പ്രളയം ബാക്കിവച്ചത്.. പാടവരമ്പത്ത് സാരിയും ടാർപ്പോളിനും മറച്ചുകെട്ടിയ ചായ്പ്പിൽ ഒരു കുടുംബം
വീട് പൂർണ്ണമായും നഷ്ടപ്പെട്ടവർക്ക് സർക്കാർ പ്രഖ്യാപിച്ച നാല് ലക്ഷം രൂപയുടെ സഹായം ഈ കുടുംബത്തിന് കിട്ടില്ല. കാരണം സർക്കാർ രേഖകൾ പ്രകാരം ഇവർക്ക് വീടുണ്ടായിരുന്നില്ല. അനധികൃതമായി വച്ച വീടിന് സർക്കാർ സഹായം കിട്ടാൻ അർഹതയില്ല. തീരാദുരിതത്തിൽ ജീവിതം തള്ളിനീക്കുന്ന ഇത്തരക്കാരെ എങ്ങനെ പുനരധിവസിപ്പിക്കുമെന്ന് അധികൃതർക്ക് വ്യക്തതയുമില്ല.
ചെങ്ങന്നൂർ: മംഗലം പാടത്തിന്‍റെ വരമ്പത്ത് ചെറിയൊരു ഷെഡ്ഡുകെട്ടിയാണ് രാജുവിന്‍റെയും കുടുംബത്തിന്‍റെയും താമസം. ഇതേ സ്ഥലത്തുതന്നെ ഇവർക്ക് പ്രളയത്തിന് മുമ്പ് ഒരു വീടുണ്ടായിരുന്നു. പ്രളയത്തില്‍ അത് പൂര്‍ണ്ണമായും തകർന്നുപോയി. പഴയ വീട് നിന്നത് മംഗലം പാടത്തായിരുന്നു. അതുകൊണ്ട് ഈ ദരിദ്രകുടുംബത്തിന് സര്‍ക്കാര്‍ സഹായവും കിട്ടില്ല. തീരാദുരിതത്തിൽ ജീവിതം തള്ളിനീക്കുന്ന ഇത്തരക്കാരെ എങ്ങനെ പുനരധിവസിപ്പിക്കുമെന്ന് അധികൃതർക്ക് വ്യക്തതയുമില്ല.
"ഞങ്ങക്ക് നല്ലൊരു കിടപ്പാടം ഇല്ല, പിള്ളാർക്ക് ഒരു അടിസ്ഥാനം ഇല്ല, അവർക്കൊരു ഭാവി ആയില്ല... ഇതൊക്കെ ആലോചിച്ച് ഞങ്ങള് രണ്ടുപേരും കൂടി വിഷമിച്ചിരുന്ന്..." കണ്ണീരിനിടെ സുശീലയുടെ വാക്കുകൾ പാതിയിൽ മുറിഞ്ഞു.
സുശീല നിർത്തിതിന്‍റെ ബാക്കി രാജു പറഞ്ഞു. "ഒരു പത്തുവർഷക്കാലം ഞാൻ വാടകയ്ക്ക് താമസിച്ചു. അവിടുത്തെ എഗ്രിമെന്‍റും കാലാവധീം ഒക്കെ കഴിഞ്ഞപ്പോ ഒരു വീട് ഞാൻ വേറെ കിട്ടാനായി പോയി... കുറച്ചു പൈസ കയ്യിലുണ്ടായിരുന്നു. ഞാൻ ജോലി ചെയ്ത് പാറമടേൽ കഷ്ടപ്പെട്ടതാ. അവസാനം രണ്ട് സെന്‍റ് സ്ഥലം വാങ്ങിക്കാൻ നോക്കി നടന്നപ്പഴാ ഈ സ്ഥലം വന്നു കണ്ടത്. നിലം ആണെന്ന് അറിഞ്ഞുകൊണ്ടു തന്നാ ഞാൻ വാങ്ങിച്ചത്. എങ്ങനേലും നമുക്ക് സർക്കാരീന്നോ, എവിടുന്നേലും ഒരു സഹായം കിട്ടി ഒരു വീടുവച്ചാ മതിയല്ലോ എന്നു വിചാരിച്ചു."
