ചെറുകിട-ഇടത്തരം പ്രസിദ്ധീകരണങ്ങളിലുമായി ഒ.വി. വിജയനെയും അദ്ദേഹത്തിന്റെ രചനകളെയും കുറിച്ച് നിരവധി ലേഖനങ്ങളും ഫീച്ചറുകളും ഫിര്‍ദൗസ് തയ്യാറാക്കിയിട്ടുണ്ട്.