കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ മരണത്തിൽ വിതുമ്പി നാട്.

കൊല്ലം: കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ മരണത്തിൽ വിതുമ്പി നാട്. മകന്റെ നിശ്ചല ശരീരത്തിന് മുന്നിൽ കണ്ണിമ ചിമ്മാതെ, കരയാതെ ഒറ്റയിരുപ്പിരിക്കുന്ന അമ്മ സുജ കണ്ടുനിൽക്കുന്നവരുടെ നെഞ്ചുപൊള്ളിക്കും. വിതുമ്പിക്കരഞ്ഞ് സുജ മകന് അന്ത്യചുംബനം നല്‍കി. മകനെ കാണാൻ ഇങ്ങനെ വരാനായിരുന്നില്ല സുജ ആ​ഗ്രഹിച്ചത്. കുടുംബത്തെ കര കയറ്റാനായി വിദേശത്തേക്ക് ജോലി തേടി പോയ സുജ 4 മാസത്തിന് ശേഷം തിരികെ വന്നത് മകന്റെ ചേതനറ്റ ശരീരത്തിന് മുന്നിലേക്കാണ്. തുർക്കിയിലേക്ക് വീട്ടുജോലിക്ക് പോയ സുജ ഇന്ന് രാവിലെയാണ് നാട്ടിലേക്ക് തിരികെയെത്തിയത്. കണ്ടുനിൽക്കാൻ കഴിയാത്ത വിധത്തിലുള്ള വൈകാരിക നിമിഷങ്ങളാണ് ഉണ്ടായത്. 

രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സുജ എത്തിയപ്പോൾ ഉണ്ടായത് വൈകാരിക രംഗങ്ങളാണ്. കുവൈറ്റിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് അമ്മ എത്തിയത്. സുജയെ കാത്ത് ബന്ധുക്കളും ഇളയമകനും വിമാനത്താവളത്തിലുണ്ടായിരുന്നു. മകനെ കണ്ട് അമ്മ അവനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. അടുത്ത ബന്ധുക്കളും സുജയെ ആശ്വസിപ്പിക്കാൻ വാക്കുകൾ ഇല്ലാതെ സങ്കടപ്പെട്ടു. പൊലീസ് സഹായത്തോടെയാണ് സുജ കൊച്ചിയിൽ നിന്നും കൊല്ലത്തേക്ക് റോഡു മാർഗം യാത്ര തിരിച്ചത്. 

17ാം തീയതി രാവിലെയാണ് സ്കൂളിൽവെച്ച് മിഥുൻ ഷോക്കേറ്റ് മരിച്ചത്. അമ്മ എത്താന്‍ വേണ്ടി മൃതദേഹം ശാസ്താംകോട്ട ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്നും 10 മണിയോടെ മൃതദേഹം സ്കൂളിൽ എത്തിച്ചു. 12 മണിവരെ സ്കൂൾ മുറ്റത്ത് പൊതുദർശനം നടന്നു. സഹപാഠികളും അധ്യാപകരും നാട്ടുകാരും അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു. തുടർന്ന് സ്കൂളിൽ നിന്നാണ് മൃതദേഹം ശാസ്താംകോട്ട വിളന്തറയിലെ വീട്ടിൽ എത്തിച്ചത്. വീട്ടിലും ആയിരക്കണക്കിന് ജനങ്ങളാണ് മിഥുനെ അവസാനമായി കാണാനെത്തിയത്.

വിങ്ങലടക്കി മിഥുന്റെ വീട്; കരഞ്ഞു തളർന്ന് മൃതദേഹത്തിനരികെ ബന്ധുക്കൾ