വാഴനാര് കൊണ്ടുളള സാനിറ്ററി പാഡുകള്‍; വില വെറും 3 രൂപ
വാഴനാരും വാഴപ്പൾപ്പും ഉപയോഗിച്ച് നിർമ്മിച്ച സാനിറ്ററി നാപ്കിൻ വിപണിയിലേക്ക്.
തൃശ്ശൂര്‍: വാഴനാരും വാഴപ്പൾപ്പും ഉപയോഗിച്ച് നിർമ്മിച്ച സാനിറ്ററി പാഡുകള്‍ വിപണിയിലേക്ക്. ഗുജറാത്തിലെ 'ശാശ്വത്' എന്ന കർഷക കൂട്ടായ്മ നിർമ്മിക്കുന്ന നാപ്കിനുകൾ ഗുജറാത്ത് സർക്കാരിന്‍റെ സഹായത്തോടെയാണ് വിപണിയിലെത്തിക്കുക. മൂന്ന് രൂപയ്ക്ക് നാപ്കിൻ വിപണിയിലെത്തിക്കാനാണ് കർഷക കൂട്ടായാമയുടെ ശ്രമം.
തൃശ്ശൂരിൽ നടക്കുന്ന വൈഗ കൃഷി മേളയിലാണ് ഇവ പ്രദർശിപ്പിച്ചിരിക്കുന്നത്. കർഷക കൂട്ടായ്മ നിർമ്മിക്കുന്ന നാപ്കിനുകൾക്ക് ഗുജറാത്ത് സർക്കാർ എല്ലാവിധ പിന്തുണയും നൽകും. 20 കർഷകരാണ് ശാശ്വതിൽ ഉള്ളത്. കഴിഞ്ഞ നാല് മാസമായി നാപ്കിനിന്‍റെ നിർമ്മാണം പുരോഗമിക്കുകയാണ്. വിലക്കുറവും ഭാരക്കുറവും കൂടുതൽ ആഗിരണ ശേഷിയുമാണ് ഇവയുടെ പ്രത്യേകത. നിലവിൽ വിപണിയിലുള്ള നാപ്കിനുകളേക്കാൾ മികച്ചവയാണിതെന്ന് നിർമ്മാതാക്കള്‍ പറയുന്നു.
വാഴനാര് കൊണ്ട് നിർമ്മിച്ച ശിൽപങ്ങളും മറ്റ് മൂല്യ വർധിത ഉൽപ്പന്നങ്ങളും ഗുജറാത്ത് ഹോട്ടിക്കൾച്ചർ മിഷന്‍റെ സ്റ്റാളിലുണ്ട്. തൃശ്ശൂരിലാണ് വൈഗ കൃഷി മേള നടക്കുന്നത്.