ഹോമിയോ ആശുപത്രിയുടെ ടെറസില്‍ നാല് മാസമായി ഓമനയുടേയും മഞ്ജുവിന്‍റേയും ദുരിതജീവിതം
ചെങ്ങന്നൂർ പാണ്ടനാട് സ്വദേശികളായ ഓമനയും സഹോദരി മഞ്ജുവും കഴിഞ്ഞ നാലുമാസമായി കഴിയുന്നത് ഇല്ലിമലയിലെ ഹോമിയോ ആശുപത്രിയുടെ ടെറസിലാണ്. ഓമനയ്ക്കും മഞ്ജുവിനും തിരിച്ചുപോകാൻ വീടില്ല, സ്വന്തമായി ഒരിഞ്ച് ഭൂമിയില്ല. നാലുമാസം പിന്നിട്ട ദുരിതജീവിതം എന്നുതീരുമെന്നറിയാതെ തുടരുന്നു.
വാർത്തകളുടെ കുത്തൊഴുക്കിനിടയിൽ സംസ്ഥാനം സാക്ഷിയായ മഹാപ്രളയം തലക്കെട്ടുകളിൽ നിന്ന് താഴേക്കിറങ്ങി.. പക്ഷേ പ്രളയജലം ഒഴിഞ്ഞുപോയിട്ടും ദുരിതം തീരുന്നില്ല. ദുരിതത്തിൽ നിന്ന് കരകയറാനാകാത്ത നിസ്സഹായജീവിതങ്ങളിലേക്ക് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറ തുറക്കുകയാണ്. ദുരിതാശ്വാസ ക്യാമ്പിൽ ഇപ്പോഴും കഴിയുന്നത് നിരവധി പേർ. സർക്കാർ സഹായത്തിന് നിയമത്തിന്‍റെ നൂലാമാലകൾ തിരിച്ചടിയാകുന്നു. ഏഷ്യാനെറ്റ് ന്യൂസ് പരമ്പര തുടങ്ങുന്നു, 'കര കയറാത്ത കേരളം'
ചെങ്ങന്നൂർ: മഹാപ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ച പ്രദേശങ്ങളിലൊന്നാണ് ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്ക്. രണ്ടു ലക്ഷത്തിലേറെ പേരെയാണ് ചെങ്ങന്നൂരിൽ മാത്രം പ്രളയം ബാധിച്ചത്. പതിനായിരക്കണക്കിന് ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടി. സമാനതകളില്ലാത്ത ആ പ്രളയകാലത്തെ നമ്മൾ അതിജീവിച്ചിട്ട് മാസം നാല് കഴിഞ്ഞിരിക്കുന്നു. എന്നാൽ ദുരിതാശ്വാസ ക്യാമ്പുകൾ അടച്ചുപൂട്ടിയെങ്കിലും തിരിച്ചുപോകാൻ ഇടമില്ലാതെ ഇപ്പോഴും ക്യാമ്പുകളിൽ തുടരുന്ന നിരവധി പേരുണ്ട് ചെങ്ങന്നൂരിൽ. ഇനിയും കരകയറാനാകാത്ത ജീവിതങ്ങളെ തെരയുകയാണ് ഏഷ്യാനെറ്റ് ന്യൂസ്.
ചെങ്ങന്നൂർ പാണ്ടനാട് സ്വദേശികളായ ഓമനയും സഹോദരി മഞ്ജുവും കഴിഞ്ഞ നാലുമാസമായി കഴിയുന്നത് ഇല്ലിമലയിലെ ഹോമിയോ ആശുപത്രിയുടെ ടെറസിലാണ്. താമസിച്ചിരുന്ന വീട് മുങ്ങിത്താണപ്പോൾ കയ്യിലൊതുങ്ങുന്നതൊക്കെ വാരിക്കെട്ടി ഹോമിയോ ആശുപത്രിയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് വന്നു. വേറെ 28 കുടുംബങ്ങളും ഇവർക്കൊപ്പം ഉണ്ടായിരുന്നു. ബാക്കിയെല്ലാവരും പെരുവെള്ളമിറങ്ങിയപ്പോൾ വീടുകളിലേക്ക് മടങ്ങി. ഓമനയ്ക്കും മഞ്ജുവിനും തിരിച്ചുപോകാൻ വീടില്ല, സ്വന്തമായി ഒരിഞ്ച് ഭൂമിയില്ല. നാലുമാസം പിന്നിട്ട ദുരിതജീവിതം എന്നുതീരുമെന്നറിയാതെ തുടരുന്നു. "പോകാനിടമില്ലാത്തതുകൊണ്ട് ഇപ്പോഴും ഇവിടെ കഴിയുകയാണ്, നാലു മാസമായി.. ഇനിയെത്രനാൾ?" ഇതുപറഞ്ഞ് ഞങ്ങളുടെ ക്യാമറയ്ക്കുമുമ്പിൽ ഓമന തേങ്ങിക്കരഞ്ഞു.
വസ്ത്രം മാറാൻ പോലും താമസിക്കുന്ന ഹോമിയോ ആശുപത്രിയുടെ ടെറസിൽ ഇടമില്ല. ഹോമിയോ ആശുപത്രിയുടെ കക്കൂസിന് പുറകിലാണ് ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നത്. കസേരകൾ ഒന്നിനുമീതെ ഒന്നായി ഉയർത്തിവച്ച് അതിന് മീതെ തുണി വരിച്ച് ആ മറവിലാണ് ഓമനയും മഞ്ജുവും വസ്ത്രം മാറുന്നത്. പാണ്ടനാട് വെസ്റ്റിലുള്ള ഇളയ സഹോദരന്‍റെ വീട്ടിലെ ഒറ്റ മുറിയായിരുന്നു രണ്ട് കുടുംബത്തിന്‍റെയും ആശ്രയം. മുമ്പ് താമസിച്ചിരുന്ന ആ ഒറ്റമുറി ഓമനയും മഞ്ജുവും ഞങ്ങളെ കാട്ടിത്തന്നു.
തിരിച്ചുപിടിക്കാനാകാത്ത വിധം ആ വീട് നശിച്ചുപോയിരിക്കുന്നു. കാറ്റൊന്നാഞ്ഞു വീശിയാൽ വീണുപോകും എന്ന് തോന്നിക്കുന്ന ചുമരുകൾ, ദ്രവിച്ചുനിൽക്കുന്ന ഉത്തരവും തകർന്ന ഓടുകളും. പ്രളയത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന ഈ വീട്ടിലേക്ക് തിരികെ ചെല്ലാനാകില്ല. ഈ വീട് ഓമനയുടേയോ മഞ്ജുവിന്‍റേയോ പേരിലുമല്ല. അതുകൊണ്ട് നിയമപ്രകാരം ഇവർക്ക് സഹായധനം അനുവദിക്കാനാകില്ല. നിയമത്തിന്‍റെ നൂലാമാലകളുടെ പേരിൽ വാടകയ്ക്ക് വീടെടുത്തുനൽകാനും അധികൃതർ തയ്യാറായില്ല.
"സ്വന്തമായി ഒരു സെന്‍റ് ഭൂമിയെങ്കിലും ഉണ്ടായിരുന്നെങ്കിൽ... വീടില്ലെങ്കിൽ ഒരു ഷെഡ്ഡെങ്കിലും കെട്ടി ഞങ്ങൾ താമസിച്ചോളാം." കണ്ണീരുതോരാതെ ഓമനയും മഞ്ജുവും പറയുന്നു..
വീഡിയോ റിപ്പോര്‍ട്ട് കാണാം: