ഉരുള്‍പൊട്ടല്‍ മേഖലകളില്‍ കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനം; ക്വാറി മാഫിയയെ സഹായിക്കുന്നെന്ന് നാട്ടുകാര്‍
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ജില്ലയുടെ മലയോരമേഖലയായ കാരശ്ശേരിയിൽ കേന്ദ്രജിയോളജിക്കൽ സർവ്വേയിലെ മൂന്നംഗ സംഘം പരിശോധനക്ക് എത്തിയത്. എന്നാൽ സന്ദർശന വിവരം പഞ്ചായത്ത് ഉദ്യോഗസ്ഥരെയോ ജനപ്രതിനിധികളെയോ അറിയിച്ചില്ലെന്നാണ് പരാതി.
കോഴിക്കോട്: ജില്ലയിലെ ഉരുൾപൊട്ടൽ മേഖലകളിൽ പഠനം നടത്താനെത്തിയ കേന്ദ്ര ജിയോളജിക്കൽ സർവ്വെ സംഘത്തിന്റെ സന്ദർശനത്തിൽ പ്രദേശവാസികൾക്ക് അതൃപ്തി. ക്വാറി മാഫിയയെ സഹായിക്കാൻ ജില്ലാ ജിയോളജി വകുപ്പ് ഇടപെട്ട് സന്ദർശനം രഹസ്യമാക്കിയെന്നാണ് ജനപ്രതിനിധികളുടെയും പരിസ്ഥിതി പ്രവർത്തകരുടെയും പരാതി.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ജില്ലയുടെ മലയോരമേഖലയായ കാരശ്ശേരിയിൽ കേന്ദ്രജിയോളജിക്കൽ സർവ്വേയിലെ മൂന്നംഗ സംഘം പരിശോധനക്ക് എത്തിയത്. എന്നാൽ സന്ദർശന വിവരം പഞ്ചായത്ത് ഉദ്യോഗസ്ഥരെയോ ജനപ്രതിനിധികളെയോ അറിയിച്ചില്ലെന്നാണ് പരാതി. ജില്ലാ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ ഇടപെട്ട് സന്ദർശനം രഹസ്യമാക്കാൻ ശ്രമിച്ചുവെന്ന് ഇവർ പറയുന്നു. ഉരുൾപൊട്ടിയ സ്ഥലങ്ങൾക്ക് സമീപമുള്ള ക്വാറികളെകുറിച്ച് പരിശോധനാസംഘം അറിയാതിരിക്കാനാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നാണ് ആക്ഷേപം.
തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ സമീപത്തെ ക്വാറികളിലും ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങളിലും പരിശോധനാ സംഘത്തെ എത്തിച്ചു. ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങളിൽ വെള്ളം ഒഴുകിപോവാനും വലിയ പാറകൾ പൊട്ടിച്ച് നീക്കം ചെയ്യാനും ഉടൻ നടപടി സ്വീകരിക്കണമെന്ന് സംഘം നിർദ്ദേശം നൽകി. കഴിഞ്ഞ പ്രളയത്തിനിടെ 25 തവണയാണ് കാരശ്ശേരി പഞ്ചായത്തിൽ വിവിധയിടങ്ങളിലായി ഉരുൾപൊട്ടലുണ്ടായത്. ചെറുതും വലുതുമായ പത്തിലധികം ക്വാറികൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ക്വാറികൾ പ്രദേശത്തുണ്ടാക്കിയ ആഘാതത്തെകുറിച്ച് പഠിക്കാൻ വിദഗ്ദ സമിതിയെ നിയോഗിക്കണമെന്ന് പഞ്ചായത്ത് നേരത്തെ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിരുന്നു.