കൈലാസ യാത്ര: രാഹുലിന് ചൈനീസ് ബന്ധമുണ്ടെന്ന് ബിജെപി, മറുപടിയുമായി കോണ്‍ഗ്രസ്
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ചൈനാ ബന്ധം ആരോപിച്ച് ബിജെപി. ബിജെപി വക്താവ് സംബിത് പത്രയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. 12 ദിവസത്തെ കൈലാസ് മാനസരോവര്‍ തീര്‍ഥാടനത്തിനായി രാഹുല്‍ പോകാനൊരുങ്ങുന്നതിനിടെയാണ് ബിജെപിയുടെ ആരോപണം
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ചൈനാ ബന്ധം ആരോപിച്ച് ബിജെപി. ബിജെപി വക്താവ് സംബിത് പത്രയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. 12 ദിവസത്തെ കൈലാസ് മാനസരോവര്‍ തീര്‍ഥാടനത്തിനായി രാഹുല്‍ പോകാനൊരുങ്ങുന്നതിനിടെയാണ് ബിജെപിയുടെ ആരോപണം.
ദോക്ലാം തര്‍ക്കസമയത്ത് ഭാരത സര്‍ക്കാറിനെ വിശ്വാസത്തിലെടുക്കാതെ രാഹുല്‍ ഗാന്ധി ചൊനീസ് അംബാസിഡറെയാണ് കണ്ടത്. ഇന്ത്യയിലെ നിരവധി ഉദ്യോഗസ്ഥരുമായി അദ്ദേഹത്തിന് ചര്‍ച്ച നടത്താനുള്ള അവസരമുണ്ടായിട്ടും ചൈനീസ് പ്രതിനിധികളെ കാണാനാണ് അദ്ദേഹം ശ്രമിച്ചത്.
ഇത്തരം നീക്കങ്ങളിലെല്ലാം രഹുല്‍ ഗാന്ധിയുടെ ചൈനീസ് ബന്ധം പ്രകടമാണ്. രാഹുലിന്‍റെ വിശ്വാസത്തെ ഞങ്ങള്‍ ചോദ്യം ചെയ്യുന്നില്ല, പക്ഷെ അദ്ദേഹത്തിന്‍റെ കുടുംബത്തിന് ചൈനയുമായുള്ള ബന്ധം മറച്ചുവയ്ക്കാനാവില്ല. ബീജിങ് ഒളിമ്പിക്സിന് സോണിയ ഗാന്ധി, റോബര്‍ട്ട് വാധ്ര, പ്രിയങ്കാ ഗാന്ധി എന്നിവരായിരുന്നു അതിഥികള്‍ എന്നതും ഓര്‍മയില്‍ വയ്ക്കണമെന്നും ബിജെപി വക്താവ് ആരോപിക്കുന്നു.
അതേസമയം രാഹുലിന്‍റെ യാത്ര മുടക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രാഹുല്‍ കൈലാസ യാത്ര നടത്തുമ്പോള്‍ ബിജെപി എന്തിനാണ് പരിഭ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല ചോദിച്ചു. മോദിക്കും പരിഭ്രമമുണ്ട് ശിവഭക്തനായ അദ്ദേഹം കൈലാസ യാത്ര നടത്തുന്നതില്‍ ബിജെപിക്ക് എന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു.
കൈലാസ യാത്രയ്ക്കായി രണ്ട് വഴികളാണുള്ളത്. നേപ്പാള്‍ വഴിയും ചൈന വഴിയുമാണത്. അതില്‍ ചൈനയിലൂടെയാണ് രാഹുല്‍ സന്ദര്‍ശനം നടത്തുകയെന്നാണ് വിവരം. ഇന്നു മുതല്‍ സെപ്തംബര്‍ 12 വരെയാണ് രാഹുലിന്‍റെ കൈലാസ യാത്ര.