പസഫിക്ക് റാണി; സാധാരണ വീട്ടമ്മ, പക്ഷെ മയക്കുമരുന്നു കടത്തിലെ രാജ്ഞി
ഒരു സിനിമക്കഥയെ വെല്ലുന്നതായിരുന്നു ഇവരുടെ ജീവിതം. മെക്‌സിക്കോയുടെ പസഫിക് തീരം വഴി യുഎസിലെ കലിഫോര്‍ണിയയിലേക്കു മയക്കുമരുന്നു കടത്തുന്ന സംഘത്തിന്‍റെ ബുദ്ധി കേന്ദ്രവും നിയന്ത്രണവും ഇവര്‍ക്ക് ആയതോടെയാണ് ഇവര്‍ക്ക് 'പസഫിക് റാണി'യെന്ന പേര് വീണത്
മെക്സിക്കോസിറ്റി: ലാറ്റിനമേരിക്ക, മെക്സിക്കോ പ്രദേശങ്ങളില്‍ വ്യാപിച്ചുകിടന്ന മയക്കുമരുന്ന് സാമ്രാജ്യങ്ങളുടെ കഥ ഏറെ കേട്ടിട്ടുണ്ട്. പബ്ലോ എസ്കോബര്‍ എന്ന കൊളംമ്പിയന്‍ മയക്കുമരുന്ന് രാജാവ് ശരിക്കും അമേരിക്കയ്ക്ക് തലവേദനയായിരുന്നു. അത് പോലെ കാളി കാര്‍ട്ടല്‍. ഇതിനെല്ലാം അപ്പുറത്ത് അമേരിക്കന്‍ മയക്കുമരുന്ന് അധോലോകത്ത് ഒരു രജ്ഞി ഉണ്ടായിരുന്നു. അത് മെക്സിക്കോയില്‍ നിന്നും. 'പസഫിക് റാണി'യെന്ന് വിളിക്കപ്പെട്ട സാന്ദ്ര അവില ബെല്‍ട്രാന്‍.
ഒരു സിനിമക്കഥയെ വെല്ലുന്നതായിരുന്നു ഇവരുടെ ജീവിതം. മെക്‌സിക്കോയുടെ പസഫിക് തീരം വഴി യുഎസിലെ കലിഫോര്‍ണിയയിലേക്കു മയക്കുമരുന്നു കടത്തുന്ന സംഘത്തിന്‍റെ ബുദ്ധി കേന്ദ്രവും നിയന്ത്രണവും ഇവര്‍ക്ക് ആയതോടെയാണ് ഇവര്‍ക്ക് 'പസഫിക് റാണി'യെന്ന പേര് വീണത്. മരിയ ലൂയിസ ഫെലിക്‌സ് ദമ്പതികളുടെ മകളായി 1960 ഒകേ്ടാബര്‍ 11 ന് മെക്‌സിക്കോയിലെ ബാജാ കലിഫോര്‍ണിയയിലാണ് സാന്ദ്ര അവില ബെല്‍ട്രാന്‍ ജനിച്ചത്.
പിതാവില്‍ നിന്നാണ് അധോലോകത്തേക്ക് ഇവര്‍ ചുവട് വച്ചത്. ഒരു ജേര്‍ണലിസ്റ്റ് ആകാനായിരുന്നു ആഗ്രഹം. അതിനായി മാസ് കമ്യുണിക്കേഷന്‍ പഠിക്കാന്‍ ചേര്‍ന്നു. പിതാവിന് ചില മാഫിയ ബന്ധങ്ങള്‍ ഉണ്ടായിരുന്നതും, അത് വഴി നേടിയ വന്‍ ഭൂസ്വത്തുമായിരുന്നു സാന്ദ്രയുടെ കുടുംബത്തിന്‍റെ ആസ്തി. ഇവിടെ നിന്ന് മാഫിയ ലോകത്തെ അവരുടെ ചുവട് മാറ്റം സംഭവിക്കുന്നത് 21 മത്തെ വയസിലാണ്. ഒരു ദിവസം സാന്ദ്രയെ മയക്കുമരുന്നു മാഫിയയുമായി ബന്ധമുണ്ടായിരുന്ന ഒരാള്‍ തട്ടിക്കൊണ്ടുപോയതോടെ മെക്‌സിക്കോയിലെ മയക്കുമരുന്നു ശൃംഖലയുടെ വ്യാപ്തിയും സ്വാധീനവും അവള്‍ക്ക് മനസിലായി. ഈ തടവില്‍ നിന്നും രക്ഷപ്പെട്ട് എത്തിയതോടെ തന്‍റെ ജേര്‍ണലിസ്റ്റ് ആകുക എന്ന സ്വപ്നം സാന്ദ്ര വിട്ടിരുന്നു. ഒരു മാഫിയ തലൈവി എന്നതായിരുന്നു പുതിയ സ്വപ്നം.
