കേരളമേ കാണുക! ആൾക്കൂട്ട ആക്രമണത്തിൽ ശരീരവും മനസ്സും തകർന്ന വൃദ്ധനെ..

ആൾക്കൂട്ട ആക്രമണങ്ങളിൽ ജീവിതം തകർന്നവരെ പുനരധിവസിപ്പിക്കാൻ നമ്മുടെ സംവിധാനങ്ങൾക്ക് കഴിയുന്നുണ്ടോ? റോവിംഗ് റിപ്പോർട്ടർ യാത്ര തുടരുന്നു.

roving reporter continues on mob lynching series in ponnani visits dev narayanan a mob lynching victim

പൊന്നാനി: ആൾക്കൂട്ട ആക്രമണങ്ങളിൽ മരിച്ചു ജീവിയ്ക്കുന്ന ഒരുപാട് ജീവിതങ്ങൾ ഇപ്പോഴുമുണ്ട് നമ്മുടെ നാട്ടിൽ. എന്തിനെന്ന് പോലുമറിയാതെ ക്രൂരമായ മർദ്ദനങ്ങളേറ്റ് വഴിയാധാരമായിപ്പോയ ഇവരെ പുനരധിവസിപ്പിക്കാൻ നമ്മുടെ സംവിധാനങ്ങൾക്ക് കഴിയുന്നില്ല. അവരിൽ ഒരാളെയാണ് 'റോവിംഗ് റിപ്പോർട്ടർ' കണ്ടത്.

roving reporter continues on mob lynching series in ponnani visits dev narayanan a mob lynching victim

മനസ്സു നിറഞ്ഞ് ചിരിച്ച് ബംഗാളി ഗാനം പാടുന്ന ഈ വൃദ്ധനെ എവിടെയെങ്കിലും കണ്ട ഓർമയില്ലെങ്കിൽ പഴയ ഒരു ദൃശ്യം ഓർത്തു നോക്കണം. വാട്സ് ആപ്പിലും മറ്റുമായി നിങ്ങളുടെ ഫോണിലും വന്നിരിയ്ക്കാം ആ ദൃശ്യം. ഒരു വൃദ്ധനെ മുഖമില്ലാത്ത ആൾക്കൂട്ടം തലങ്ങും വിലങ്ങും തല്ലുന്നു. നിവൃത്തിയില്ലാതെ അയാൾ അലറിക്കരയുന്നു. രക്ഷപ്പെടാൻ പോലും മാർഗമില്ലാതെ ദയനീയമായി നിലവിളിയ്ക്കുന്നു.

roving reporter continues on mob lynching series in ponnani visits dev narayanan a mob lynching victim

ആ ദൃശ്യത്തിൽ നിങ്ങൾ കണ്ടയാളാണിത്. പേര് ദേവനാരായണൻ. ബംഗാൾ സ്വദേശിയാണ്. കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ എത്തിയ ആൾ - എന്നായിരുന്നു പ്രചാരണം. കണ്ടു നിന്നവരൊക്കെ തല്ലി. കൈയും കാലും കെട്ടിയിട്ട് മർദ്ദിച്ചു. 

ഒടുവിൽ പൊലീസെത്തിയാണ് മോചിപ്പിച്ചത്. ബംഗാളിലെ ഏതോ കുഗ്രാമത്തിൽ നിന്നെത്തിയ വൃദ്ധനാണ്. കുട്ടികളെ തട്ടിക്കൊണ്ടുപോകും - എന്നതൊക്കെ ആരോ മെനഞ്ഞ കഥ മാത്രം. പക്ഷേ ആൾക്കൂട്ടത്തിന്‍റെ കൈയ്യൂക്കിൽ ഈ വൃദ്ധന് നഷ്ടമായത് സ്വന്തം ജീവിതമാണ്. ഭൂതകാലത്തെക്കുറിച്ചുള്ള ഓർമകളാണ്. 

മലപ്പുറം കാളികാവ് ഹിമ കെയർ എന്ന സ്ഥാപനത്തിലാണ് ദേവനാരായണനെ ഇപ്പോൾ പാർപ്പിച്ചിരിക്കുന്നത്. ശാരീരികവും മാനസികവുമായി ഏറ്റ മർദ്ദനങ്ങളുടെ കടുത്ത ആഘാതമുണ്ട്. ഇടയ്ക്കിടെ എത്തിനോക്കി പിന്തിരിയുന്ന ഓർമകളുടെ ഇത്തിരിവെട്ടം. 

roving reporter continues on mob lynching series in ponnani visits dev narayanan a mob lynching victim

ദേവനാരായണനെ ആക്രമിച്ചവർക്ക് എന്ത് സംഭവിച്ചു?

ഇതുവരെ അറസ്റ്റിലായത് അഞ്ച് പേർ മാത്രം. ബാക്കി തിരിച്ചറിഞ്ഞ പത്ത് പേരെക്കൂടി ഇനി കിട്ടാനുണ്ട്. മാസങ്ങൾ കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിച്ചിട്ടില്ല. അന്വേഷണം പാതിവഴിയിൽ നിലച്ചു. 

നഷ്ടപ്പെട്ട ഓർമകൾ തിരിച്ചു കിട്ടിയാലേ ഈ വൃദ്ധനെ ഇനി നാട്ടിലെത്തിയ്ക്കാനാകൂ. അതു വരെ, മുഖമില്ലാത്ത ആൾക്കൂട്ടത്തിന്‍റെ തെരുവു നീതിയ്ക്കിരയായി മരിച്ചു ജീവിക്കും, ഈ മനുഷ്യൻ. 

ആൾക്കൂട്ട ആക്രമണങ്ങളുടെ ഇരകളെക്കുറിച്ച്, ഏഷ്യാനെറ്റ് ന്യൂസ് റോവിംഗ് റിപ്പോർട്ടർ നടത്തുന്ന അന്വേഷണപരമ്പര 'തെരുവുവിധിയുടെ ഇരകൾ' തുടരും.

Latest Videos
Follow Us:
Download App:
  • android
  • ios