ഇപ്പോള്‍ ബുള്ളറ്റ് ട്രെയിന്‍റെ ആവശ്യമില്ലെന്ന് ഇ.ശ്രീധരന്‍
നാഗ്പൂര്‍: രാജ്യത്ത് ഇപ്പോള്‍ ബുള്ളറ്റ് ട്രെയിന്‍റെ ആവശ്യമില്ലെന്ന് ഇ.ശ്രീധരന്‍. നാഗ്പൂരില്‍ സംസാരിക്കുകയായിരുന്നു മുന്‍ ഡിഎംആര്‍സി മേധാവി. ഇപ്പോള്‍ ഇന്ത്യയ്ക്ക് ആവശ്യം ഇന്ത്യന്‍ റെയില്‍വേയുടെ ശാക്തികരണവും അടിസ്ഥന സൌകര്യ വികസനവുമാണ് വേണ്ടതെന്ന് ശ്രീധരന്‍ പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതിയായ മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തറക്കല്ലിട്ടത്. പ്രധാനമന്ത്രി മോദിയും ജപ്പാനീസ് പ്രധാനമന്ത്രി സിന്‍സോ ആബേയുമാണ് ഇത് നിര്‍വഹിച്ചത്. ഇതിന് പിന്നാലെയാണ് മെട്രോമാന്‍ ശ്രീധരന്‍റെ പ്രതികരണം.
ബുള്ളറ്റ് ട്രെയിന്‍ ഇപ്പോള്‍ രാജ്യത്ത് ഉണ്ടാകേണ്ട ശരിയായ സമയമല്ല. ഇപ്പോഴത്തെ സംവിധാനങ്ങളില്‍ കൂടുതല്‍ വേഗത കൈവരിക്കാനും, അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കാനുമാണ് ശ്രമിക്കേണ്ടത്. ഒരു ദശാബ്ദത്തിന് ശേഷം മാത്രമേ ഇന്ത്യ ബുള്ളറ്റ് ട്രെയിന്‍ സംബന്ധിച്ച് ആലോചിക്കേണ്ടതുള്ളുവെന്നാണ് ശ്രീധരന്‍ പറയുന്നത്. ജപ്പാനീസ് സഹായത്തോടെയാണ് ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ഒരുങ്ങുന്നത്.