പഠനമുപേക്ഷിച്ച് ആ രംഗത്ത് സജീവമാവുകയായിരുന്നു. സൗന്ദര്യവും, തോക്ക് കൈകാര്യം ചെയ്യാനുള്ള കഴിവും, കാര്‍ ഓട്ടത്തിലുള്ള ആസാധ്യ കഴിവും ഉപയോഗപ്പെടുത്തിയതോടെ സാന്ദ്ര മയക്കുമരുന്ന് മാഫിയകള്‍ക്കിടയില്‍ എണ്ണപ്പെട്ട വ്യക്തിയായി. തെളിവുകള്‍ നശിപ്പിക്കാന്‍ ആസാധ്യമായ കഴിവ് ഇവര്‍ക്കുണ്ടായിരുന്നു. വര്‍ഷങ്ങള്‍ പിന്നിട്ടതോടെ സാന്ദ്ര മെക്‌സിക്കന്‍ മയക്കുമരുന്നു മാഫിയയുടെ തലപ്പത്തെത്തി. ബോട്ടുകളിലും മറ്റുമായി അമേരിക്കയിലേക്ക് വര്‍ഷങ്ങളോളം അവളുടെ സംഘാംഗങ്ങള്‍ മയക്കുമരുന്നുകള്‍ ഒളിച്ചുകടത്തി.
വിലയേറിയ മുപ്പതോളം കാറുകള്‍, 83 മാണിക്യക്കല്ലുകള്‍, 228 വജ്രങ്ങള്‍, 189 ഇന്ദ്രനീലകല്ലുകള്‍ എന്നിവ പതിച്ച ഈജിപ്ഷ്യന്‍ മമ്മി തുത്തന്‍ഖാമന്‍റെ രൂപത്തിലുള്ള തരത്തിലെ സ്വര്‍ണാഭരണം എന്നിവ സാന്ദ്ര സ്വന്തമാക്കി. മകന്‍റെ പതിനഞ്ചാം പിറന്നാളിന് ലോകത്തെ വിലയേറിയ വാഹനങ്ങളിലൊന്നായ അമേരിക്കന്‍ നിര്‍മിത സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനം 'ഹമ്മറാ'ണ് സാന്ദ്ര സമ്മാനം നല്‍കിയത്.
മകന് പോക്കറ്റുമണിയായി പ്രതിമാസം ശരാശരി 29 ലക്ഷം രൂപയാണ് നല്‍കിയിരുന്നത്. എന്നാല്‍ പൊതു ഇടങ്ങളിലെല്ലാം തന്നെ സാധാരണ വീട്ടമ്മയായാണ് സാന്ദ്ര എത്തിയിരുന്നത്. എന്നാല്‍ സാന്ദ്രയുടെ വളര്‍ച്ച എതിര്‍ സംഘങ്ങളില്‍ അസ്വസ്തതയുണ്ടാക്കി. അവര്‍ ഗ്യാംഗ് വാറിന് തുടക്കമിട്ടും. സാന്ദ്രയുടെ സഹോദരനും പല ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടു. എതിരാളികളുടെ വധശ്രമത്തില്‍ നിന്നു ഒരിക്കല്‍ സാന്ദ്ര തന്നെ ഭാഗ്യത്തിന്‍റെ പിന്‍വലത്തിലാണ് രക്ഷപ്പെട്ടത്.
2002ല്‍ ആണ് സാന്ദ്ര ഒരു മയക്കുമരുന്ന് സംഘത്തിന്‍റെ നേതൃത്വം ഉള്ളയാളാണെന്ന് ലോകം മാധ്യമ റിപ്പോര്‍ട്ടുകളിലൂടെ മനസിലാക്കുന്നത്. 50 ലക്ഷം ഡോളര്‍ മോചനദ്രവ്യമാവശ്യപ്പെട്ട് മകനെ 2002ല്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയപ്പോള്‍ ആവശ്യപ്പെ ട്ട മോചനദ്രവ്യം ഉടന്‍ കൈമാറിയതാണ് സാന്ദ്രയെക്കുറിച്ചു മെക്‌സിക്കന്‍ പൊലീസിനു സംശയങ്ങള്‍ തോന്നാന്‍ ഇടയാക്കിയത്. ഒരു വീട്ടമ്മയെ പോലെ പൊതു ഇടങ്ങളിലും രേഖകളിലും കണ്ട സാന്ദ്ര പെട്ടെന്ന് വന്‍തുക നല്‍കിയതോടെ സംശയം ഇരട്ടിച്ചു.
