പ്രിയങ്കയില്‍ ഇന്ദിരാ ഗാന്ധിയെ കാണുന്നവര്‍ രാഹുലില്‍ എന്തുകൊണ്ട് ഫിറോസ് ഗാന്ധിയെ കാണുന്നില്ലെന്ന് ബിജെപി നേതാവ്
'പ്രിയങ്കയിൽ ഇന്ദിരാ ഗാന്ധിയെ കാണുന്നവർ രാഹുലിനെ എന്തുകൊണ്ടാണ് മുത്തച്ഛൻ ഫിറോസ് ഗാന്ധിയോട് സാദൃശ്യപ്പെടുത്താത്തത്. ഇന്ദിരയുടെ പേര് മാത്രം എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നത്? അവരുടെ ഭര്‍ത്താവിനെ എന്തു കൊണ്ട് അകറ്റി നിർത്തുന്നു ?-' ലോകേന്ദ്ര പരാശര്‍ ചോദിച്ചു.
ഭോപ്പാൽ: പ്രിയങ്ക ഗാന്ധിയെ മുത്തശ്ശി ഇന്ദിരയുമായി ഉപമിക്കാമെങ്കിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ മുത്തച്ഛനോട് സാദൃശ്യപ്പെടുത്താത്തതെന്തു കൊണ്ടെന്ന് ബിജെപി നേതാവ്. മധ്യപ്രദേശിലെ ബിജെപി മീഡിയ സെല്ലിന്റെ ചുമതലയുള്ള ലോകേന്ദ്ര പരാശരാണ് ഇങ്ങനെയൊരു സംശയം പ്രകടിപ്പിച്ചത്. കഴിഞ്ഞ ദിവസം വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പ്രിയങ്കയിൽ ഇന്ദിരാ ഗാന്ധിയെ കാണുന്നവർ രാഹുലിനെ എന്തുകൊണ്ടാണ് മുത്തച്ഛൻ ഫിറോസ് ഗാന്ധിയോട് സാദൃശ്യപ്പെടുത്താത്തത്. ഇന്ദിരയുടെ പേര് മാത്രം എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നത്? അവരുടെ ഭര്‍ത്താവിനെ എന്തു കൊണ്ട് അകറ്റി നിർത്തുന്നു?'- ലോകേന്ദ്ര പരാശര്‍ ചോദിച്ചു.
പൊതുതെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ പ്രിയങ്കാഗാന്ധിയെ കളത്തിലിറക്കി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ മിന്നലാക്രമണം വലിയ ചര്‍ച്ചയായിരിക്കുകയാണ്. എതിര്‍ രാഷ്ട്രീയക്കാര്‍ വരെ പ്രിയങ്കയുടെ വരവിനെ സ്വാഗതം ചെയ്തു കഴിഞ്ഞു. സഹോദരി പ്രിയങ്കയെ കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായാണ് രാഹുൽ നിയമിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വാധീന കേന്ദ്രമായ ഗോരഖ്പൂരും ഉൾപ്പെടുന്ന മേഖലയാണിത്.
ഭാരിച്ച ഉത്തരവാദിത്തമാണ് പ്രിയങ്കയ്ക്ക് ലഭിച്ചിരിക്കുന്നത്. ബിജെപിയുടെ കോട്ടയായ ഉത്തര്‍പ്രദേശിലെ മുന്നേറ്റം കോണ്‍ഗ്രസിന്‍റെ അധികാരത്തിലേക്കുള്ള പ്രയാണത്തില്‍ സുപ്രധാന വെല്ലുവിളിയാണ്.