കശ്മീരിലേക്ക് ഇപ്പോള്‍ സര്‍വകക്ഷി സംഘത്തെ അയക്കില്ലെന്നു കേന്ദ്രം

rajnath singh in kashmir

ദില്ലി: സംഘര്‍ഷം തുടരുന്ന ജമ്മു കശ്മിരിലേക്ക് ഇപ്പോള്‍ സര്‍വകക്ഷി സംഘത്തെ അയയ്‌ക്കേണ്ടതില്ലെന്നു കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. സ്ഥിതി വിലയിരുത്താന്‍ ശ്രീനഗറിലെത്തിയെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌സിംഗ് പൗരസമൂഹവുമായും രാഷ്ട്രീയകക്ഷി നേതാക്കളുമായും ചര്‍ച്ച തുടങ്ങി. പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് വിഘടനവാദികള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കും ദലയ്‌ലാമയ്ക്കും കത്തയച്ചു.

ബുര്‍ഹാന്‍ വാണിയുടെ വധത്തെത്തുടര്‍ന്ന് ജമ്മു കശ്മീരില്‍ പ്രതിഷേധം തുടങ്ങിയ ശേഷം ഇതു രണ്ടാം തവണയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ശ്രീനഗറില്‍ എത്തിയത്. ജമ്മുകശ്മീരില്‍  മുറിവുണക്കാന്‍ സാധ്യമായതെല്ലാം കേന്ദ്രം ചെയ്യും എന്ന സന്ദേശമാണ് രാജ്‌നാഥ് സിംഗ് നല്‍കുന്നത്.

എന്നാല്‍ നിയമലംഘനം ആദ്യം അവസാനിപ്പിക്കണമെന്നും രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടു. മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ രാജ്‌നാഥ് സിംഗ് അറിയിക്കും. തത്കാലം കശ്മീരിലേക്ക് സര്‍വകക്ഷി സംഘത്തെ അയയ്‌ക്കേണ്ടതില്ല എന്ന നിലപാടിലാണ് കേന്ദ്രം.

പ്രതിഷേധക്കാരെ നേരിടാന്‍ പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന ആവശ്യത്തില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ഒന്നര ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള പദ്ധതിയുടെ പ്രാഥമിക ആലോചനകളും  നടക്കും. വിഘടനവാദി നേതാക്കളെ രാജ്‌നാഥ് സിംഗ് ചര്‍ച്ചയ്ക്കു ക്ഷണിച്ചില്ല. എന്നാല്‍ ആര്‍ക്കും മന്ത്രിയെ വന്നു കാണാന്‍ തടസമില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇന്ത്യയ്ക്കും പാകിസ്ഥാനും കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുന്നില്ലെന്നും അതിനാല്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് വിഘടനവാദി നേതാവ് മിര്‍വായിസ് ഉമര്‍ ഫറൂക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പ, ദലയിലാമ, കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി തുടങ്ങിയവര്‍ക്ക് കത്തെഴുതി. 

Latest Videos
Follow Us:
Download App:
  • android
  • ios