അമ്മയുടെ അഴുകിയ മൃതദേഹത്തോടൊപ്പം മകന്‍ കഴിഞ്ഞത് ഒരു വര്‍ഷം
സംശയം തോന്നിയ അയൽക്കാരാണ് പൊലീസിൽ പരാതി നൽകിയത്. പൊലീസെത്തി നടത്തിയ പരിശോധനയില്‍ ഫ്‌ളാറ്റിനകത്ത് നിന്ന് വൃദ്ധയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. മകനെ വിശദമായി ചോദ്യം ചെയ്യുമെന്നും സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും മാഡ്രിഡ് പൊലീസ് അറിയിച്ചു
മാഡ്രിഡ്: അമ്മയുടെ മൃതദേഹത്തോടൊപ്പം ഫ്‌ളാറ്റില്‍ ഒരു വര്‍ഷത്തോളം ജീവിച്ച് മകന്‍. സ്‌പെയിനിലെ മാഡ്രിഡിലാണ് വിചിത്രമായ സംഭവം നടന്നിരിക്കുന്നത്.
92കാരിയായ അമ്മയും 62കാരനായ മകനും മാത്രമായിരുന്നു ഫ്‌ളാറ്റിലുണ്ടായിരുന്നത്. അയല്‍ക്കാരുമായി അത്ര നല്ല ബന്ധത്തിലായിരുന്നില്ല ഇരുവരും. അതിനാല്‍ തന്നെ വൃദ്ധയെ കാണാതായതിനെ കുറിച്ച് ആരും മകനോട് വിവരങ്ങള്‍ തിരക്കിയിരുന്നില്ല.
ഏതാണ്ട് ഒരു വര്‍ഷം മുമ്പാണ് വൃദ്ധ മരിച്ചത്. എന്നാല്‍ ഇവരുടെ പേരില്‍ കിട്ടിക്കൊണ്ടിരുന്ന പെന്‍ഷന്‍ തുക മുടങ്ങുമെന്നതിനാല്‍ മകന്‍ ഇക്കാര്യം പുറത്തറിയിക്കാതിരിക്കുകയായിരുന്നു. മാസങ്ങളായി വീട്ടിനകത്ത് നിന്ന് രൂക്ഷമായ ഗന്ധം പുറത്തുവരുന്നതായി അയല്‍ക്കാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു.
ഒടുവില്‍ സംശയം തോന്നിയ അയല്‍ക്കാര്‍ തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയത്. പൊലീസെത്തി നടത്തിയ പരിശോധനയില്‍ ഫ്‌ളാറ്റിനകത്ത് നിന്ന് വൃദ്ധയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. മകനെ വിശദമായി ചോദ്യം ചെയ്യുമെന്നും സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും മാഡ്രിഡ് പൊലീസ് അറിയിച്ചു.