രുചി വൈവിധ്യങ്ങളുടെ വല്യമുത്തശ്ശി വിടവാങ്ങി; യാത്രയായത് യുട്യൂബിന്റെ സ്വന്തം 'മസ്താനമ്മ'
സമൂഹമാധ്യമങ്ങളിലൂടെ വൈറലാവാന്‍ പ്രായമൊരു തടസമല്ലെന്ന് തെളിയിച്ച്, യൂ ട്യൂബ് പാചക വിഡിയോകളിലൂടെ ശ്രദ്ധേയയായ മസ്താനമ്മ അന്തരിച്ചു. 107ാം വയസിലാണ് അന്ത്യം. ആന്ധ്ര സ്വദേശിനിയാണ് മസ്താനമ്മ.
ഗുണ്ടൂര്‍: സമൂഹമാധ്യമങ്ങളിലൂടെ വൈറലാവാന്‍ പ്രായമൊരു തടസമല്ലെന്ന് തെളിയിച്ച്, യൂ ട്യൂബ് പാചക വിഡിയോകളിലൂടെ ശ്രദ്ധേയയായ മസ്താനമ്മ അന്തരിച്ചു. നാട്ടു രീതിയിലുള്ള പാചക വീഡിയോകളിലൂടെ ഏറെ ശ്രദ്ധ നേടിയ ഈ മുത്തശ്ശിയുടെ ഓരോ വീഡിയോയും നിമിഷങ്ങള്‍ക്കകം വൈറലായിട്ടുള്ളവയായിരുന്നു. 107ാം വയസിലാണ് അന്ത്യം. ആന്ധ്ര സ്വദേശിനിയാണ് മസ്താനമ്മ.
2016 ൽ ചെറുമകൻ ലക്ഷ്മണിനും കൂട്ടുകാർക്കും വേണ്ടി വഴുതനങ്ങാ കറി തയാറാക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയതോടെയാണ് മുത്തശ്ശി താരമാകുന്നത്. 75 ലക്ഷത്തിലധികം ആൾക്കാരാണ് ആ വിഡിയോ കണ്ടത്. പിന്നീട് മുത്തശ്ശിയുടെ പാചകത്തിന്റെ പല വിഡിയോകളും യുട്യൂബില്‍ വന്നു. ഇവയെല്ലാം ഒന്നിനൊന്നു വൈറലാവുകയും ചെയ്തിരുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ 12 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് കണ്‍ട്രി ഫുഡ് എന്ന യുട്യൂബ് ചാനല്‍ നേടിയത്.
പതിനൊന്നാം വയസില്‍ വിവാഹിതയായ മസ്താനമ്മയ്ക്ക് അഞ്ച് മക്കളായിരുന്നു. ഇരുപത്തിരണ്ടാം വയസില്‍ ഭര്‍ത്താവ് മരിച്ചതോടെ അഞ്ച് മക്കളെയും ഇവര്‍ തനിച്ചാണ് വളര്‍ത്തിയത്. കടല്‍വിഭവങ്ങളിലായിരുന്നു മസ്താനമ്മയുടെ ഒട്ടേറെ രുചിക്കൂട്ടുകള്‍ ഉണ്ടാക്കിയത്. സ്വയം പരീക്ഷിച്ച് ഉണ്ടാക്കിയെടുത്തവയായിരുന്നു മസ്താനമ്മയുടെ വിഭവങ്ങള്‍ മിക്കവയും. മസ്താനമ്മ വിഭവങ്ങള്‍ക്കായുള്ള കൂട്ട് തയ്യാറാക്കുന്നതും പ്രത്യേക രീതിയില്‍ ആയിരുന്നു.
തണ്ണിമത്തൻ ചിക്കൻ കറി, കെബാബ്, ബിരിയാണി രുചിക്കൂട്ടുകൾ നിരവധി കാഴ്ചക്കാരെയാണ് നേടിയെടുത്തത്. കണ്‍ട്രി ഫുഡ് എന്ന യുട്യൂബ് ചാനല്‍ പ്രാദേശിക രുചികള്‍ മാത്രമല്ല കൈകാര്യം ചെയ്തിരുന്നത്. മസ്താനമ്മയ്ക്ക് ആദരാഞ്ജലികള്‍ സമര്‍പ്പിച്ചുള്ള വീഡിയോ കണ്‍ട്രി ഫുഡ് അപ്ലോഡ് ചെയ്തിട്ടുണ്ട്.