പ്രാഥമികാന്വേഷണം തുടങ്ങിയതിനിടെ തന്നെ സാന്ദ്ര നാടുകടക്കാന്‍ ശ്രമിച്ചു. പിന്നീട് അഞ്ചുകൊല്ലത്തോളം അജ്ഞാതവാസമായിരുന്നു. 2007 സെപ്റ്റംബര്‍ 27നാണ് കാമുകന്‍ ജുവാന്‍ ഡീഗോ എസ്പിനോസാ റാമിറസുമൊത്ത് സാന്ദ്ര കീഴട
ങ്ങി. മെക്സിക്കന്‍ പോലീസ് പിടിച്ചതാണെന്നും വാര്‍ത്തയുണ്ട്. എന്നാല്‍ കൌതുകരമായ കാര്യം മയക്കുമരുന്നു കടത്ത് സംബന്ധിച്ച് സാന്ദ്രയ്‌ക്കെതിരെ തെളിവൊന്നും ലഭ്യമല്ലാതിരുന്നതിനാല്‍ കള്ളപ്പണം വെളുപ്പിച്ച കേസിലായിരുന്നു വിചാരണ.
മെക്‌സിക്കോ ജയിലിലും സാന്ദ്രയ്ക്ക് വലിയ പ്രയാസങ്ങള്‍ ഒന്നും നേരിടേണ്ടി വന്നില്ല. ഡിസൈനര്‍ വസ്ത്രങ്ങളും സ്വര്‍ണാഭരണങ്ങളും ധരിച്ച് ജയിലില്‍ കഴിഞ്ഞ സാന്ദ്രയ്ക്ക് ഭക്ഷണവും മദ്യവും വിളമ്പാന്‍ മൂന്നു പരിചാരകരും ഒപ്പമുണ്ടായിരുന്നു. 1999 ജനുവരി മുതല്‍ 2004 മാര്‍ച്ച് വരെ കൊളംബിയയില്‍ നിന്ന് യുഎസിലേക്ക് മയക്കുമരുന്നു കടത്തിയെന്ന വിവിധ കേസുകളുടെ വിചാരണയ്ക്ക് സഹായകമാകും വിധം അവരെ അധികൃതര്‍ 2012 ഓഗസ്റ്റ് 10 ന് യുഎസിലേക്ക് നാടുകടത്തി.
എന്നാല്‍ കാമുകന്‍ ജുവാന്‍ ഡീഗോ എസ്പിനോസാ റാമിറസിന് യാത്രയ്ക്കും താമസത്തിനും മറ്റുമുള്ള ചെലവു മാത്രമേ നല്‍കിയുള്ളു എന്ന വാദം ഉയര്‍ത്തി യുഎസ് കോടതികളില്‍ സൃഷ്ടിച്ചെടുത്ത നിയമപ്പഴുതുകളില്‍ യുഎസ് അധികൃതര്‍ അവരെ മെക്‌സിക്കോയിലേക്ക് തിരിച്ചു. 2013 ഓഗസ്റ്റ് 20 ന് മെക്‌സിക്കോയില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ അവര്‍ വീണ്ടും അറസ്റ്റിലായി.
പലതവണയായി എഴു വര്‍ഷം മാത്രം തുടര്‍ന്ന ജയില്‍ജീവിതത്തിന് വിരാമമിട്ട് 2015 ല്‍ സാന്ദ്ര മോചിതയായി. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം തന്റെ ആസ്തികളിലുള്‍പ്പെട്ട 15 വീടുകള്‍, 30 സ്‌പോര്‍ട്‌സ് കാറുകള്‍, 300 ആഭരണങ്ങള്‍ തുടങ്ങിയവ തിരിച്ചുപിടിക്കാന്‍ അഭിഭാഷക സംഘത്തിനൊപ്പം നിയമവഴി തേടുന്ന വാര്‍ത്തകളിലാണ് സാന്ദ്ര പിന്നീട് ഇടംപിടിച്ചത്.