സുപ്രീംകോടതിയെ സമീപിക്കുമെന്ന് കെ.എം.ഷാജി; 'ലഘുലേഖ ഇറക്കിയിട്ടില്ല'
ഹൈക്കോടതി വിധി പൂർണമായും പരിശോധിച്ച ശേഷം സുപ്രീംകോടതിയിലേക്കെന്ന് കെ.എം.ഷാജി. ഹർജിയ്ക്കാധാരമായ ലഘുലേഖ താൻ ഇറക്കിയതല്ല. ഹൈക്കോടതി വിധി തന്‍റെ രാഷ്ട്രീയജീവിതത്തിലെ ഏറ്റവും അപമാനകരമായതെന്നും ഷാജി.
കണ്ണൂർ: ഹൈക്കോടതി വിധിയ്ക്കെതിരെ സുപ്രീംകോടതിയെ സമീപിയ്ക്കുമെന്ന് കെ.എം.ഷാജി. പൂർണവിധി പരിശോധിച്ച ശേഷം എങ്ങനെ സുപ്രീംകോടതിയെ സമീപിക്കണമെന്ന് തീരുമാനിക്കും. വിധിയ്ക്ക് പിന്നിൽ എം.വി.നികേഷ് കുമാറിന്‍റെ വൃത്തികെട്ട രാഷ്ട്രീയക്കളിയാണെന്നും കെ.എം.ഷാജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
'അമുസ്ലിങ്ങൾക്ക് വോട്ട് ചെയ്യരുതെ'ന്ന പരാമർശമുള്ള ലഘുലേഖയെ കെ.എം.ഷാജി തള്ളി. യുഡിഎഫോ, ലീഗോ, താൻ നേരിട്ടോ അത്തരമൊരു ലഘുലേഖ ഇറക്കിയിട്ടില്ല. അങ്ങനെയൊരു ലഘുലേഖ താൻ കണ്ടിട്ടുപോലുമില്ലെന്നും ഷാജി വ്യക്തമാക്കി.
20 ശതമാനം മാത്രം മുസ്ലിംജനസംഖ്യയുള്ള മണ്ഡലമാണ് അഴീക്കോട്. അവിടെ വർഗീയപരാമർശങ്ങളടങ്ങിയ ലഘുലേഖ ഇറക്കിയതുകൊണ്ട് മാത്രം വിജയിക്കാനാകില്ല. ജനാധിപത്യപരമായാണ് താനിതുവരെ തന്‍റെ രാഷ്ട്രീയജീവിതം നയിച്ചത്. വിശ്വാസ്യത മാത്രമാണ് എന്‍റെ കൈമുതൽ.
തനിയ്ക്കെതിരെ വൃത്തികെട്ട രാഷ്ട്രീയക്കളി കളിക്കുകയാണ് എം.വി.നികേഷ് കുമാർ. ഈ ലഘുലേഖ പോലും അങ്ങനെ തട്ടിപ്പിലൂടെ ഉണ്ടാക്കിയതാണ്. ആറ് മാസമോ, അറുപത് കൊല്ലമോ മത്സരിച്ചില്ലെങ്കിലും തനിയ്ക്കൊന്നുമില്ല. പക്ഷേ, ഇത് തെറ്റെന്ന് തെളിയിക്കാതെ വെറുതെ വിടില്ല: ഷാജി പറഞ്ഞു.
എം.വി.നികേഷ് കുമാർ നൽകിയ പരാതിയിലാണ് കെ.എം.ഷാജിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നിന്ന് ബന്ധപ്പെട്ട ലഘുലേഖകൾ പിടിച്ചെടുത്തത്. ആ ലഘുലേഖകൾ ചൂണ്ടിക്കാട്ടിയാണ് നികേഷ് കുമാർ കോടതിയെ സമീപിച്ചത്. 2000 ഓളം മാത്രം വോട്ടുകൾ വിധി നിർണയിച്ച തെരഞ്ഞെടുപ്പിൽ ഫലത്തെ വർഗീയപരാമർശങ്ങളടങ്ങിയ ലഘുലേഖകൾ സ്വാധീനിച്ചെന്നായിരുന്നു ഹർജി.