പ്രളയദുരന്തബാധിതർക്ക് സഹായം അകലെ; അയൽവീടിന്‍റെ വരാന്തയിൽ കഴിയുന്ന സരസ്വതിയമ്മയുടെ ജീവിതം

പ്രളയത്തില്‍ പൂര്‍ണ്ണമായും വീട് തകര്‍ന്നവര്‍ക്ക് 4 ലക്ഷം രൂപ വീതം നല്‍കുമെന്നായിരുന്നു സര്‍ക്കാരിന്‍റെ പ്രഖ്യാപനം. പക്ഷേ, ആ വാഗ്ദാനങ്ങൾ എത്രത്തോളം നടപ്പായി? എത്ര പേർക്ക് സഹായം കിട്ടി? ഏഷ്യാനെറ്റ് ന്യൂസ് പരമ്പര തുടരുന്നു -  കര കയറാത്ത കേരളം.

the life of saraswathi who lives at neighbours veranda kara kayaratha keralam

ചെറിയനാട്: പ്രളയത്തിൽ പൂർണ്ണമായും വീട് തകർന്നവർക്ക് നാല് ലക്ഷം രൂപ വീതം നൽകുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രഖ്യാപനം. എന്നാൽ ആദ്യഗഡു പോലും കിട്ടാത്ത നിരവധി പേരുണ്ട് ചെങ്ങന്നൂർ, ചെറിയനാട്, പാണ്ടനാട് മേഖലകളിൽ. പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ച ഇവിടങ്ങളിൽ കയറിക്കിടക്കാൻ ഒരു കൂര പോലുമില്ലാതായവർ നിരവധിയാണ്.

ഇവരുടെ ജീവിതങ്ങളിലേയ്ക്ക് വീണ്ടും ക്യാമറ തിരിയ്ക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ്. അന്ന് പ്രളയം റിപ്പോർട്ട് ചെയ്ത അതേ റിപ്പോർട്ടർമാർ വീണ്ടും അന്ന് ദുരിതബാധിതരായ ജീവിതങ്ങളെ തേടിപ്പോകാൻ തീരുമാനിച്ചപ്പോൾ വീണ്ടും ചെറിയനാട്ടേയ്ക്ക് പോയതാണ് ഞങ്ങൾ. ക്യാമറാമാൻ മുബഷിറിനൊപ്പം ചെറിയനാട്ടെത്തിയപ്പോൾ കണ്ടു, സരസ്വതിയമ്മയെന്ന വൃദ്ധയെ.

ഒരു വലിയ വീടിന് മുന്നിലൊരു ചായ്പുണ്ട്. നീല ടാർപോളിൻ കെട്ടി മറച്ച ആ ചായ്പിൽ വെറും നിലത്ത് പായ വിരിച്ച് കിടക്കുകയാണ് സരസ്വതിയമ്മ. 

അവിടെ പക്ഷേ സരസ്വതിയമ്മയ്ക്ക് ഇരിപ്പുറയ്ക്കാറില്ല. കാരണം, അതല്ല സരസ്വതിയമ്മയുടെ വീട്. ഒരു പറമ്പകലെ, സരസ്വതിയമ്മയുടെ സ്വന്തം 'വീടു'ണ്ട്. മൺചുമരുകളായിരുന്ന ആ വീട് പക്ഷേ പ്രളയം ഇരച്ചുകയറിയതോടെ, ചീട്ടുകൊട്ടാരം പോലെ ഇടിഞ്ഞുവീണു. എങ്കിലും, താഴെ വീഴാതെ നിൽക്കുന്ന ഒരു ഒറ്റവാതിലുണ്ട്. അത് തള്ളിത്തുറന്ന്, ഇല്ലാത്ത വീട്ടിലേയ്ക്ക് സരസ്വതിയമ്മ എന്നും നടന്നു കയറും. പണ്ട് ഉണ്ടായിരുന്ന ആ വീട്ടിലേയ്ക്ക് കയറാറുള്ളത് പോലെത്തന്നെ. വീട് അടുക്കിയൊതുക്കി വയ്ക്കുന്നത് പോലെ, തകർന്ന് പോയവയിൽ നിന്ന് എടുക്കാവുന്നതൊക്കെ പെറുക്കിവയ്ക്കും. പണ്ട് കയ്യിലുണ്ടായിരുന്ന ഒരു തകരപ്പെട്ടി തുറക്കും. കേടാവാത്തവയൊക്കെ അതിലെടുത്ത് വയ്ക്കും. വീട് കാട് കയറാതെ നോക്കും.