പാടത്ത് വീടു പണിയാൻ സർക്കാർ സഹായം ഒന്നും കിട്ടിയില്ല. എന്നിട്ടും അധ്വാനത്തിൽ നിന്ന് മിച്ചംപിടിച്ച്, മുണ്ടുമുറുക്കിയുടുത്ത് പാടവരമ്പത്തിന്‍റെ ഓരത്ത് ഒരു വീടുവച്ചു. നിലം നികത്തി പണിത വീടിന് കെട്ടിട നമ്പർ ഉൾപ്പെടെ രേഖകളൊന്നും കിട്ടിയില്ല. എങ്കിലും അന്നത്തേക്കുള്ള വക അധ്വാനിച്ചുണ്ടാക്കി സർക്കാർ രേഖകളിൽ ഇല്ലാത്ത വീട്ടിൽ താമസിച്ചു വരുകയായിരുന്നു രാജുവും സുശീലയും മക്കളും.അങ്ങനെയിരിക്കെ കഴിഞ്ഞ ഓഗസ്റ്റ് പതിനാറിന് വെള്ളപ്പൊക്കം ആ ജീവിതങ്ങളെ തകർത്തുകളഞ്ഞു. അവരുടെ ജീവിതത്തിലെ ഏക സമ്പാദ്യമായ വീട് പെരുവെള്ളപ്പാച്ചിലിൽ അടുത്തുള്ള കനാലിലേക്ക് മറിഞ്ഞുവീണു. ജീവനൊഴികെ ഉള്ളതെല്ലാം ഒഴുകിപ്പോയി.
വീഡിയോ റിപ്പോര്‍ട്ട് കാണാം
ക്യാമ്പിൽ നിന്ന് തിരികെയെത്തിയപ്പോൾ കിടക്കാനിടമില്ല. എന്നാലും അതിജീവിച്ചല്ലേ മതിയാകൂ, ടാർപ്പാളിനും സാരിയും മറച്ചുകെട്ടി ഒരു ചായ്പ്പുണ്ടാക്കി അതിനുള്ളിൽ ജീവിതം തുടരുകയാണ്. നല്ലൊരു മഴയോ കാറ്റോ പെയ്താൽ പാറിപ്പോകുന്ന ചായ്പ്പിനുള്ളിൽ രണ്ടും കൽപ്പിച്ച് ജീവിതം തള്ളിനീക്കുകയാണ് ഇപ്പോഴിവർ. വീട് പൂർണ്ണമായും നഷ്ടപ്പെട്ടവർക്ക് സർക്കാർ പ്രഖ്യാപിച്ച നാല് ലക്ഷം രൂപയുടെ സഹായം ഈ കുടുംബത്തിന് കിട്ടില്ല. കാരണം സർക്കാർ രേഖകൾ പ്രകാരം ഇവർക്ക് വീടുണ്ടായിരുന്നില്ല. അനധികൃതമായി വച്ച വീടിന് സർക്കാർ സഹായം കിട്ടാൻ അർഹതയില്ല.
പെരുവെള്ളം കയറിവന്നപ്പോൾ മരണത്തിന് വിട്ടുകൊടുക്കാതെ ക്യാമ്പിലേക്ക് കൊണ്ടുപോയി സംരക്ഷിച്ച വളർത്തുപൂച്ച ഇപ്പോഴും ഇവരോടൊപ്പമുണ്ട്. സങ്കടം പറഞ്ഞിരിക്കേ അടുത്തേക്കുവന്ന പൂച്ചയെ പിടിച്ച് നെഞ്ചോടടുക്കി സുശീല വിളിച്ചു... "അമ്മച്ചീടെ സുന്ദരിയേ.." പിന്നെയും കരഞ്ഞു, "നമ്മളെങ്ങനാ..? നമുക്കാരെങ്കിലും രണ്ടുസെന്‍റ് സ്ഥലോം തന്ന് ഒരു പെരേം വച്ചു തന്നിരുന്നെങ്കിലെന്ന് ഞാനെപ്പഴും..." അതും മുഴുവിപ്പിക്കാൻ സുശീലക്കായില്ല.