''കഷ്ടപ്പെട്ടതെല്ലാം പോയി. ഇനിയൊന്നുവില്ല. ഇനി ആദ്യേനെ എന്തെങ്കിലും ഉണ്ടാക്കിയെങ്കിലേ ഒള്ളൂ. ഞങ്ങൾ അന്യോന്‍റെ വീട്ടിലാ കെടക്കുന്നേ'', സങ്കടം കനത്തുവന്ന് സരസ്വതിയമ്മ പറയുന്നു

''വെള്ളം വന്ന് വീട് ഇടിഞ്ഞു വീഴുമെന്നായപ്പോ ഞങ്ങൾ ഈ വീട്ടിലേയ്ക്കാ വന്നത്.'' തൊട്ടടുത്തുള്ള വീട് ചൂണ്ടി മകൻ സുനീഷ് പറയുന്നു. ''അപ്പോ ആ ചേട്ടൻ പറഞ്ഞു. തൽക്കാലം ഇവിടെ കയറിക്കോ. ആ ചേട്ടൻ സ്ഥലത്തില്ല. അന്ന് ആ സിറ്റൗട്ടിൽ ഞങ്ങള് കിടക്കുവായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയാണ്.'' 

''ആഗസ്റ്റ് 16ാം തീയതി ഞങ്ങളിവിടെ എത്തിയതാ. അന്ന് മുതൽ ഇന്ന് വരെ ഇതിനകത്ത് കെടക്ക്ന്നു. അവരിപ്പോ വന്ന് മാറണമെന്ന് പറഞ്ഞാ
ഞങ്ങൾക്കൊടനേ മാറിയേ പറ്റൂ. തുണി മാറാൻ പോലും ഇടമില്ല. ഞങ്ങൾക്കെന്തെങ്കിലുവൊരു വഴി തരണം.'' മുകളിലേക്ക് കൈകൾ നീട്ടി സരസ്വതിയമ്മ പറയുന്നു.

''ആദ്യം പതിനായിരം രൂപ തരുമെന്ന് പറഞ്ഞതേ കിട്ടിയിട്ടുള്ളൂ ഇതുവരെ. വീടിനായി ഒന്നും കിട്ടിയിട്ടില്ല. പ‍ഞ്ചായത്തിലും കളക്ടർക്കുമൊക്കെ അപേക്ഷ കൊടുത്തിട്ടുണ്ട്. ഇതല്ലാതെ അവരൊന്നും പറയുന്നില്ല.'' എന്ന് മകൻ സുനീഷ്.

''എന്‍റെ കുഞ്ഞ് ഇപ്പോഴും വീടിന് വേണ്ടി ഓടിക്കൊണ്ടിരിക്കുവാ. കിട്ടും കിട്ടും കിട്ടുവെന്ന് പറഞ്ഞിട്ട് ഇതുവരെയും ഒന്നും കിട്ടിയില്ല. ഇത്രയൊന്നും ഞങ്ങള് വിചാരിച്ചില്ല. ഞങ്ങള് കെടന്ന് കണ്ണുനീരോടെ കഴിയുവാ.'' സരസ്വതിയമ്മ പറഞ്ഞുനിർത്തുന്നു. 
  
ദുരിതബാധിതര്‍ക്ക് പണം ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന മറുപടി മാത്രമാണ് ചെറിയനാട് പഞ്ചായത്തും പറയുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios